ad
Deshabhimani

ചുണ്ടന്റെ പെരുന്തച്ചൻ

karuvatta chundan making

സാബു നാരായണൻ ആചാരി നെഹ്‌റു ട്രോഫിക്കായി ഒരുക്കുന്ന കാരിച്ചാൽ ചുണ്ടന്റെ വള്ളപുരയിൽ

avatar
ഫെബിൻ ജോഷി

Published on Aug 30, 2026, 01:30 AM | 5 min read

കിഴക്കൻ മലയുടെ ഉള്ളൂറ്റിക്കുടിച്ച് കരുത്തനായ പൊന്നാഞ്ഞിലിത്തടി ജലരാജനായി പരിണമിച്ച്‌, കുട്ടനാടിന്റെ ജലപ്പരപ്പിനെ ആദ്യമായി ചുംബിക്കുമ്പോൾ കരയിൽ അയാളുണ്ടാകും, അക്ഷമനായി. ചുണ്ടൻ നീരണിയുമ്പോൾ അമരത്തും പിന്നെ അണിയത്തുമെത്തും, കൂമ്പിൽ ഒന്നു വിരലോടിക്കും. തലയുയർത്തി പരന്ന ചുണ്ടനിൽ ആദ്യ ചുവടുവയ്ക്കും. നാലുചുറ്റും ആർപ്പുവിളിക്കുന്ന ജനസഞ്ചയത്തെ കൈകൂപ്പി വണങ്ങും. ഓളപ്പരപ്പിലെ ആവേശപ്പോരുകളെ എന്നും നെഞ്ചേറ്റുന്ന ജനതയ്ക്ക് ഇത് സ്ഥിരംകാഴ്ച. അതുകൊണ്ടാണ്‌ അവർ ആ കരവിരുതിനെ കളിവള്ളങ്ങളുടെ പെരുന്തച്ചനെന്ന് വിളിക്കുന്നതും. കോഴിമുക്ക് സാബു നാരായണൻ ആചാരി. നെട്ടായങ്ങൾ ഭരിക്കുന്ന ജലരാജന്മാരുടെ സ്രഷ്ടാവിപ്പോൾ ആലപ്പുഴ കരുവാറ്റ ചുണ്ടന്റെ പണിപ്പുരയിലാണ്‌.


അച്ചൻകോവിലാറിന്റെ തീരത്തെ കരുവാറ്റ എന്ന ഗ്രാമം ഉണരുന്നതുതന്നെ ദേശത്തിന്റെ പുതിയ ചുണ്ടൻവള്ളത്തിനായി തടിയറക്കുന്ന കൊപ്പാറക്കടവും പുത്തൻ ചുണ്ടനെയും ചുറ്റിപ്പറ്റിയാണ്. കടന്നുപോകുന്നവരെല്ലാം ഒരു നിമിഷമെങ്കിലും അവിടെ ഒന്നുനിൽക്കും. കരുവാറ്റയുടെ സ്വപ്‌നം ജനിക്കുന്നതിന്‌ സാക്ഷിയാകാൻ. കോഴിമുക്ക് സാബു നാരായണൻ ആചാരിയാണ് പുത്തൻ ചുണ്ടന് ഉളികുത്തുന്നത്. കളിവള്ളങ്ങളുടെ രാജശിൽപ്പി നാരായണൻ ആചാരിയുടെ ഇളയമകൻ ഉളികുത്തുന്ന 12–ാമത്തെ ചുണ്ടൻ. നെട്ടായങ്ങളിൽ ചീറിപ്പായുന്ന കളിവള്ളങ്ങളിൽ പലതും സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും എണ്ണത്തിൽ കൂടുതൽ ദേശക്കാർ ചേർന്ന് രൂപീകരിച്ച വള്ളസമിതികളുടേതാണ്.


പുന്നമടയും അഷ്ടമുടിയും പമ്പയും മണിമലയാറുമെല്ലാം കീഴടക്കി അവരങ്ങനെ ഒഴുകിനടക്കും, പോരടിക്കും, അതിജീവിക്കും. കാരിച്ചാൽ, നടുഭാഗം, ചമ്പക്കുളം, മേൽപ്പാടം, പായിപ്പാടൻ, തലവടി... കുട്ടനാട്ടിലെ ചില സ്ഥലനാമങ്ങൾ മലയാളിയുടെ നെഞ്ചിടിപ്പേറ്റുന്ന ആവേശമായത്‌ അങ്ങനെയാണ്‌. ഓളപ്പരപ്പിലൂടെ ചീറിപ്പായുന്ന ജലരാജാക്കന്മാർ കുട്ടനാടിന്‌ വെറും ജലയാനങ്ങളല്ല; നാടിന്റെ സമൃദ്ധിയുടെയും അധ്വാനത്തിന്റെയും പാരമ്പര്യത്തിന്റെയും ജീവനുള്ള പ്രതീകങ്ങളാണ്.


സഹ്യന്റെ മക്കൾ


വള്ളത്തിന് വേണ്ട തടിയറക്കുന്ന പണിയാണ് കരുവാറ്റയിൽ പുരോഗമിക്കുന്നത്. എട്ടരയോടെ ജോലിക്കാർ ഓരോരുത്തരായി എത്തും. പിന്നാലെ മൂത്താശാരി സാബു നാരായണനും. നൂറ്റാണ്ട് പ്രായമുള്ള ആഞ്ഞിലിത്തടി പലകകളാക്കുകയാണ് പരിചയസമ്പന്നരായ വാളന്മാർ (അറക്കവാൾ ഉപയോഗിച്ച് പരമ്പരാഗതമായി തടിയറക്കുന്നവർ). തടിയുടെ മുകളിലും താഴെയുമായി നിന്ന്‌ നീളൻ അറക്കവാൾ ഒരേതാളത്തിൽ വലിച്ചാണ്‌ തടി അറക്കുന്നത്‌. കിഴക്കൻ മലയിൽ വെള്ളമൂറ്റി കടുത്ത ആഞ്ഞിലിത്തടി മനുഷ്യന് കീഴടങ്ങും. മാലിപ്പുരയ്ക്കു ചുറ്റും ആ സ്വരം വഞ്ചിപ്പാട്ടുപോലെ നിറയും. നിർദേശങ്ങളും നിരീക്ഷണവുമായി മൂത്താശാരിയും ഒപ്പംചേരും. എട്ടുമുതൽ 10 മാസംവരെ നീളുന്നതാണ് ചുണ്ടൻവള്ളങ്ങളുടെ നിർമാണം. അനുയോജ്യമായ മരം കണ്ടെത്തുകയാണ്‌ ആദ്യദ‍ൗത്യം. മുഖ്യശിൽപ്പി നേരിട്ടെത്തിയാണ്‌ മരം തെരഞ്ഞെടുക്കുന്നത്‌. മാസങ്ങളോളം നീളുന്ന അന്വേഷണത്തിനൊടുവിലാണ് ഒത്തമരം കണ്ടെത്തുന്നത്.


‘‘വെള്ളക്കെട്ടില്ലാത്ത ഉറച്ച മണ്ണിൽ വളർന്ന ആഞ്ഞിലിയാണ്‌ ഉപയോഗിക്കുക. മരത്തിന്റെ കടുപ്പത്തിനാണ്‌ പ്രാധാന്യം. മീനച്ചിൽ താലൂക്കിലെ മരങ്ങൾക്കാണ്‌ പണ്ടുമുതലേ മുൻഗണന. വളർന്ന മണ്ണിന്റെ സ്വഭാവം തടിയുടെ കാതലിൽ പ്രതിഫലിക്കുമെന്നാണ്‌ വിശ്വാസം’’– സാബു നാരായണൻ പറയുന്നു.


അമ്പതടിയോളം ഉയരത്തിൽ ശിഖരങ്ങളില്ലാതെ വളർന്ന, ഏകദേശം 100 ഇഞ്ചിനുമുകളിൽ ചുറ്റളവുള്ള തടികളാണ് ചുണ്ടൻനിർമാണത്തിനായി ഉപയോഗിക്കുന്നത്. മൂന്നോ നാലോ മരത്തിൽനിന്നായി ഏകദേശം 850 ക്യുബിക് അടി ആഞ്ഞിലിത്തടിയാണ് ചുണ്ടന്റെ ശരീരമായി മാറുന്നത്. സമയം കുറിച്ച്‌ വൃക്ഷപൂജ നടത്തി മുറിക്കും. ഇ‍ൗർപ്പവും തൊലിയും നഷ്‌ടമായാ‍ൽ മില്ലുകളിലോ വാളന്മാരുടെ കരുത്തിൽ അറുത്തോ പട്ടികയാക്കും. പിന്നാലെ കരക്കാർ ഒന്നായി മാലിപ്പുര കെട്ടിയുണ്ടാക്കി തടി അങ്ങോട്ടെത്തിക്കും. നാടിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും പേറുന്ന വള്ളത്തിനുള്ള തടിക്ക്‌ വലിയ സ്വീകരണമാണ്‌ നാട്ടുകാർ നൽകുക.


16 വർഷം, 12–ാം ചുണ്ടൻ


‘‘എനിക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ടതാണ്‌. എല്ലാം എന്റെ മക്കളല്ലേ. ഓരോ ചുണ്ടനും ഉളികുത്തി നീരണിയുന്നതുവരെ നെഞ്ചിൽ തീയാണ്‌’’– ഏറ്റവും പ്രിയപ്പെട്ട വള്ളമേതാണെന്ന ചോദ്യത്തിന്‌ സാബു നാരായണൻ ആചാരിയുടെ മറുപടി ഇങ്ങനെയാണ്‌. അച്ഛനിൽനിന്ന്‌ പഠിച്ചെടുത്ത പാഠങ്ങൾതന്നെയാണ്‌ കരുത്ത്‌. സജീവമായ കളിവള്ളങ്ങളിലെല്ലാം സാബു നാരായണൻ ആചാരിയുടെ കുടുംബത്തിന്റെ കൈയൊപ്പുണ്ട്‌. 1959 മുതൽ ചുണ്ടൻവള്ളങ്ങളുടെ ശിൽപ്പിയാണ്‌ സാബു ആചാരിയുടെ അച്ഛൻ, ചുണ്ടൻവള്ളങ്ങളുടെ രാജശിൽപ്പിയെന്ന്‌ അറിയപ്പെടുന്ന കോഴിമുക്ക് നാരായണൻ ആചാരി. കാരിച്ചാൽ ഉൾപ്പെടെ 13 ചുണ്ടൻവള്ളങ്ങളും മൂന്നു പള്ളിയോടങ്ങളും അദ്ദേഹം നിർമിച്ചു. അച്ഛനൊപ്പം സഹായികളായി നിന്നാണ്‌ മക്കളായ ഉമാമഹേശ്വരനും സാബു നാരായണനും സോമനും വള്ളങ്ങളുടെ തച്ചുശാസ്ത്രം പഠിച്ചെടുത്തത്‌.


1994ൽ നാരായണൻ ആചാരി അന്തരിച്ചതോടെ മൂത്തമകൻ ഉമാമഹേശ്വരൻ പാരമ്പര്യം ഏറ്റെടുത്തു. സഹോദരങ്ങൾതന്നെയായിരുന്നു സഹായികൾ. സംസ്ഥാന സർക്കാരിനായി നാരായണൻ ആചാരി തുടങ്ങിവച്ച അംബേദ്‌കർ ചുണ്ടന്റെ പണി പൂർത്തിയാക്കിയായിരുന്നു തുടക്കം. സാബു നാരായണൻ 2010ലാണ് ഉളികുത്തി വള്ളം പണിയുന്നത്‌. വെപ്പുവള്ളത്തിലായിരുന്നു തുടക്കം. 2012ൽ ആയാപറമ്പ് പാണ്ടിയിലൂടെ ചുണ്ടൻവള്ളത്തിന്റെ മുഖ്യശിൽപ്പിയുമായി. സെന്റ് പയസ്, തലവടി, ചെറുതന, നടുഭാഗം, വീയപുരം, മേൽപ്പാടം, ആരോമ, ആർപ്പൂക്കര, പുണ്യാളൻ നിരണം, നിർമാണം പുരോഗമിക്കുന്ന പള്ളിക്കൽ ചുണ്ടൻ, കരുവാറ്റ ചുണ്ടൻ... പട്ടിക നീളുകയാണ്‌.


കൊതുമ്പിൽനിന്ന് ചുണ്ടനിലേക്ക്


ചുണ്ടൻവള്ളത്തിന്റെ പിറവിയെക്കുറിച്ച് തലമുറകളായി പറയപ്പെടുന്ന ഐതിഹ്യമുണ്ട്. ചരിത്രരേഖകളേക്കാൾ ജനസ്മരണയിൽ നിലനിൽക്കുന്ന ആ കഥ ഇങ്ങനെയാണ്. നൂറ്റാണ്ടുകൾമുമ്പ്, നാട്ടുരാജ്യങ്ങളായ ചെമ്പകശേരിക്കും കായംകുളത്തിനും ഇടയിലെ കായൽപ്പരപ്പുകൾ നിണംവീണ്‌ ചുവന്ന കാലം.


നെട്ടായങ്ങളിൽ വള്ളംകളി ആരവമല്ല, യുദ്ധങ്ങൾ ഇരമ്പിയാർത്ത അക്കാലത്താണ്‌ ആദ്യ ചുണ്ടൻവള്ളം നിർമിക്കപ്പെട്ടതെന്നാണ്‌ കരുതിപ്പോരുന്നത്‌. ശക്തമായ കായൽപ്പടയുണ്ടായിരുന്ന കായംകുളം രാജാവിനായിരുന്നു എന്നും മേൽക്കൈ. വിജയിക്കണമെങ്കിൽ ശക്തമായ ജലയാനം നിർമിക്കണം– ചെമ്പകശേരി രാജാവിന്റെ നിർദേശമെത്തിയത്‌ അന്നത്തെ പ്രശസ്തനായ ശിൽപ്പി കൊടുപ്പുന്ന വെങ്കിടിയിൽ നാരായണൻ ആചാരിയുടെ മുന്നിലും. പരിഹാരം തേടി അലഞ്ഞ നാരായണൻ ആചാരി പുഴക്കരയിൽ ഇരിക്കുമ്പോൾ തെങ്ങിൽനിന്ന് അടർന്നുവീണ ഒരു കൊതുമ്പ് ഒഴുക്കിനൊപ്പം തെന്നിനീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു.


ആ കാഴ്ചയാണ് ചുണ്ടൻവള്ളത്തിന്റെ രൂപകൽപ്പനയ്ക്ക് വിത്തുപാകിയതെന്നാണ് കഥ. രൂപകൽപ്പനയിൽ ആകൃഷ്ടനായ രാജാവ് ഉടൻ വള്ളം നിർമിക്കാൻ ഉത്തരവിട്ടു. പിന്നീട്‌ ചെമ്പകശേരി സ്വരൂപത്തിന്റെ യുദ്ധവിജയങ്ങളുടെ നെടുംതൂണായത്രേ ഈ ജലയാനങ്ങൾ. യുദ്ധവിജയങ്ങളെ തുടർന്ന് ആചാരിക്ക്‌ ഭൂമി പതിച്ചുനൽകുകയും പട്ടും വളയും സമ്മാനിക്കുകയും ദേവനാരായണൻ എന്ന സ്ഥാനപ്പേര് നൽകുകയും ചെയ്തു. ചുണ്ടൻ പിറന്നതിന്റെയും കായൽയുദ്ധങ്ങളിൽ നിർണായകമായതിന്റെയും ഏറെ പ്രചാരത്തിലുള്ള കഥ ഇങ്ങനെയാണ്‌.


കൊടുപ്പുന്ന വെങ്കിടിയിൽ നാരായണൻ ആചാരിയിൽനിന്ന് ആരംഭിച്ചതായി വിശ്വസിക്കപ്പെടുന്ന കരവിരുതിന്റെ പാരമ്പര്യമാണ് നൂറ്റാണ്ടുകൾക്കിപ്പുറം കോഴിമുക്ക് സാബു നാരായണനിലൂടെയും തുടരുന്നത്.


ചുണ്ടന്റെ ജനനം


‘‘വള്ളത്തിന്റെ അളവും രൂപവും അമരത്തിന്റെ ഉയരവും കണക്കാക്കി നീളത്തെ എട്ടു തുല്യഭാഗങ്ങളായി വിഭജിച്ച് രൂപരേഖ തയ്യാറാക്കും. തുടർന്ന് മാവിൻപലകകൊണ്ട് അച്ചുണ്ടാക്കും. ഉള്ളളവിനനുസരിച്ച് തയ്യാറാക്കുന്ന അച്ചുകൾക്ക് ചുറ്റുമാണ് പലക ക്രമീകരിക്കുന്നത്. അസ്ഥികൂടം മനുഷ്യശരീരത്തിന് രൂപംനൽകുന്നതുപോലെ’’– നെഹ്‌റു ട്രോഫിക്കായി ഒരുങ്ങുന്ന കാരിച്ചാൽ ചുണ്ടന്റെ വള്ളപ്പുരയിലേക്കുള്ള യാത്രയിലാണ്‌ അദ്ദേഹം ഒരു ചുണ്ടന്റെ പിറവിയുടെ ബാക്കി കഥ പറഞ്ഞത്.


ഇക്കുറിയും നെഹ്റു ട്രോഫിക്കായി കാരിച്ചാലിനെ ഒരുക്കുന്ന ചുമതല സാബു നാരായണനാണ്. മാലിപ്പുര കെട്ടിയശേഷം ഉളികുത്ത് ചടങ്ങോടെയാണ് നിർമാണം തുടങ്ങുന്നത്. തലമുറകളായി കൈമാറിയ തച്ചുശാസ്ത്രവും വിശ്വാസങ്ങളും ആചാരങ്ങളും അണുവിട തെറ്റിക്കാറില്ല. അളവിൽ ചെറിയൊരു പിഴവുപോലും വള്ളത്തിന്റെ വേഗത്തെയും സ്ഥിരതയെയും ബാധിക്കും. ആശാരിയുടെ അനുഭവവും കൃത്യതയും കൂടുതൽ പരീക്ഷിക്കപ്പെടുന്ന ഘട്ടം. വള്ളം കമിഴ്‌ന്നുകിടക്കുന്ന നിലയിലാണ് നിർമാണം ആരംഭിക്കുന്നത്.


‘‘അറുത്തെടുത്ത ആഞ്ഞിലിത്തടി അഞ്ചു പലകകളായി അച്ചിൽ നിരത്തുന്നതാണ്‌ പ്രധാന ഘട്ടം. വെള്ളത്തിൽ മുട്ടിക്കിടക്കുന്ന, 100 അടിയോളം നീളംവരുന്ന ഭാഗമാണ്‌ കമിഴ്‌ന്നനിലയിൽ നിർമിക്കുക. ആദ്യം ഇരുവശങ്ങളിലും വരുന്ന മാതാവുപലകകൾ അച്ചിൽ ഉറപ്പിക്കും. പിന്നീട്‌ ഏറ്റവും അടിയിൽ വരുന്ന ഏരാവുപലക സ്ഥാപിക്കുന്നതോടെ ചുണ്ടന്റെ നട്ടെല്ല് രൂപംകൊള്ളും’’– വീയപുരത്ത് അച്ചൻകോവിലാറിന്റെ തെക്കേക്കരയിലെ വള്ളപ്പുരയിൽ, അച്ഛനൊരുക്കിയ വിസ്മയത്തിനരികെ ഇരുന്ന്‌ അദ്ദേഹം വിശദീകരിച്ചു.


മാതാവ്‌, ഏരാവ്‌ പലകകൾ സ്ഥാപിച്ചുകഴിഞ്ഞാൽ വള്ളംമലർത്തൽ ചടങ്ങാണ്. ഏകദേശം മൂന്നുമാസം ഇതിന്‌ വേണം. കമിഴ്ന്നുകിടന്നിരുന്ന വള്ളത്തെ ആർപ്പുവിളികൾക്കും ആരവങ്ങൾക്കും നടുവിൽ നൂറുകണക്കിന് ആളുകൾ ചേർന്ന്‌ ഒരേതാളത്തിൽ മലർത്തും. പിന്നീട്‌ തുഴച്ചിൽകാർ ഇരിക്കുന്ന വങ്ക്‌ പലകകളും അമരവും ചുണ്ടും ഉറപ്പിക്കും. പല ഭാഗങ്ങളിലും ആവശ്യമായ വളവ് വരുത്തേണ്ടതിനാൽ തടി സൂക്ഷ്മമായി വളച്ചുചേർക്കും. രണ്ടു കട്ടിളകൾക്കിടയിൽ തടി ഉറപ്പിച്ച് കയറുകൾ മുറുക്കിയാണ് ആവശ്യമായ വളവ് വരുത്തുന്നത്.


‘‘ബലമാണ് ചുണ്ടൻവള്ളത്തിന്റെ കരുത്ത്. പലകകൾ തമ്മിൽ ദൃഢമായി ഉറപ്പിച്ചാണ് ബലം നൽകുക. ഇതിനായി മരുതുമരത്തിൽനിന്ന്‌ ലഭിക്കുന്ന ചെഞ്ചല്യം, വെളിച്ചെണ്ണ, പഞ്ഞി എന്നിവ ചേർത്ത് അരച്ചുണ്ടാക്കുന്ന മെഴുകുരൂപത്തിലുള്ള പ്രത്യേക പശയാണ്‌ ഉപയോഗിക്കുക. ഇരുമ്പിന്റെയും ചെമ്പിന്റെയും ആണികൾ അടിച്ച് പലകകൾ ദൃഢമായി ഉറപ്പിക്കും.’’– സാബു നാരായണന്റെ വാക്കുകൾ.


മിനുക്കുപണിയുടെ ഭാഗമായി അമരവും ചുണ്ടും സ്ഥാപിച്ച്‌ ഇരുവശത്തുമുള്ള തടിയുടെ കനം ഒരുപോലെയാക്കി സൂക്ഷ്മമായി ചെത്തിമിനുക്കും. മഞ്ഞളും വെളിച്ചെണ്ണയും പുരട്ടി മേനി മിനുക്കിയശേഷം കുമിളകളും കൂമ്പും സ്ഥാപിച്ച് നീരണിയലിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും. പ്രാർഥനകൾക്കും ആചാരങ്ങൾക്കുംശേഷം തുഴയും പങ്കായവും ഇടിയനും മുഖ്യശിൽപ്പി ഉടമകൾക്ക് കൈമാറും. കരക്കാർ ചേർന്ന്‌ പച്ചമടൽ വിരിച്ച്‌ ചുണ്ടനെ വെള്ളത്തിൽ ഇറക്കും. ജലം തൊടുന്ന നിമിഷം ആഞ്ഞിലിത്തടി പൂർണാർഥത്തിൽ ചുണ്ടൻവള്ളമായി മാറും.


പുതിയ കാലം, പുതിയ രീതി


‘‘രണ്ടായിരത്തിനുശേഷം വലിയ മാറ്റമാണ്‌ വള്ളം നിർമാണമേഖലയിലുണ്ടായത്‌. മത്സരങ്ങളുടെ നിബന്ധനകൾ ഏകീകരിച്ചു. തുഴച്ചിലിന്‌ പ്രൊഫഷണലായി കൂടുതൽ വേഗം കൈവന്നതോടെ അടിസ്ഥാനഘടനയിൽ ഉൾപ്പെടെ മാറ്റം. എല്ലാ ശിൽപ്പികളും ഒരുപോലെ അംഗീകരിച്ചാണ്‌ മാറ്റങ്ങൾ വരുത്തിയത്‌.’’ മുമ്പ്‌ ‘വി’ ആകൃതിയിലാണ്‌ വള്ളങ്ങളുടെ ഹൾ നിർമിച്ചിരുന്നത്‌. പുതിയവ കൂടുതൽ വീതിയിലും അടിപ്പരപ്പിലുമാണ്‌ നിർമിക്കുന്നത്‌. കൂടുതൽ വേഗം ലഭിക്കുന്നതിനാണ്‌ ഇ‍ൗ മാറ്റങ്ങൾ. ‘‘120 മുതൽ 130 അടിവരെയാണ്‌ പുതിയ ചുണ്ടൻവള്ളങ്ങളുടെ നീളം. 85 വരെ തുഴക്കാരും അഞ്ചു പങ്കായക്കാരും ഏഴുമുതൽ അഞ്ചുവരെ താളക്കാരുമാണ്‌ വള്ളത്തിലുണ്ടാകുക. ഇ‍ൗ നിയമങ്ങളെല്ലാം ഏകീകരിച്ചാണ്‌ പുതിയ മത്സരങ്ങൾ. എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ട്‌ മുന്നോട്ടുപോകണം. ഇ‍ൗ മേഖലയിലേക്ക്‌ പുതിയ തലമുറ എത്തുന്നില്ലെന്നതാണ്‌ സങ്കടം’’– സാബു നാരായണൻ പറഞ്ഞുനിർത്തുന്പോൾ ഹൃദയപ്പരപ്പിൽ ഓർമകളുടെ ഓളംവെട്ടൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home