ഏകാകിയുടെ ശബ്ദം

എഴുതാതിരിക്കാൻ ആകില്ലെന്നും ജീവിതത്തിൽ മറ്റൊന്നും ആയില്ലെങ്കിലും കുഴപ്പമില്ലെന്നും വിശ്വസിക്കുന്നവന്റെ ഉള്ളുറപ്പാണ് വി എം അനൂപിന്റെ കവിതകൾ. എല്ലാതരം ജീവിതങ്ങളെയും അനുഭവങ്ങളെയും സ്വാംശീകരിക്കുകയും അവയെ കവിതയിൽ കുറിക്കുകൊള്ളുംവിധം പുനഃസൃഷ്ടിക്കാനുമുള്ള മിടുക്ക്്. ആൾക്കൂട്ടങ്ങളിലേക്ക് എഴുത്ത് സഞ്ചരിക്കുന്നു.
അനുഭവം, പ്രതിഷേധം, പ്രതിരോധം, പരിഹാസം എന്നിവയും കവിതയുടെ പ്രേരകങ്ങളാണ്. അന്തഃസംഘർഷങ്ങൾ, പരാജയം, മരണം, ആത്മഹത്യ തുടങ്ങി നിത്യജീവിതത്തിന്റെ ചൂരും കാവ്യഭംഗിയും കവിതയെ വേറിട്ട അനുഭവമാക്കുന്നു. യുവകവിയായ അനൂപിന്റെ പുതിയ കവിതാസമാഹാരമാണ് കോട്ടയം നഗരത്തിലെ ജീവി. 72 ചെറുകവിതകൾ. ഭൂരിഭാഗവും ഗദ്യകവിതകളാണ്. രചനാരീതിയിൽ ഒരു കവിയെയോ രചനാരീതിയെയോ പൂർണമായി പിൻപറ്റാൻ ഇദ്ദേഹം തയ്യാറാകുന്നില്ല.'കൂട്ടുകാരാ നിന്റെ
വീട് തപ്പി വന്നപ്പോഴാ
അറിഞ്ഞേ
നിനക്ക് വീടില്ലെന്ന്
നീ എത്ര സുന്ദരമായാണ്
അന്ന് എന്റെ ബുക്കിൽ
വീട് വരച്ചേ.'‐ രണ്ടാംക്ലാസിലെ ചങ്ങാതിയിലെ വരികളിൽ നിഴലിക്കുന്നത് ഓർമയുടെ വിങ്ങലാണ്.
പ്രണയത്തെക്കുറിച്ച് അനൂപ് പറയുമ്പോൾ അത് തിരയിളക്കമാകുന്നു.
'ശരാശരിക്കാരന്റെ പ്രണയം
പൈപ്പുപൊട്ടിയ
നഗരസഭയിലെ ഇടറോഡാണ്'‐ കോട്ടയം നഗരത്തിലെ ജീവിയിലെ ഈ വരികൾ പ്രണയത്തിനപ്പുറം നിസ്സഹായനാകുന്ന ജീവിതമാണ് കാണിക്കുന്നത്.
'കൂട്ടുകാരാ
നിന്റെ കാറിന്റെ
ചില്ല് താഴ്ത്തി
എന്നെ അറിയില്ലെന്ന് നിന്റെ
കുട്ടികളോട് പറഞ്ഞ് നീ
മടങ്ങിയ
നഗരത്തിലാണ് ഞാൻ
ചെരുപ്പുകുത്തിക്കൊപ്പം ഉറങ്ങിയത്.
നിന്റെ കുട്ടികൾക്ക് കൊടുക്കാൻ
എന്റെ കീശയിൽ
ചില്ലറയുണ്ടായിരുന്നു.'‐ ബന്ധത്തിലെ ഈ വരികളിലും സൗഹൃദങ്ങൾക്കിടയിലെ കാപട്യമാണ് പ്രതിഫലിക്കുന്നത്.
എന്തിനാണ് കവിത എഴുതുന്നത്? എന്ന ചോദ്യത്തിന് 'നിന്റെ കണ്ണുകൾ തേടിയുള്ള യാത്രയാണ്, അകലെ എവിടെയോ നീ മറഞ്ഞിരിക്കുകയാണ്. കവിതയുടെ രൂപത്തിൽ. അതിനെ തേടിയുള്ള ഭ്രാന്താണെന്നും പറഞ്ഞുവയ്ക്കുന്നു. വഴുതിവീണ പുതുശ്വാസത്തെ അടക്കംചെയ്ത മണ്ണിലാണ് കവി കിളച്ചുമറി നടത്തുന്നത്. കവിതകളിൽ കവിയുടെ ജീവിതം മണക്കുന്നു. ഭ്രാന്തനായ മനുഷ്യനാണെന്നും തുറന്നുപറയാൻ കവിക്ക് മടിയില്ല. മലയാളത്തിൽ പതിഞ്ഞ എ അയ്യപ്പൻ, സുരാസു, ജോൺ എബ്രഹാം തുടങ്ങിയവരാണ് പ്രിയപ്പെട്ടവരെന്നതിനാൽ കവി അക്ഷരങ്ങളുടെ തെരുവിൽ ജീവിക്കുമെന്ന് ഉറപ്പാണ്. 'ആരും വരാത്ത എന്റെ വീട്ടിലേക്കുള്ള വഴികൾ' എന്ന സമാഹാരത്തിലൂടെ വരവറിയിച്ച അനൂപ് പുതിയ സമാഹാരത്തിലൂടെ മുഖ്യധാരയിൽ ഇരിപ്പുറപ്പിക്കുകയാണ്.










0 comments