ad
Deshabhimani

print edition സംവിധായകൻ സെറ്റിൽ ഏകാധിപതികളല്ല...

cine
avatar
കെ എ നിധിൻ നാഥ്‌

Published on Jul 26, 2026, 12:01 AM | 3 min read

പത്തുവർഷത്തിലധികമായി മലയാളസിനിമയിൽ എഡിറ്ററായി പ്രവർത്തിക്കുന്ന കിരൺദാസ്‌ സംവിധായകനാകുന്നു. ഒപ്പം ഷാഹി കബീറിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിക്കുന്ന ‘ഉന്മാദം' തിയറ്ററിലെത്തുകയാണ്‌. പൊലീസുകാരന്റെ ജീവിതത്തെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രം 31ന്‌ പ്രേക്ഷകരിലേക്ക്‌ എത്തും. സ‍ൗഹൃദങ്ങൾകൂടിയാണ്‌ കിരൺദാസിനെ സംവിധായകനാക്കിയത്‌. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ സൃഷ്ടിക്കാൻ പോകുന്ന സാധ്യതകൾ തുടങ്ങി എഡിറ്ററിൽനിന്ന്‌ സംവിധായകനിലേക്കുള്ള യാത്രയെക്കുറിച്ച്‌ കിരൺദാസ്‌ സംസാരിക്കുന്നു.


ശുഭപര്യവസായിയായ സിനിമ


​ഷാഹി കബീറിന്റെ പതിവുസിനിമകളിൽനിന്ന് വ്യത്യസ്തമായ തിരക്കഥയാണ്‌ ഉന്മാദത്തിന്റേത്‌. ശുഭപര്യവസായിയായ അധികം സിനിമകൾ ഷാഹി എഴുതിയിട്ടില്ല. ഇത്‌ അങ്ങനെയൊരു ചിത്രമാണ്‌. പൊലീസ്‌ കഥതന്നെയാണ്‌. സിനിമ കണ്ടശേഷം പ്രേക്ഷകർക്ക്‌ സമാധാനമായി തിയറ്റർ വിട്ടുപോകാൻ കഴിയും. തിയറ്ററിനായുള്ള എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തിയ കുടുംബം, വൈകാരികത,‍ ത്രില്ലർ സ്വഭാവം എല്ലാം കടന്നുവരുന്ന ഒരു കംപ്ലീറ്റ്‌ പാക്കേജാണ്‌ ചിത്രം.

പൊലീസിലെ അന്ധവിശ്വാസം അധികം സിനിമകളിൽ പറഞ്ഞിട്ടില്ല. ഒരു പ്രത്യേക ഫയൽ തൊട്ടാൽ അപകടമുണ്ടാകുമെന്ന വിശ്വാസവും അതിനെ ചുറ്റിപ്പറ്റിയുമാണ്‌ സിനിമ. കോവിഡിനുമുന്പ്‌ മലയാളത്തിലുണ്ടായിരുന്ന പൊലീസ്‌ സിനിമകൾ അധികവും മാസ്‌ സ്വഭാവമുള്ള, ഓവർ ദ ടോപ് ചിത്രങ്ങളായിരുന്നു. എന്നാൽ,‍ കോവിഡ്‌ അനന്തരം റിയലിസ്റ്റിക്‌ പൊലീസ്‌ സിനിമകൾ വന്നു. പൊലീസ്‌ നടപടിക്രമങ്ങൾ കാണിക്കുന്ന ചിത്രങ്ങൾ കൂടുതലായി വന്നു. പൊലീസുകാരുടെ ഉള്ളിൽ സാധാരണ മനുഷ്യരുണ്ടെന്ന്‌ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയതും ഇപ്പോഴാണ്‌.

അഭിനേതാക്കളുടെ മികച്ച പ്രകടനംകൊണ്ടും സാങ്കേതികത്തികവുകൊണ്ടും സിനിമ നല്ല രീതിയിൽ വന്നിട്ടുണ്ട്‌. ട്രെയിലറിൽ കണ്ടപോലെ പല അടരുകൾ സിനിമയിലുണ്ട്‌.


ആസ്വദിക്കാനായി


​അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സിനിമയുടെ ഇപ്പോഴുള്ള സ്വഭാവം അടിമുടി മാറുമെന്നാണ്‌ കരുതുന്നത്‌. സിനിമ ഒരുക്കുന്ന രീതിയിലടക്കം മാറ്റമുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ അഭിനേതാക്കൾക്കെല്ലാം വലിയ രീതിയിൽ മാറ്റമുണ്ടാകും. അതിനാൽ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന രീതിയിൽ ഒരു സിനിമ ചെയ്തുനോക്കാമെന്ന ആഗ്രഹത്തിൽനിന്നാണ്‌ സംവിധായകനാകുന്നത്‌. പിന്നെ ഷാഹി കബീറിന്റെ തിരക്കഥ കിട്ടിയാൽ സിനിമ ചെയ്യാതെയിരിക്കേണ്ട ആവശ്യവുമില്ലല്ലോ.

എഡിറ്റർ എന്ന നിലയിൽ ഒരുപാട്‌ സംവിധായകർക്കും സാങ്കേതികപ്രവർത്തകർക്കും ഒപ്പം ജോലി ചെയ്‌തു. അവരെല്ലാവരും സിനിമ ചെയ്യാൻ പിന്തുണച്ചു. സംവിധാനം എന്ന പ്രോസസ്‌ ആസ്വദിക്കാൻ കഴിയുമെന്ന്‌ പ്രതീക്ഷിച്ചതല്ല. എഡിറ്റർ എന്നത്‌ പൂർണമായും ഒരു മുറിയിൽ അടച്ചിട്ടിരുന്ന്‌ ജോലി ചെയ്യുന്ന രീതിയാണല്ലോ. എന്നാൽ, സംവിധായകൻ എന്ന രീതിയിൽ മുന്നോട്ട്‌ പോകുംതോറും എനിക്കത്‌ ആസ്വദിക്കാൻ കഴിഞ്ഞു. 63 ദിവസം സിനിമ ചിത്രീകരിച്ചു.

സംവിധായകന്റെ ഏറ്റവും പ്രധാന കഴിവ്‌ സാങ്കേതികപ്രവർത്തകരെ തെരഞ്ഞെടുക്കുന്നതിനാലാണ്‌ എന്നാണ്‌ വിശ്വസിക്കുന്നത്‌. എഡിറ്റർ എന്ന നിലയിലുള്ള പരിചയം അതിന്‌ ഗുണകരമായി. എഡിറ്റർ എന്ന നിലയിൽ ഏത്‌ ഷോട്ടുകൾ വേണമെന്ന്‌ നേരത്തേ തീരുമാനിച്ചാണ്‌ ചിത്രീകരണം നടത്തിയത്‌. ഇത്‌ സിനിമയിൽ വരില്ല എന്നെല്ലാം നേരത്തേ തീരുമാനിച്ചിരുന്നു.

സംവിധായകനിലേക്ക്‌

ആദ്യമായി സിനിമ സംവിധാനം ചെയ്യണമെന്ന്‌ വിചാരിച്ചത്‌ ‘ഉന്മാദം’തന്നെയാണ്‌. പെട്ടെന്ന്‌ സംഭവിച്ചതാണ്‌. കഥ സംസാരിക്കുന്നതിനിടയിൽ ഷാഹി കബീർ ചെയ്‌തുനോക്കുന്നോ എന്ന്‌ ചോദിക്കുകയായിരുന്നു. ശ്രമിച്ചുനോക്കാമെന്ന്‌ ഞാനും പറഞ്ഞു. അങ്ങനെയാണ്‌ ഇതിലേക്കെത്തുന്നത്‌. എഡിറ്റ്‌ ചെയ്യുന്ന സിനിമകൾക്കിടയിൽ ചെറിയ ഇടവേളകൂടി വന്നതോടെ സംവിധാനം ചെയ്യുകയായിരുന്നു.


എഡിറ്റർ എന്ന നിലയിൽനിന്ന്‌ സംവിധായകനായപ്പോൾ വലിയ രീതിയിൽ ഗുണകരമായിട്ടുണ്ട്‌. അനാവശ്യ ഷോട്ടുകൾ ഒഴിവാക്കാനായിട്ടുണ്ട്‌. സാധാരണ 2–3 ഷോട്ടുകൾ എടുക്കും, പിന്നീട്‌ എഡിറ്ററുടെകൂടി അഭിപ്രായം എടുത്താണ്‌ ചെയ്യുക. ഞാൻതന്നെ എഡിറ്ററും സംവിധായകനുമായതിനാൽ അങ്ങനെയുള്ള പരീക്ഷണങ്ങൾ ചെയ്യേണ്ടിവന്നില്ല. ആവശ്യമായ നരേറ്റീവ്‌ ആദ്യംതന്നെ കൊണ്ടുവരാനായി.

കുഞ്ചാക്കോ ബോബൻ, 
ഷാഹി കബീർ


​സിനിമ ആലോചിച്ചപ്പോൾത്തന്നെ മനസ്സിൽ കുഞ്ചാക്കോ ബോബനെ കണ്ടിരുന്നു. അദ്ദേഹത്തിന്‌ കഥാപാത്രം കൃത്യമായിരുന്നുവെന്ന്‌ ധാരണയുണ്ടായിരുന്നു. ചാക്കോച്ചനുമായുള്ള സ‍ൗഹൃദവുമുണ്ട്‌. കഥ പറഞ്ഞപ്പോൾത്തന്നെ ഓകെ പറയുകയും ചെയ്‌തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിൽ ഞാൻ എഡിറ്ററായിരുന്നു. സിനിമയിൽ പൊലീസ്‌ രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ സഹായിയായി ഷാഹി ഉണ്ടായിരുന്നു. പിന്നീട്‌ ഷാഹി എഴുതിയ ആദ്യസിനിമ ജോസഫിന്റെ എഡിറ്റർ ഞാനായിരുന്നു. അങ്ങനെ സിനിമകൾ എഡിറ്റ്‌ ചെയ്യുന്നതിലൂടെ വളർന്ന സ‍ൗഹൃദമാണ്‌. ഷാഹി സംവിധാനം ചെയ്‌ത സിനിമകളിൽ എഡിറ്ററായി, അങ്ങനെ ഒരുമിച്ചാണ്‌ യാത്ര ചെയ്‌തത്‌. സിനിമയുടെ തിരക്കഥകൾ ചർച്ച ചെയ്യാറുണ്ട്‌.


സ‍ൗഹൃദം

സുഹൃത്തുക്കളുമായി സിനിമ ചെയ്യാനാണ്‌ ഇഷ്ടം. അപ്പോൾ ആഘോഷമായി സെറ്റ്‌ പോകും. ഓരോരുത്തരുടെയും ശേഷിയും കഴിവും നമുക്ക്‌ അറിയാം. അതുപോലെ പരസ്‌പരം അഭിപ്രായം പറയുകയും കൊടുക്കൽ വാങ്ങലുകളുമുണ്ടാകും. ഒരു ഷോട്ട്‌ ആലോചിക്കുമ്പോൾ അത്‌ കൊള്ളില്ലെന്ന്‌ അവർ പറയും. ഇ‍ൗ സംഭാഷണം വേണോയെന്ന്‌ മുഖത്ത്‌ നോക്കി ചോദിക്കാനും പറ്റും. പരസ്‌പരധാരണയുടെ പുറത്ത്‌ മാറ്റങ്ങൾ വരുത്തുകയുമൊക്കെ ചെയ്യാനാകും. ഇങ്ങനെ എല്ലാവരും ചേർന്നാണ്‌ സിനിമ ഉണ്ടാക്കുന്നത്‌. സംവിധായകർ സെറ്റിലെ ഏകാധിപതികളല്ല. സിനിമ ചെയ്യുക എന്ന പ്രക്രിയ ഇതിലൂടെയെല്ലാം എളുപ്പമാകുകയാണ്‌. അതിനാലാണ്‌ തീരുമാനിച്ചതിലും അഞ്ചുദിവസംമുന്പ്‌ ചിത്രീകരണം പൂർത്തിയാക്കാനായത്‌. ബജറ്റിൽത്തന്നെ പടം തീർന്നു.


ഉടൻ സംവിധാനമില്ല

ഉടനെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള ആലോചനയില്ല. എഡിറ്റർ എന്ന നിലയിൽ 2–3 സിനിമകളുടെ ഭാഗമാണ്‌. ഭാവന സ്റ്റുഡിയോസിന്റെ ഫഹദ്‌ ഫാസിൽ ചിത്രം കരാട്ടെ ചന്ദ്രൻ, ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമെല്ലാമുണ്ട്‌. ഉന്മാദംപോലെ സ‍ൗഹൃദത്തിന്റെ ഭാഗമായി സിനിമ വന്നാൽ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കും. ഞാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആളല്ല. അതിനാൽ തിരക്കഥ ലഭിക്കുന്നതിന്‌ അനുസരിച്ചേ സംവിധാനമുണ്ടാകൂ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌

സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങളുണ്ടായെങ്കിലും ജോലിസമ്മർദത്തിൽ മാറ്റമൊന്നുമില്ല. സാങ്കേതികവിദ്യയിലുണ്ടായ മാറ്റം സോഫ്‌റ്റ്‌വെയറുകൾ കുറച്ചുകൂടി എളുപ്പമാക്കി. സിനിമയെക്കുറിച്ച്‌ ഒരു ധാരണ നേരത്തേ കിട്ടും. നേരത്തേ ഒരുപാട്‌ പ്രോസസ്‌ കഴിഞ്ഞാലാണ്‌ ഇതിന്‌ കഴിഞ്ഞിരുന്നത്‌. എഡിറ്റർ എന്ന പ്രൊഫഷനെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. ഇപ്പോൾ ആളുകൾക്ക്‌ എഡിറ്റർമാരുടെ പേരെല്ലാം കേട്ടാൽ തിരിച്ചറിയാൻ പറ്റുന്ന സാഹചര്യമുണ്ട്‌.

​ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ സഹായം ഗുണം ചെയ്യും. ശൈലി മാറുകയാണ്‌. നമ്മൾ അതിലേക്ക്‌ അപ്ഡേറ്റാകണം. നമ്മുടെ പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിക്കുന്ന ടൂളായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗിക്കണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home