ad
Deshabhimani

ലോകം ഗാസയ്ക്കൊപ്പം; പലസ്തീനിലെ മനുഷ്യർക്കൊപ്പം

free palestine

photo AFP

avatar
എം സ്വരാജ്‌

Published on Oct 06, 2025, 11:20 PM | 2 min read

സയണിസ്റ്റ് കൊടുംക്രൂരത ലോകത്തിന്റെ സ്വാസ്ഥ്യം കെടുത്തുമ്പോഴും അതിനെതിരെ നല്ല മനുഷ്യരെല്ലാം കൈകോർക്കുന്നുവെന്നത് പ്രതീക്ഷ നൽകുന്നു. ചോരയിലും കണ്ണീരിലും കുതിർന്ന മണ്ണിൽ പൊരുതിവീണ പലസ്തീനിലെ മനുഷ്യർക്കൊപ്പമാണ് ലോകം. കൊല്ലപ്പെടുമ്പോഴും പരാജയപ്പെടാത്ത ജനത ചരിത്രത്തിൽനിന്ന് തുടച്ചുനീക്കപ്പെടില്ല. അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ഇച്ഛാശക്തി ചരിത്രത്തിന്റെ ഗതിനിർണയിക്കുന്ന കാലം വരാതിരിക്കില്ല. അന്ന് ഗാസ മരണത്തെ അതിജീവിച്ച നാടായി അറിയപ്പെടും


ഭൂമിയോളം വലിപ്പമുള്ളൊരു കണ്ണുനീർത്തുള്ളിയായി ഗാസ മാറിയിരിക്കുന്നു. ഭൂപടത്തിൽ ഇപ്പോഴും അവശേഷിക്കുന്ന ഒരുപിടി മണ്ണുകൂടി തുടച്ചുനീക്കാനാണ് ഇസ്രയേലും അമേരിക്കയും ശ്രമിക്കുന്നത്. നാളെ പലസ്തീൻ എന്ന രാഷ്ട്രമോ ഗാസ എന്നപേരിൽ ഒരു ഭൂപ്രദേശമോ ഉണ്ടാകുമെന്ന് ഉറപ്പില്ല. എല്ലാ മനുഷ്യരെയും കൊന്നൊടുക്കിയശേഷം കുഞ്ഞുങ്ങളുടെ ശവപ്പറമ്പിലെ മണ്ണു പങ്കിട്ടെടുത്ത് വിനോദസഞ്ചാര നഗരം സ്ഥാപിക്കപ്പെട്ടേക്കാം. ട്രംപും നെതന്യാഹുവും നൊബേൽസമ്മാനം പങ്കുവച്ചേക്കാം. പക്ഷേ, അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ഇച്ഛാശക്തി ചരിത്രത്തിന്റെ ഗതിനിർണയിക്കുന്ന കാലം വരാതിരിക്കില്ല. അന്ന് ഗാസ മരണത്തെ അതിജീവിച്ച നാടായി അറിയപ്പെടും.


world is with Gazaphoto AFP


മനുഷ്യരെ ഏപക്ഷീയമായി കൊന്നുതീർക്കുകയും വീടുകളുടെ അവസാനത്തെ കല്ലുവരെ തകർക്കുകയുംചെയ്തശേഷം മൃതശരീരങ്ങൾക്കിടയിൽ ജീവനവശേഷിച്ചവരെ ആട്ടിയോടിക്കുന്ന സാമ്ര്യാജ്യത്വക്രൂരതയെ ലോകം അറപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നത്. സ്കൂളുകളും ആശുപത്രികളും തെരഞ്ഞുപിടിച്ചു തകർത്ത് കുഞ്ഞുങ്ങളെയും രോഗികളെയും കൊല്ലുന്ന നൃശംസതയെ പിന്തുണയ്ക്കാൻ ആർക്കാണു കഴിയുക. എല്ലാ ഭൂഖണ്ഡങ്ങളിലെയും മനഃസാക്ഷിയുള്ളവരെല്ലാം മനുഷ്യക്കുരുതിക്കെതിരെ ആവോളം ഉച്ചത്തിൽ ശബ്ദമുയർത്തുന്നുണ്ട്. കുരുതികൾക്ക് നടുവിലും പ്രതീക്ഷ ഉണർത്തുന്ന കാഴ്ചയാണിത്. അമേരിക്ക മുതൽ ഇസ്രയേൽ വരെ ഭീഷണിയെ കൂസാതെ മനുഷ്യർ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. പലസ്തീനുവേണ്ടി മുദ്രാവാക്യം മുഴക്കുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. അരുതെന്നു പറയാൻ അറച്ചുനിൽക്കുന്ന വിധേയരെ നാണിപ്പിച്ചുകൊണ്ട് കലാലയങ്ങളിലും തെരുവുകളിലും മനുഷ്യരുള്ളിടത്തെല്ലാം സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യം കടലുപോലെ ഇരമ്പിയാർക്കുന്നു. ലോകമെങ്ങും അലയടിക്കുന്ന മനുഷ്യത്വത്തിന്റെ ശബ്ദം സാമ്രാജ്യത്വത്തെ അക്ഷരാർത്ഥത്തിൽ വിചാരണചെയ്യുന്നു.


world is with Gazaphoto AFP


​ഗാസയിലെ മനുഷ്യക്കുരുതിക്ക് രണ്ടുവർഷം തികയുമ്പോൾ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് തെരുവുകൾ കൊലയാളികൾക്കെതിരായ പ്രതിഷേധങ്ങൾക്ക് സാക്ഷ്യംവഹിച്ചു. വാഷിങ്ടണിലെ ക്യാപിറ്റോൾ ഹില്ലിലേക്ക് മാർച്ചുചെയ്ത ജൂതന്മാർ തങ്ങളുടെ പേരിൽ കൂട്ടക്കൊല അരുതെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ടെൽ അവീവിലും, ജെറുസലേമിലും പടുകൂറ്റൽ റാലികളിൽ എട്ടുലക്ഷത്തോളംപേരാണ് - അണിനിരന്നത്. നെതന്യാഹുവിന്റെ വീടിനു മുന്നിൽപോലും ജൂതസമൂഹം പ്രതിഷേധമുയർത്തി. ലോകമെങ്ങുമുള്ള സർവകലാശാലകളിലും കലാലയങ്ങളിലും വിദ്യാർത്ഥികളെല്ലാം പലസ്തീൻകാരായി മാറി. പല രാജ്യങ്ങളിലെയും വിദ്യാർഥികൾ സർവകലാശാല വിദ്യാഭ്യാസരംഗത്ത് ഇസ്രായേലുമുള്ള സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ജർമനിയിൽ ‘യൂണിവേഴ്സിറ്റി ഒക്കുപേഷൻ എഗയ്ൻസ്റ്റ് ജനോസൈഡ്' എന്ന വംശഹത്യാവിരുദ്ധ പ്രസ്ഥാനംതന്നെ ആരംഭിച്ചു. പലസ്തീന്റെ ദേശീയപതാക ഇന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തെരുവുകളിൽ പാറിക്കളിക്കുന്നു.


GAZAPROTEST


ഇറ്റലിയിലെ ലിവോർണോ തുറമുഖത്ത് ഇസ്രയേലി കപ്പൽ ഉപരോധിക്കാൻ തുറമുഖ തൊഴിലാളികൾ കൈകോർത്തു. ചരക്കിറക്കാനാവാതെ കപ്പലിനു മടങ്ങേണ്ടിവന്നു. ഗാസയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു ഇറ്റലിയിലെ ദേശീയപണിമുടക്കിൽ 20 ലക്ഷംപേരാണ് അണിനിരന്നത്. ഡെൻമാർക്കിൽനിന്നു വിമാനത്തിലോ കപ്പലിലോ ഇസ്രയേലിലേക്ക് ആയുധം കൊണ്ടുപോകാൻ അനുവദിക്കാതെ ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി നിലയുറപ്പിച്ചു. ബ്രിട്ടനിലെ കെന്റിലെ ആയുധനിർമാണശാലയിൽനിന്നുള്ള ആയുധനീക്കം തടയാനും തൊഴിലാളികൾ മുന്നിട്ടിറങ്ങി. ഇസ്രായേലിന് ആയുധങ്ങൾ വിൽക്കില്ലെന്ന് കാനഡ തീരുമാനിച്ചു. നാറ്റോയുടെ യുദ്ധക്കപ്പലുകൾക്ക് ഗ്രീസ് വിലക്കേർപ്പെടുത്തി. ഇന്ത്യയിൽനിന്നു സ്ഫോടകവസ്തുക്കളുമായി ഇസ്രയേലിലേക്ക് പുറപ്പെട്ട മരിയാന ഡാനിക്ക എന്ന കപ്പലിന് സ്പെയിനിലെ കാർത്തഗേന തുറമുഖത്ത് പ്രവേശനം നിഷേധിച്ചു.


Palestine


ലോകമെങ്ങും വിദ്യാർഥികളും ചെറുപ്പക്കാരും സ്‌ത്രീകളും തൊഴിലാളികളും ഇസ്രായേൽവിരുദ്ധ മുദ്രാവാക്യങ്ങളുമായി ഒത്തുകൂടിയപ്പോൾ അത് പ്രതിരോധത്തിന്റെ പുതിയചരിത്രമായി. ഗാസയിലെ കൊല്ലപ്പെടുന്ന കുട്ടികൾ തങ്ങളുടെകൂടി കുട്ടികളാണെന്ന് വിവിധ ഭാഷകളിൽ ലോകമെമ്പാടും മുദ്രാവാക്യം മുഴങ്ങുന്നു. 44 രാജ്യങ്ങളിൽനിന്നു നൂറുകണക്കിന് മനുഷ്യാവകാശ പ്രവർത്തകർ ചെറുബോട്ടുകളിൽ ഗാസയിലേക്ക് ഒഴുകിയെത്തിയത് ലോകത്തെ ത്രസിപ്പിച്ചു.


world is with Gazaphoto AFP


​96 കഴിഞ്ഞ മലയാളത്തിന്റെ ശ്രേഷ്ഠ കഥാകാരൻ ടി പത്മനാഭൻ ‘ഗസ്സയിലെ കുട്ടികൾ' എന്ന കഥയെഴുതി. 98–ാം പിറന്നാളിന്‌ ആശംസ നേരാനെത്തിയവരോട് "ഗാസയിലെ കുട്ടികൾ പട്ടിണികിടക്കുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുന്നത് എങ്ങനെയെന്ന്’ വാർധക്യത്തിലും മങ്ങാത്ത മനുഷ്യത്വത്തിന്റെ അടയാളമായി ലീലാവതി ടീച്ചർ ചോദിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായികക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന സമയത്ത് അനുപർണ റോയിയും എമ്മി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ഹന്ന എയ്ൻബൻഡറും പലസ്തീന് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നത് മനുഷ്യവംശത്തിന്റെ കടമയാണെന്ന് ഓർമിപ്പിക്കാൻ മറന്നില്ല.


​കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് കൊടുംക്രൂരത ലോകത്തിൻറെ സ്വാസ്ഥ്യംകെടുത്തുമ്പോഴും അതിനെതിരെ നല്ല മനുഷ്യരെല്ലാം ലോകമാകെ കൈകോർക്കുന്നുവെന്നത് പ്രതീക്ഷ നൽകുന്നു. ചോരയിലും കണ്ണീരിലും കുതിർന്ന മണ്ണിൽ പൊരുതിവീണ പലസ്തീനിലെ മനുഷ്യർക്കൊപ്പമാണ് ലോകം. കൊല്ലപ്പെടുമ്പോഴും പരാജയപ്പെടാത്ത ജനത ചരിത്രത്തിൽനിന്ന് തുടച്ചുനീക്കപ്പെടില്ല. അവർ ചരിത്രമെഴുതുകതന്നെ ചെയ്യും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home