മരങ്ങൾ പൂക്കുന്ന ഹൃദയം

shaju

മാങ്കോസ്റ്റിൻ ചുവട്ടിൽ ഷാജു- ഫോട്ടോ: സനൂപ്‌ സാം

avatar
സാജൻ എവുജിൻ

Published on Jul 20, 2025, 03:22 PM | 4 min read

ബഹിരാകാശ ഗവേഷണ മേഖലയിൽ നാല്‌ പതിറ്റാണ്ട്‌ സേവനമനുഷ്‌ഠിച്ചപ്പോഴും ഷാജു മണ്ണിലേക്ക്‌ നോക്കിയിരുന്നു. തലച്ചോറ്‌ ഐഎസ്‌ആർഒയിലും ഹൃദയം മണ്ണിലും മരങ്ങളിലും എന്നതായിരുന്നു അവസ്ഥ. വിരമിച്ചശേഷം മരങ്ങൾക്കും മണ്ണിനുമായി ജീവിതം പൂർണമായി സമർപ്പിക്കാൻ ഒട്ടും സംശയിക്കേണ്ടിവന്നില്ല. ഐഎസ്‌ആർഒ എൻജിനിയറായി വിരമിച്ചപ്പോൾ കിട്ടിയതത്രയും അദ്ദേഹം വനഭൂമിക്കായി നിക്ഷേപിച്ചിരിക്കുകയാണ്‌. തിരുവനന്തപുരം നഗരത്തിലെ സൗകര്യപ്രദമായ ജീവിതം ഉപേക്ഷിച്ച് 35 കിലോമീറ്റർ അകലെ കാരേറ്റിനു സമീപം പുളിമാത്ത്‌ പഞ്ചായത്തിലെ കുറ്റിമൂട്ടിൽ ഒന്നരയേക്കർ റബർതോട്ടം വാങ്ങി വനഭൂമിയാക്കി മാറ്റി. അപൂർവ ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും അടക്കം നൂറുകണക്കിന്‌ സസ്യങ്ങൾ ഷാജുവിന്റെ വനഭൂമിയിൽ പരിലസിക്കുന്നു. ഇത്തവണ സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ഇപ്പോൾ ഷാജു ജീവിക്കുന്നതും നിക്ഷേപിക്കുന്നതും തനിക്കോ കുടുംബത്തിനോ വേണ്ടിയല്ല, നാടിനും ഭാവിതലമുറകൾക്കും വേണ്ടിയാണ്‌. കർമഫലമായി നാട്ടുകാർ അദ്ദേഹത്തിന്‌ നാൽപ്പാമരം ഷാജു എന്ന പേരും നൽകിയിട്ടുണ്ട്‌. അരയാൽ, പേരാൽ, അത്തി, ഇത്തി എന്നീ മരങ്ങൾ ചേരുന്നതാണല്ലോ നാൽപ്പാമരം. ആയുർവേദ ഔഷധമായ നാൽപ്പാമരം ഈ മരങ്ങളുടെ മിശ്രിതമാണ്‌. പ്രകൃതിയെ പ്രണയിച്ച് ജീവിതം അർഥപൂർണമാക്കുന്ന ഷാജുവിന്‌ ഇതിൽപ്പരം യോജിക്കുന്ന വിശേഷണമില്ല.


shaju


മട്ടുപ്പാവിലെ തോട്ടക്കാരൻ


മട്ടുപ്പാവിലും അനേകയിനം വൃക്ഷങ്ങളുടെ തോട്ടം സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന്‌ തെളിയിച്ച വ്യക്തിയുമാണ്‌ തിരുവനന്തപുരം നഗരത്തിലെ മരുതൂർകടവ്‌ സ്വദേശിയായ വി ഷാജു. പതിനഞ്ചാം വയസ്സിൽ ചങ്ങാതിയോടൊപ്പം നടത്തിയ യാത്രയിൽ വനം ഷാജുവിന്റെ മനസ്സിൽ കുടിയേറിയതാണ്‌. സസ്യജാലങ്ങളുടെ വൈവിധ്യം കൗമാരഹൃദയത്തെ ആകർഷിച്ചു. കഴിയുന്നത്ര മരങ്ങൾ നട്ടുവളർത്തണമെന്ന്‌ ആഗ്രഹിച്ചു. ഈ മോഹം സഫലമാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. സ്‌കൂൾ വിദ്യാർഥിനിയായിരിക്കെ മകൾ മമത ഷാജുവിനോട്‌ ചോദിച്ച സംശയമാണ്‌ ഇതിലേക്ക്‌ നയിച്ചത്‌. നഗരത്തിൽ നാല്‌ സെന്റ്‌ സ്ഥലത്തെ വീട്ടിൽ ജനിച്ചുവളർന്ന മമതയ്‌ക്ക്‌ കൃഷിയെക്കുറിച്ചൊന്നും ധാരണയില്ലായിരുന്നു. അരി ഏതു മരത്തിൽനിന്നാണ്‌ ഉണ്ടാകുന്നതെന്ന്‌ ഒരിക്കൽ മമത ചോദിച്ചത്‌ ഷാജുവിന്റെ മനസ്സിൽ കുറ്റബോധത്തിന്‌ ഇടയാക്കി.


തൊഴിലാളികുടുംബാംഗമായ തന്റെയും കർഷകകുടുംബത്തിൽ ജനിച്ച ജലജകുമാരിയുടെയും മകൾക്ക്‌ നെൽക്കൃഷിയെക്കുറിച്ച്‌ അറിവില്ലെന്നത്‌ വലിയ കുറവായി കണ്ടു. പുതിയ തലമുറ പ്രകൃതിയെക്കുറിച്ച്‌ മതിയായ വിവരങ്ങൾ ലഭിക്കാതെ വളരുന്നതിന്റെ അപകടം ബോധ്യപ്പെട്ടു. ഈ അവസ്ഥയ്‌ക്ക്‌ തന്നാൽ കഴിയുന്ന പരിഹാരം എന്നവിധം വീട്ടിന്റെ മട്ടുപ്പാവിൽ ചട്ടികളിൽ ഞാറ് നട്ടു. മറ്റ്‌ സസ്യങ്ങളും വളർത്തി. ചുരുങ്ങിയ കാലത്തിനുള്ളിൽ ഡസൻകണക്കിന്‌ ചട്ടികളിൽ പലതരം മരങ്ങൾ അവിടെ തലപൊക്കി. സിമന്റ്‌ മിശ്രിതംകൊണ്ടുള്ള ചട്ടികൾ സ്വന്തമായി നിർമിച്ചു. കണിക്കൊന്നമുതൽ വൻവൃക്ഷങ്ങളായി വളരേണ്ട മരങ്ങൾവരെ മട്ടുപ്പാവിൽ കുഞ്ഞന്മാരായി പാകപ്പെട്ടു. ചെറിയ തെങ്ങുപോലും വളർത്തിയെടുത്തു. അതിനുയോജിച്ച പരിപാലനരീതി ഷാജു സ്വയം ആവിഷ്‌കരിച്ചു. ബോൺസായി വളർത്തൽ എന്ന വാണിജ്യശൈലിയിലേക്ക്‌ അദ്ദേഹം നീങ്ങിയില്ല; വെട്ടിമുറിക്കലോ വരിഞ്ഞുമുറുക്കലോ നടത്താതെയാണ്‌ മരങ്ങളുടെ വളർച്ചയിൽ ഇടപെട്ടത്‌. അലങ്കാരച്ചെടികൾ പൂർണമായും ഒഴിവാക്കി; സാമ്പത്തികനേട്ടത്തിനായി ഒന്നും ചെയ്‌തില്ല. ഒറ്റ ചെടിയും വിറ്റില്ല.


Barrel coconutബാരൽ തെങ്ങ്‌


വെല്ലുവിളികൾ ചില്ലറയല്ല


കുഞ്ഞൻ കണിക്കൊന്ന പൂത്തുലഞ്ഞത്‌ ഇതിനിടെ ‘ദേശാഭിമാനി’യിൽ വാർത്തയായി. ഇരുപത്‌ വർഷം മുമ്പായിരുന്നു അത്‌. ഇതോടെ പ്രമുഖരായ പലരും ഷാജുവിന്റെ മട്ടുപ്പാവ്‌ തോട്ടം സന്ദർശിക്കാനെത്തി. സസ്യശാസ്‌ത്ര അധ്യാപകരും വിദ്യാർഥികളും ആയുർവേദ പണ്ഡിതരുമെത്തി. ജോലികഴിഞ്ഞുള്ള സമയം ഷാജു തോട്ടം പരിപാലിക്കാനായി വിനിയോഗിച്ചു. രാജ്യമെമ്പാടും യാത്രചെയ്‌ത്‌ അപൂർവ സസ്യയിനങ്ങളെ ഇവിടേക്ക്‌ കൊണ്ടുവന്നു. മുപ്പതിൽപ്പരം പ്രാവശ്യം അഗസ്‌ത്യകൂടം കയറി. അഞ്ച്‌ തവണ ഹിമാലയൻമേഖലകളിലേക്ക്‌ പോയി. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ശേഖരിച്ച ചെടികൾ ഷാജുവിന്റെ വാത്സല്യം നിമിത്തം കേരളത്തിലെ കാലാവസ്ഥയിൽ വളർന്നു. വെല്ലുവിളികളും പ്രതിബന്ധങ്ങളും ചില്ലറയായിരുന്നില്ല. കീടങ്ങളുടെ ആക്രമണം തടയാനും ഓരോ ചെടിക്കും വേണ്ട രീതിയിൽ ജലലഭ്യത ഉറപ്പാക്കാനും തനത്‌ മാർഗങ്ങൾ അവലംബിച്ചു. താൻ ദീർഘയാത്ര പോകുമ്പോൾ തോട്ടത്തിലെ മരങ്ങൾക്ക്‌ മുടങ്ങാതെ വെള്ളം ലഭ്യമാക്കാൻ ട്യൂബ്‌ വഴിയുള്ള ജലസേചന സംവിധാനം ഒരുക്കി. പരിചിതമല്ലാത്ത കാലാവസ്ഥ ചില സസ്യങ്ങളെ തളർത്തിയപ്പോൾ അവയെ കുഞ്ഞുങ്ങളെപ്പോലെ പരിചരിച്ചു. രോഗബാധകൾ മറികടക്കാൻ വിദഗ്‌ധരുടെ സഹായം തേടുകയും പ്രതിസന്ധികൾ മറികടക്കുകയും ചെയ്‌തു. അത്തിയുടെ സമീപം ഇത്തി വച്ചാൽ അത്തി ശരിയായി വളരില്ലെന്ന പാഠവും പ്രായോഗികമായി തിരിച്ചറിഞ്ഞു. വർഷങ്ങൾ പിന്നിട്ടപ്പോൾ മട്ടുപ്പാവിലെ തോട്ടം പ്രകൃതിസ്‌നേഹികൾക്കും സസ്യശാസ്‌ത്ര വിദ്യാർഥികൾക്കും അനൗപചാരിക സർവകലാശാലയായി മാറി. സസ്യങ്ങളെ പരിപാലിക്കാനുള്ള പല അറിവുകളും ഷാജുവിന്‌ ലഭിച്ചത്‌ സമാനമനസ്‌കരിൽനിന്നാണ്‌.


palm trees gardenഷാജുവിന്റെ നാൽപ്പാമരത്തോട്ടം


കാനനമാക്കി റബർതോട്ടം


ഔദ്യോഗികജീവിത കാലാവധി തീരാറായപ്പോഴാണ്‌ ഷാജു ഏറ്റവും നിർണായക തീരുമാനം എടുത്തത്‌. മട്ടുപ്പാവിൽനിന്ന്‌ തോട്ടത്തെ മണ്ണിലേക്ക്‌ മാറ്റണം; വനപ്രകൃതി രൂപപ്പെടുത്തി മധ്യേ പാർക്കണം. യോജിച്ച സ്ഥലം തേടിയുള്ള തിരച്ചിൽ ഒടുവിൽ പുളിമാത്തിലെത്തി. ഒന്നരയേക്കർ സ്ഥലത്തു നിന്ന റബർതോട്ടം വെട്ടിമാറ്റി നൽകാമെന്ന്‌ അന്നത്തെ ഉടമ സമ്മതിച്ചശേഷമാണ്‌ ഷാജു വാങ്ങാൻ തയ്യാറായത്‌. ജോലിയിൽനിന്ന്‌ പിരിഞ്ഞശേഷവും വിശ്രമമില്ലാത്ത നാളുകളായിരുന്നു. മരുതൂർകടവിലെ വീട്ടിന്റെ മട്ടുപ്പാവിലും വളപ്പിലും വളർന്നുനിന്ന മരങ്ങളെയും ചെടികളെയും പൂർണമായും പുതിയ ഇടത്തേക്ക്‌ മാറ്റി. വളക്കൂറുള്ള മണ്ണിൽ മരങ്ങൾ കാണെക്കാണെ കരുത്തോടെ വളർന്നു. പരിസ്ഥിതിക്ക്‌ ഇണങ്ങിയ രീതിയിൽ വീടും പണിതു. കൈത്തോടും കുളവും പുനഃസൃഷ്ടിച്ചു; നീരൊഴുക്ക്‌ തടസ്സപ്പെട്ട നിലയിലായിരുന്നു റബർതോട്ടം. ഇപ്പോൾ ആയിരത്തിൽപ്പരം സസ്യങ്ങൾ ഇവിടെ ഹരിതശോഭയോടെ തല ഉയർത്തി നിൽക്കുന്നു. 40 ഇനം മാവും പ്ലാവും 30 ഇനം തുളസിയുമുണ്ട്‌. വൈവിധ്യമാർന്ന മുളകളുമുണ്ട്‌.


Codariocalyx motoriusരാമനാമ പച്ച


ബോധിവൃക്ഷം, കുന്തിരിക്കം, കായച്ചെടി, എല്ലൂറ്റി, രുദ്രാക്ഷമരം, മെതിയടി നിർമിക്കാൻ ഉപയോഗിക്കുന്ന കരിനൊട്ട, ജലസ്‌തംഭിനി, ഇടംപിരി വലംപിരി, മൗവ, കരിമരം, കരിവേലം, കായാമ്പൂ, കർപ്പൂരമരം, നീലക്കടമ്പ്‌, ഇലിപ്പ, പെരുംകുമ്പ, പാതിരി, ചങ്ങലംപരണ്ട, ഉങ്ങ്‌, വയ്യംകത, പശിയടക്കി, സോമലത, നാഗദന്തി, സമുദ്രക്കായ, പുത്രൻജീവ, മഹാവില്വം, പേരാൽ, അരയാൽ, അത്തി, ഇത്തി, ബാലു ജഡാലു, വിഷനാരായണി, ശിംശിപ, പവിഴമല്ലി എന്നീ ‘താരങ്ങൾ’ ഷാജുവിന്റെ തോട്ടത്തിലുണ്ട്‌. ബൈബിളും ഖുർആനും എഴുതിസൂക്ഷിച്ചിരുന്നെന്ന്‌ പറയപ്പെടുന്ന ഓട്ടോഗ്രഫ്‌ ചെടിയും ഇവിടെ കാണാം. വൈക്കം മുഹമ്മദ്‌ ബഷീറിന്‌ പ്രിയപ്പെട്ട മാങ്കോസ്‌റ്റിൻ മരം, മാധവിക്കുട്ടിയുടെ ഭാവനകളെ ഉണർത്തിയ നീർമാതളം തുടങ്ങിയ വൃക്ഷങ്ങളും തോട്ടത്തെ ആകർഷകമാക്കുന്നു. കൊയ്‌ന, രക്തചന്ദനം, കാഞ്ഞിരം, ഏഴിലംപാല തുടങ്ങിയവയുമുണ്ട്‌. എത്ര ആഴത്തിലുള്ള മുറിവും ഭേദമാക്കുന്ന പെൻസിലിൻ ചെടിയും എലികളെ അകറ്റുന്ന എലിച്ചുഴിയും ഇവിടെ കാണാം. നൂറുവർഷം മുമ്പ്‌ നാട്ടിൽ വ്യാപകമായി വളർന്നിരുന്ന കറിവേപ്പിലയും ഈ തോട്ടത്തിൽ ശേഷിക്കുന്നു. ഒറ്റ തുള്ളി വെള്ളമോ മറ്റ്‌ പരിചരണമോ ആവശ്യമില്ലാത്ത ചെടിയും ഇവിടെ കാണാം. ഈ ചെടി അന്തരീക്ഷത്തിൽനിന്ന് വേണ്ടത്‌ സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്‌.




ചുരുങ്ങിയ ഇടത്ത്‌ ഇത്രയും വൈവിധ്യമാർന്ന ഇനങ്ങൾ ഉൾക്കൊള്ളുന്ന തോട്ടം ഒരുക്കിയതാണ്‌ വനമിത്ര പുരസ്‌കാരത്തിനായി ഷാജുവിനെ തെരഞ്ഞെടുക്കാൻ കാരണമെന്ന്‌ വനംവകുപ്പ്‌ അധികൃതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. പാങ്ങോട്‌ സൈനികക്യാമ്പിലേക്ക്‌ തന്നെ ക്ഷണിച്ചുകൊണ്ടുപോയി രുദ്രാക്ഷമരത്തിന്റെ തൈ നടീച്ചതും കേരള ഗവർണറായിരുന്ന ആർ എസ്‌ ഗവായ്‌, ഭാര്യ കമൽതായ്‌ ഗവായ്‌ എന്നിവർ മട്ടുപ്പാവിലെ തോട്ടം സന്ദർശിച്ചതും അവിസ്‌മരണീയമായി ഷാജു കരുതുന്നു. ഇതിനുപുറമെ പുളിമാത്ത്‌ പഞ്ചായത്തിലെ കർഷകക്കൂട്ടായ്‌മ തെങ്ങുംകോണം എന്ന സ്ഥലത്ത്‌ തരിശായി കിടന്ന പാടത്ത്‌ രണ്ടേക്കറിൽ നെൽക്കൃഷിയിറക്കിയതിനും ഷാജു നേതൃത്വം നൽകി. ഇവിടെയിപ്പോൾ പലതരം കൃഷികൾ നടക്കുന്നു. ദേശാടനപക്ഷികളുടെ ഇഷ്ടതാവളമായി ഈ കേന്ദ്രം മാറിയിട്ടുണ്ട്‌. തന്റെ ഇഷ്ടമേഖലയെക്കുറിച്ച്‌ സ്‌കൂളുകളിലും കോളേജുകളിലും ഉൾപ്പെടെ ക്ലാസെടുക്കാനും ഷാജു സമയം കണ്ടെത്തുന്നു. ഷാജുവിന്റെ ഈ യാത്രയിൽ പൂർണ പിന്തുണയുമായി എജിസ്‌ ഓഫീസ്‌ ജീവനക്കാരിയായ ഭാര്യ ജലജകുമാരി ഒപ്പമുണ്ട്‌. മകൾ മമത എൽഎൽബി വിദ്യാർഥിനിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home