അർജന്റീനയ്ക്ക് കാമറൂണിന്റെ ഞെട്ടിക്കൽ ബിരിയാണി; 1990 ലോകകപ്പ് വിശേഷങ്ങൾ

ജ്യോതിസ് [email protected]
Published on May 31, 2026, 05:09 PM | 2 min read
1990-ലെ ഇറ്റാലിയൻ ലോകകപ്പ് ഗോളുകളുടെ കുറവുകൊണ്ട് വിമർശിക്കപ്പെട്ടെങ്കിലും ഒട്ടേറെ അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു. അർജന്റീനയെ അട്ടിമറിച്ച കാമറൂണിന്റെ മുന്നേറ്റം, റോജർ മില്ലയുടെ നൃത്തം, മറഡോണയുടെ കണ്ണീർ, സാൽവറ്റോർ ഷില്ലാച്ചിയുടെ ഉദയം തുടങ്ങിയവയെല്ലാം 'ഇറ്റാലിയ 90'-നെ ചരിത്രത്തിന്റെ ഭാഗമാക്കി.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഗോൾ ശരാശരി രേഖപ്പെടുത്തിയ ടൂർണമെന്റാണിത്. പ്രതിരോധത്തിലൂന്നിയ ശൈലി കാരണം 52 മത്സരങ്ങളിൽ നിന്ന് വെറും 115 ഗോളുകൾ മാത്രമാണ് പിറന്നത്. മത്സരങ്ങളിൽ ഒരു ശരാശരി 2.21 ഗോളുകൾ മാത്രമാണ് അന്ന് രേഖപ്പെടുത്തിയത്.
ഉദ്ഘാടന മത്സരത്തിലെ ഞെട്ടിക്കൽ
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ കാമറൂൺ 1-0 ന് തോൽപ്പിച്ച് വലിയൊരു 'ഞെട്ടിക്കൽ ബിരിയാണി' നൽകി. ഫ്രാങ്കോ ഒമാം ബിയീക്കാണ് (François Omam-Biyik) ചരിത്ര ഗോൾ നേടിയത്. ആ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന ചരിത്രവും കാമറൂൺ സ്വന്തമാക്കി.
റോജർ മില്ലയുടെ മക്കോസ
38-കാരനായ കാമറൂൺ സ്ട്രൈക്കർ റോജർ മില്ല ഈ ടൂർണമെന്റിൽ നാല് ഗോളുകൾ നേടി. (റൊമാനിയയ്ക്കും കൊളംബിയയ്ക്കും എതിരെ 2 ഗോളുകൾ വീതം) ഓരോ ഗോൾ നേടിയ ശേഷവും കോർണർ ഫ്ലാഗിനരികിൽ അദ്ദേഹം കാഴ്ച വച്ച മക്കോസ (Makossa) നൃത്തച്ചുവടുകൾ ലോകശ്രദ്ധ പിടിച്ചുപറ്റി.
സാമുവൽ ഒക്വാരാജിക്ക് പ്രണാമം
ആഫ്രിക്കൻ യോഗ്യതാ റൗണ്ടിനിടെ ഫുട്ബോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമുണ്ടായി. അംഗോളയ്ക്കെതിരായ മത്സരത്തിനിടെ നൈജീരിയൻ താരം സാമുവൽ ഒക്വാരാജി (Samuel Okwaraji) ഹൃദയാഘാതത്തെ തുടർന്ന് മൈതാനത്ത് വെച്ച് മരണപ്പെട്ടത് ഫുട്ബോൾ ലോകത്തിന് വലിയൊരു നൊമ്പരമായി മാറി.
ഒരു യുഗത്തിന്റെ അവസാനം
പശ്ചിമ ജർമനി, സോവിയറ്റ് യൂണിയൻ, ചെക്കോസ്ലോവാക്യ, യുഗോസ്ലാവ്യ എന്നീ രാജ്യങ്ങൾ ഒന്നിച്ച് പങ്കെടുത്ത അവസാന ലോകകപ്പായിരുന്നു 90ലേത്. ടൂർണമെന്റിന് പിന്നാലെ രാഷ്ട്രീയ കാരണങ്ങളാൽ ഈ രാജ്യങ്ങൾ പുനരേകീകരിക്കപ്പെടുകയോ വിഭജിക്കപ്പെടുകയോ ചെയ്തു.
മെക്സിക്കോ… നോ
അണ്ടർ-20 ടൂർണമെന്റിൽ പ്രായക്കൂടുതലുള്ള താരങ്ങളെ മനഃപൂർവം കളിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, 1990 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് മെക്സിക്കോയെ ഫിഫ വിലക്കി.
ബാജിയോയുടെ ഉദയം
യുവതാരമായിരുന്ന റോബർട്ടോ ബാജിയോ (Roberto Baggio) ചെക്കോസ്ലോവാക്യക്കെതിരെ നേടിയ മനോഹര സോളോ ഗോൾ ടൂർണമെന്റിലെ മികച്ച മുഹൂർത്തങ്ങളിലൊന്നായി. പശ്ചിമ ജർമൻ ക്യാപ്റ്റൻ ലോതർ മത്തൗസ് (Lothar Matthäus) മധ്യനിരയിൽ അസാമാന്യ മികവ് കാഴ്ചവച്ചു

തകരാറിലായ വാച്ച്
ഇറ്റലിയും അർജന്റീനയും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിൽ റഫറി സമയം കൃത്യമായി പരിശോധിക്കാതിരുന്നത് വിവാദമായി. ഇതിനെ തുടർന്ന് ഒന്നാം പകുതിയിൽ എട്ട് മിനിറ്റ് ഇഞ്ചുറി ടൈം അധികമായി അനുവദിച്ചു.
ഡീഗോയുടെ കണ്ണീർ
പശ്ചിമ ജർനനിയും അർജന്റീനയും തമ്മിലുള്ള ഫൈനലിൽ, ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായി ചുവപ്പ് കാർഡ് കണ്ട് പുറത്താകുന്ന താരമായി അർജന്റീനയുടെ പെഡ്രോ മോൺസൺ മാറി. ഇതിന് പിന്നാലെ ഗുസ്താവോ ഡെസോട്ടിക്കും ചുവപ്പ് കാർഡ് ലഭിച്ചു. പരുക്കൻ അടവുകൾ നിറഞ്ഞ ഫൈനലിൽ പശ്ചിമ ജർമനി 1-0 ന് കിരീടം നേടിയപ്പോൾ, തന്റെ ടീമിന്റെ തോൽവിയിൽ നിരാശനായി കണ്ണീരോടെയാണ് ഇതിഹാസ താരം ഡീഗോ മറഡോണ മൈതാനം വിട്ടത്.
ഗോൾഡൻ ഷൂവും ഗോൾഡൻ ബോളും
ടൂർണമെന്റിന് മുമ്പ് ഇറ്റലിക്കായി വെറും ഒരു അന്താരാഷ്ട്ര മത്സരം മാത്രം കളിച്ചിരുന്ന താരമായിരുന്നു സാൽവറ്റോർ “ടോട്ടോ” ഷില്ലാച്ചി (Salvatore Schillaci). എന്നാൽ ടൂർണമെന്റിൽ അപ്രതീക്ഷിത പ്രകടനം പുറത്തെടുത്ത അദ്ദേഹം ആറു ഗോളുകൾ നേടി ഗോൾഡൻ ഷൂവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി അത്ഭുതമായി.










0 comments