ad
Deshabhimani

​ഗുഹാ മനുഷ്യൻ

caveman

തോമസ്‌ ചെരിയമ്പുറം

avatar
​വിനോദ്‌ പായം

Published on Feb 22, 2026, 11:34 AM | 3 min read

ഒരാൾ എത്രത്തോളം സാഹസികനാകും എന്നതിന്റെ ഒരുത്തരമാണ്‌ പയ്യന്നൂർ പെരുവാന്പയിലെ തോമസ്‌ ചെരിയമ്പുറം. കോവിഡ്‌ കാലം എല്ലാവരെയും വീട്ടിൽ പൂട്ടിയിട്ടപ്പോൾ അദ്ദേഹം ഭൂമിയിലേക്ക്‌ തിരിഞ്ഞുനടന്നു. ഭൂമിയുടെ അകത്തളം മറ്റൊരു വീടുപോലെ തുരന്നുണ്ടാക്കി, അസ്സൽ മൺകൊട്ടാരത്തിന്റെ പെരുന്തച്ചനാകുകയാണ്‌ 73–ാം വയസ്സിൽ തോമസേട്ടൻ


രാമനെ തോളിലേറ്റി മാരുതിയും ലക്ഷ്‌മണനെ തോളിലേറ്റി അംഗദനും കൂടെ സുഗ്രീവൻ അടക്കമുള്ള വാനരപ്പടയും ലങ്ക അഭിമുഖമായി നടന്നുതുടങ്ങി. അങ്ങനെ അവർ മഹേന്ദ്ര പർവതത്തിന്റെ അടുത്തെത്തി. ഇനി മുന്നിൽ പർവതവും അതുകഴിഞ്ഞ്‌ മഹാസമുദ്രവുമാണ്‌. നുറു യോജനയോളമുള്ള മഹാസമുദ്രം... ​(അധ്യാത്മ രാമായണം യുദ്ധകാണ്ഡം ആരംഭം)


അങ്ങനെയൊരു ഭൂമിക്കാലത്ത്‌ ​


പയ്യന്നൂരിൽനിന്ന്‌ പെരുവാമ്പയിലേക്ക്‌ പോകുന്ന റോഡിൽനിന്ന്‌ ദ്വ‍ീപ്‌ റോഡ്‌ എത്തി, വലത്തോട്ട്‌ തിരിഞ്ഞാൽ പെടേന– കിഴക്കേക്കര ദ്വീപ് റോഡായി. അൽപ്പം മുന്നോട്ടു പോയാൽ കവുങ്ങുതോട്ടം പന്തലുചാർത്തിയ തോമസ്‌ ചെരിയമ്പുറത്തിന്റെ ഇരുനില വീടുകാണാം. തനി നാട്ടിന്‍ പുറമാണെങ്കിലും അസാധാരണമായൊരു കാഴ്‌ച ഇ‍ൗ വീടിന്റെ പിന്നാമ്പുറത്തുണ്ട്‌. പിറകിലെ റബർ തോട്ടം വളരുന്ന ഭൂമിക്ക്‌ അടിയിൽ ഏതാണ്ട്‌ നൂറ്റമ്പത്‌ മീറ്ററോളം നീളത്തിൽ ഉശിരനൊരു ഗുഹ. രണ്ടുമീറ്റർ വീതിയുണ്ട്‌. രണ്ടുമുതൽ മൂന്നുമീറ്റർ വരെ ഉയരത്തിൽ മനോഹരമായി ചുവർ ചെത്തിയൊരുക്കിയ ഗുഹ. നൂറ്റൻപത്‌ മീറ്റർ നേരെ ഉള്ളിലേക്ക്‌ കൊത്തിയുണ്ടാക്കിയ തുരങ്കപാത മാത്രമല്ല ഇത്‌. വശങ്ങളിലേക്കും ഇടയ്‌ക്ക്‌ വളവുകൾ തീർത്തും സങ്കീർണമായ മൺനിർമിതി. യന്ത്രങ്ങളുപയോഗിച്ച്‌ കണക്കുകൂട്ടി ഒരു സിവിൽ എൻജിനിയർക്ക്‌ മാത്രം അറിയാവുന്ന കണക്കിനെ തോൽപ്പിച്ചാണ്‌ തോമസേട്ടൻ ഇ‍ൗ അത്‌ഭുത നിർമിതി തീർത്തത്‌.


SMK_


അങ്ങനെയൊരു കോവിഡ്‌ കാലത്ത്‌ ​


കോവിഡിൽ നാടെല്ലാം അടച്ചിട്ട കാലത്താണ്‌, 2021ലെ ഒരു മാർച്ചുവെയിലിൽ കല്ലുപണിക്കാരനായ തോമസേട്ടൻ വേറിട്ടൊരു പണിയിലേക്ക്‌ ഇറങ്ങിയത്‌. വീടിന്റെ പിറകുവശം പിക്കാക്‌സുകൊണ്ട്‌ തുരന്നുതുടങ്ങി. അടച്ചിട്ട്‌ വീട്ടിലിരിക്കുന്നതിന്റെ മുഷിപ്പ്‌ മാറാനായിരുന്ന പണി. കിളച്ചെടുക്കുന്ന മണ്ണ്‌ വീടിന്‌ മുന്നിലെ കവുങ്ങുതോട്ടത്തിലിടാമെന്ന ആശയവും ഉണ്ടായിരുന്നു. മീറ്ററൊന്നു തുരന്നു. മണ്ണ്‌ അർബാനയിൽ (ഉന്തുവണ്ടി) കോരി തോട്ടത്തിലേക്ക്‌. ആരും സഹായിക്കാനുണ്ടായില്ല; അഥവാ സഹായിക്കുന്നത്‌ തോമസേട്ടന്‌ ഇഷ്ടമില്ലായിരുന്നു. ​മണ്ണ്‌ തുരന്ന്‌ തുരന്ന്‌ മുന്നോട്ടു നീങ്ങി. രണ്ടുമീറ്റററോളം ഉയരം വച്ചാണ്‌ കിളച്ചത്‌. ഇതിനായി സ്‌റ്റൂളിന്റെ മുകളിൽനിന്ന്‌ ആഞ്ഞാഞ്ഞു കൊത്തി. പിന്നിൽ റബർ തോട്ടം കഴിഞ്ഞാൽ അയൽവാസിയുടെ പറന്പാണ്‌. അതിനാൽ ഗുഹാനീളം അതിരിന്‌ പുറത്തേക്ക്‌ കടത്താൻ പറ്റില്ല. ഇതോടെയാണ്‌ ഗുഹയുടെ രൂപം വളയ്‌ക്കാൻ തീരുമാനിച്ചത്‌. മനക്കണക്കിൽ, കുന്നിന്റെ ഉയരക്കണക്കിൽ, ഗുഹ പതുക്കെ ഇടത്തോട്ട്‌ തിരിഞ്ഞു. ആഞ്ഞുകൊത്തലിൽ ശ്വാസം കിട്ടാത്ത ഇടവേളയിൽ മാത്രമാണ്‌ തോമസേട്ടൻ വിശ്രമിച്ചത്‌. അക്കാലത്ത്‌ രാത്രി മൂന്നുമണിക്കൂർ നേരം ഉറങ്ങി, നിരന്തര അധ്വാനം തപസ്സു പോലെയായിരുന്നെന്ന്‌ തോമസേട്ടൻ ഓർക്കുന്നു.


അങ്ങനെയൊരു അധ്വാനകാലത്ത്‌ ​


പതിനാറ്‌ വയസ്സുമുതൽ കല്ലുപണിക്കാരനായിരുന്നു തോമസേട്ടൻ. അന്നുമുതൽ വെറുതെയിരുന്നിട്ടില്ല. ഇ‍ൗ സ്വഭാവമാണ്‌ തോമസേട്ടനെ ഭൂമി തുരക്കാൻ പ്രേരിപ്പിച്ചത്‌. ഒരുഘട്ടം കഴിഞ്ഞപ്പോൾ ഗുഹയുടെ സ‍ൗന്ദര്യം വീട്ടുകാരും ശ്രദ്ധിക്കാൻ തുടങ്ങി. ഗുഹയിൽനിന്ന്‌ കിളച്ചുണ്ടാക്കിയ മണ്ണ്‌ നിരന്നപ്പോൾ കവുങ്ങുതോട്ടവും പ്ര‍ൗഢിയിലായി. ഭാര്യ സാലിയും കട്ടയ്‌ക്ക്‌ ഒപ്പം നിന്നു. സിംഗപ്പുരിലുള്ള മകൻ ജിസ്‌മോനും അയർലൻഡിലുള്ള മകൻ വിമലും അക്കാലം വീട്ടിലുണ്ട്‌. അവരും അപ്പച്ചന്റെ വീരകൃത്യത്തെ അത്‌ഭുതംകൊണ്ട്‌ പിന്തുണച്ചു. പിക്കാക്‌സുകൊണ്ട്‌ കൊത്തിക്കൊത്തിയുള്ള തുരക്കലായതിനാൽ അതിനും തേയ്‌മാനമേറെ. ആഴ്‌ചയിലൊരിക്കൽ പിക്കാക്‌സ്‌ ആലയിലെത്തിച്ച്‌ പുതുക്കണം. രണ്ടേകാൽ ലക്ഷം രൂപ പിക്കാക്‌സ്‌ നവീകരിക്കാൻ മാത്രം വേണ്ടിവന്നുവെന്ന്‌ തോമസേട്ടൻ. കിളച്ചുകിളച്ച്‌ ചുരുങ്ങിപ്പോയ കുഞ്ഞൻ പിക്കാക്‌സുകളുടെ കഷണങ്ങൾ ചൂണ്ടിക്കാട്ടി, അദ്ദേഹം അധ്വാനത്തിന്റെ മഹത്വം പറഞ്ഞു. മണ്ണ്‌ കോരി തോട്ടത്തിലെത്തിക്കാൻ ഉപയോഗിച്ച ഉന്തുവണ്ടി മൂന്നാമത്തേതാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌.


thomas


അങ്ങനെയൊരു ആശുപത്രിക്കാലത്ത്‌


കോവിഡ്‌ നീങ്ങി; നിയന്ത്രണങ്ങൾ മാറി. എല്ലാവരും പുറത്തേക്ക്‌ നീങ്ങിയപ്പോഴും തോമസേട്ടൻ അകത്തേക്കുതന്നെ നീങ്ങി. ഗുഹയ്‌ക്ക്‌ മറ്റൊരുവഴിയിലൂടെ പുറത്തേക്ക്‌ കവാടം നിർമിച്ചു. ശീതീകരണിയുടെ കുളിരുള്ള ഗുഹയുടെ ഉൾച്ചന്തം കാണാൻ അപ്പോഴേക്കും നാട്ടുകാരെത്തി. യുട്യൂബർമാരുടെ വിവരണം കേട്ട്‌ ദൂരദേശത്തുനിന്നും ആൾക്കാരെത്തി തുടങ്ങി. അപ്പോഴും തോമസേട്ടൻ മണ്ണുതുരക്കൽ തുടർന്നു. ​ഇതിനിടെ ജോലിക്കിടയിൽ ചെറിയൊരു ഹൃദയാഘാതവും വന്നു. ആദ്യമായി ആശുപത്രിയിൽ പോകേണ്ടിവന്നു. ആൻജിയോഗ്രാം കഴിഞ്ഞ്‌ ഒരുമാസം വിശ്രമം. 2021 മുതൽ ഇ‍ൗ ദിനം വരേക്കും ആ ഒരുമാസക്കാലം മാത്രമാണ്‌ തോമസേട്ടൻ വിശ്രമിച്ചത്‌. ആരോഗ്യം തിരിച്ചുപിടിച്ചപ്പോൾ വീണ്ടും ഭൂമിക്കടിയിലേക്ക്‌. പുറത്തേക്ക്‌ മൂന്നാം കവാടവും കൊത്തിയെടുത്തു. ഹൃദ്‌രോഗിക്ക്‌ ഭക്ഷണത്തിലുള്ള ചിട്ടവട്ടങ്ങൾ പലതുണ്ട്‌. എന്നാൽ തോമസേട്ടന്‌ അതൊന്നും ബാധകമല്ല. ചിക്കൻ ബിരിയാണിയും പൊറോട്ടയുമാണ്‌ ഏറെ പ്രിയം. അദ്ദേഹത്തിന്റെ അധ്വാനത്തിന്‌ സംതൃപ്‌തി വിരിയിടുന്ന ഭക്ഷണക്കൂട്ടുകൾ. ​ ഗുഹ, ഹിറ്റായതോടെ കാഴ്‌ചക്കാർ വന്നുതുടങ്ങി. അസ്സൽ റിസോർട്ടിനോളം കിടപിടിക്കുന്ന ഉൾക്കാഴ്‌ചകൾ കാണാൻ തിരക്കായി. വന്നവർക്കെല്ലാം ക‍ൗതുകങ്ങളുടെ കാഴ്‌ച കാട്ടാൻ തോമസേട്ടനും ഭാര്യ സാലിയും ഒപ്പം കൂടും. വീടിനുമുന്നിൽ തോമസേട്ടൻ വച്ച സന്ദർശക പുസ്‌തകം മാത്രമാണ്‌ ആകെയുള്ള അലങ്കാരം. വലിയൊരു നോട്ടുപുസ്‌തകം നിറയെ അഭിനന്ദനങ്ങൾ കിട്ടിക്കഴിഞ്ഞു. മറ്റൊരു നോട്ടുബുക്കിൽ അഭിനന്ദക്കുറിപ്പുകൾ ഇപ്പോഴും തുടരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home