മനക്കണ്ണിൽ മോഹിനിയാട്ടം ആസ്വദിച്ച് സുഗുണൻ മാഷ്
കണ്ണുകളെന്തിനു വേറെ...

മോഹിനിയാട്ട മത്സരത്തിനുശേഷം അഭിരാമിക്കൊപ്പം സുഗുണൻ മാഷ്
തിരുവനന്തപുരം: മോഹിനിയാട്ട മത്സരവേദിയിലേക്ക് കയറാനൊരുങ്ങി നിൽക്കുമ്പോൾമുതൽ അഭിരാമി ശ്രദ്ധിച്ചതാണ് സദസ്സിനു മുന്നിൽ വെളുത്ത വടിയുംപിടിച്ച് താളംപിടിക്കുന്നയാളെ. കണ്ണുകൊണ്ട് കാണാതെ എങ്ങനെയാണ് അദ്ദേഹം ആസ്വദിക്കുന്നതെന്ന് അറിയണമെന്നായി. ഒടുവിൽ ആടിക്കഴിഞ്ഞ് അഭിരാമി ആ മനുഷ്യന്റെ അടുത്തെത്തി. "മാഷേ... ഞാൻ അഭിരാമി, കോട്ടയം കാഞ്ഞിരപ്പള്ളി എകെജെഎം എച്ച്എസ്എസിലാണ്. ഞാനാണ് ഇപ്പോൾ അശോകവനിയിലെ സീതയെ മോഹിനിയാട്ടമായി അവതരിപ്പിച്ചത്’.
നിറകണ്ണുകളോടെ അദ്ദേഹം അവളുടെ നെറുകയിൽതൊട്ട് ആശീർവദിച്ചു. പിന്നെ പരിചയപ്പെടുത്തി. "ഞാൻ സുഗുണൻ, കൊല്ലം ചവറ ശങ്കരമംഗലം സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനാണ്. കൊല്ലം കരുനാഗപ്പള്ളിയാണ് സ്വദേശം. എല്ലാ വർഷവും കലോത്സവം കാണാൻ എത്താറുണ്ട്. മോളുടെ നൃത്തം നന്നായെന്ന് എല്ലാവരും പറഞ്ഞു. അഭിനന്ദനങ്ങൾ.' "എങ്ങനെയാണ് മാഷ് മോഹിനിയാട്ടം ഇത്ര മനോഹരമായി ആസ്വദിക്കുന്നത്' -അഭിരാമിയുടെ ആകാംക്ഷ അവസാനിക്കുന്നില്ല. "മോളേ ഹൃദയത്തിൽ താളമുണ്ടെങ്കിൽ പിന്നെ കലയാസ്വദിക്കാൻ കണ്ണുകളെന്തിന്. ജന്മനാ കണ്ണിൽ ഇരുട്ടു കയറിയതാണ്.
ശബ്ദംകൊണ്ടും കല ആസ്വദിക്കാം. തബലയും മൃദംഗവുമൊക്കെ ഞാൻ പഠിച്ചിട്ടുണ്ട്. 19 വർഷമായി കുട്ടികളെ പഠിപ്പിക്കുന്നു. മകനായ കൃഷ്ണപ്രസാദും പാട്ടുകാരനാണ്. കാഴ്ചപരിമിതിയുള്ള അവൻ തിരുവനന്തപുരം എസ്എംവി സ്കൂളിലാണ് പഠിക്കുന്നത്. സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്’. മാഷ് പറഞ്ഞവസാനിപ്പിച്ചതും വേദിയിൽനിന്ന് അഭിരാമി മോഹന് എ ഗ്രേഡ് പ്രഖ്യാപിച്ചുള്ള റിസൾട്ടും വന്നു.
പൊൻകുന്നം ചേനപ്പാടി സ്വദേശിയായ അഭിരാമി 2022ലെ സംസ്ഥാന കലോത്സവത്തിലും മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി. കലാമണ്ഡലം ശിൽപ്പയാണ് ഗുരു. അച്ഛൻ മോഹനൻ നായർ ബിഎസ്എൻഎൽ സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ സിന്ധുമോഹൻ.








0 comments