ad
Deshabhimani

സമരപക്ഷത്ത് നിൽക്കുന്ന കവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 27, 2018, 08:33 PM | 0 min read

ജീവിതത്തെ മാറിനിന്ന് കൗതുകത്തോടെ നോക്കിക്കാണാനല്ല, ജീവിതത്തിന്റെ തീയും പുകയും ആവാഹിച്ച് ചൂടുള്ള വാക്കുകൾ കടഞ്ഞുനൽകാനാണ് അടുതല ജയപ്രകാശ് എന്ന കവിക്ക് താൽപ്പര്യം. വെറുതെ വിസ്മയിപ്പിക്കാനുള്ളതല്ല, മനുഷ്യമനസ്സിനെ പൊള്ളിക്കാനുള്ളതാണ് കവിതയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നാൽപ്പത് വർഷത്തെ കാവ്യജീവിതത്തിൽനിന്ന് തെരഞ്ഞെടുത്ത 121 രചനകളുടെ സമാഹാരമാണ് 'അടുതലക്കവിതകൾ'  എന്ന പുസ്തകം. 

'അഭയാർഥി'മുതൽ 'കർഷകൻ'വരെയുള്ള കവിതകളിൽ വാക്കുകളുടെ ധാരാളിത്തം കവി ഒഴിവാക്കിയിട്ടുണ്ട്. വിഹ്വലമായ ജീവിതത്തിൽ പ്രകാശകിരണങ്ങൾപോലെ പ്രത്യക്ഷപ്പെട്ട വെളിപാടുകൾ കവിതയുടെ ഭാഷയിൽ അദ്ദേഹം പകർന്നുനൽകുന്നു. കവിത എഴുതുന്നത് സുഖകരമായൊരു കർമമല്ലെന്നും സ്വയംപീഡിപ്പിക്കലാണെന്നും അദ്ദേഹം തിരിച്ചറിയുന്നു. വർത്തമാനകാല യാഥാർഥ്യങ്ങളോട് സത്യസന്ധത പുലർത്താത്ത രചന അടുതല ജയപ്രകാശിന്റെ കാവ്യജീവിതത്തിലില്ല. തന്നെ തിരിച്ചറിയുന്ന ഒരു വായനക്കാരനെങ്കിലും ഉണ്ടാകുമെന്നും ഇല്ലെങ്കിൽ അങ്ങനെയൊരാൾ നാളെ പിറവികൊള്ളുമെന്നുമുള്ള വിശ്വാസമാണ് കവിയുടെ പ്രത്യാശ. 

ഒന്നാമത്തെ കവിതയായ 'അഭയാർഥി'യുടെ തുടക്കം ഇങ്ങനെ: 

'സുഹൃത്തേ വരിക കടന്നിരിക്കുക

ഋണബദ്ധ നിമിഷങ്ങളാൽ പങ്കിടാം 

നമുക്കീ നിറസൗഹൃദക്കടലയും 

രുചിക്കാം സഹിച്ച വിഷാദദ്രവവും 

തുടരാം കണ്ണികൾ മുറിഞ്ഞ ബന്ധത്തിൻ 

കഥയും വിശ്വാസമേൽപ്പിച്ച വ്യഥയും.'

ഓരോ മനുഷ്യനും ഓരോ തണൽമരമാണെന്നും പാതയിൽ തണൽവിരിച്ചുനിൽക്കണമെന്നും കവി ഓർമിപ്പിക്കുന്നു. ഭൂതകാലത്തിന്റെ കണ്ണട എടുത്തുമാറ്റി വർത്തമാനകാലത്തെ കാഴ്ചകൾ കാണണമെന്ന് ആഹ്വാനം ചെയ്യുന്നു.

'നേരിന്റെ ലിപി കടിച്ചുപൊട്ടിച്ചെന്റെ 

രസനയാകവെ കയ്ച്ചിട്ടു തുപ്പുന്നു' 

എന്ന് 'ആതിഥേയൻ' എന്ന കവിതയിൽ അദ്ദേഹം കുറിക്കുന്നു. ആത്മസ്‌നേഹിതയ്ക്ക് ഒരു കുറിപ്പ്, മധ്യവേനൽ, കലണ്ടർ, തടവുകാരൻ, അസ്വസ്ഥതയുടെ സങ്കീർത്തനം, നായ, ഒറ്റയാൻ, അശ്രുശ്രാദ്ധം, ദാഹശമനി, ഇരപ്പാളിത്തെയ്യം തുടങ്ങിയ കവിതകളെല്ലാംതന്നെ താൻ നിസ്വവർഗത്തോടൊപ്പം നിൽക്കുന്ന കവിയാണെന്ന് സംശയത്തിനതീതമായി അനുവാചകനെ ബോധ്യപ്പെടുത്തുന്നു. 

'എനിക്കെഴുതുവാൻ 

പനിക്കും വികാരങ്ങൾ

ശരിക്കുമൊറ്റയാൻ 

വരിക്കും കുരിശിന്റെ 

വ്യസനവഴികൾ'

എന്നെഴുതുന്ന കവിക്ക് താൻ സ്വയം സൃഷ്ടിച്ചെടുത്തൊരു ശൈലിയുണ്ട്. 'തണൽച്ചില്ലകൾ ഛേദിക്കുന്ന വെയിൽക്കമ്പികൾ', 'നിരന്തരം ധരിച്ചു മുഷിഞ്ഞു നാറിയ തിങ്കളും ചൊവ്വയും തൊട്ടു വെള്ളിയും ശനിയുംവരെ നനച്ചുവച്ചിരിക്കുന്നു ക്ഷാരലായിനിയിൽ', 'വരികളില്ലാത്ത താളുകൾ വരാനിരിക്കുന്ന വറുതിനാളുകൾ'  തുടങ്ങിയ ബിംബങ്ങളെല്ലാം എത്രയോ വ്യത്യസ്തമാണ്. 

'മരണസെല്ലിൽ വിധി കിടത്തുമ്പൊഴും

വിരലുചൂണ്ടി വിചാരണ ചെയ്യുവാൻ

സമരസപ്പെടാത്ത സമരപക്ഷ'ത്താണ് അടുതല ജയപ്രകാശ് എന്ന, മനസ്സിൽ അഗ്നി സൂക്ഷിക്കുന്ന കവി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home