സേഫ്റ്റി പിൻ നൽകി വീട് വാങ്ങി; ഇവിടെ ആകെ 'പവറാ'ണ്

അമ്പിളി ചന്ദ്രമോഹനൻ
Published on Nov 24, 2025, 12:15 PM | 4 min read
ഒരു സേഫ്റ്റി പിന്നുകൊണ്ട് എന്ത് നേടാൻ കഴിയും? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ എന്തും നേടാം എന്ന് തെളിയിച്ചിരിക്കുകയാണ് കോട്ടയം വടവാതൂർ സ്വദേശി അമൽ. ആ പേര് പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോൾ ആളെ മനസിലായെന്ന് വരില്ല. പക്ഷെ യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ കണ്ടന്റ് ക്രിയേറ്ററായ പവർ സ്റ്റെല്ലാറിനെ നിങ്ങളിൽ പലർക്കും പരിചയമുണ്ടാകും. വീഡിയോയ്ക്ക് കണ്ടന്റ് ആയി തുടക്ക കാലത്ത് കോട്ടയം ടൗണിൽ ഒരാളുടെ കയ്യിൽ നിന്നും വാങ്ങിയ സേഫ്റ്റി പിൻ മറ്റ് ചിലരുടെ ജീവിതത്തെ കൂടി തുന്നിച്ചേർത്തു. സേഫ്റ്റി പിൻ ട്രേഡ് ചെയ്ത് വീട് വാങ്ങിയ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ സ്വപ്നം യാഥാർഥ്യമാക്കിയ കഥ അമൽ ദേശാഭിമാനിയോട് പങ്കുവയ്ക്കുന്നു...
പഠനം കഴിഞ്ഞ് യൂട്യൂബിലേക്ക്
ബി ടെക് പഠനം കഴിഞ്ഞ് എല്ലാവരെയും പൊലെ ഒരു സാധാരണ ജോലി ചെയ്യാൻ താത്പര്യമുണ്ടായിരുന്നില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു. കണ്ടന്റ് ക്രീയേഷൻ തുടങ്ങുന്നതിനു മുമ്പ് എക്സ്പോർട്ടിങ്ങും സ്റ്റാർട്ടപ്പും ഉൾപ്പെടെ പല പരിപാടികൾ നോക്കിയിരുന്നു. പിന്നീട് ആലോചിച്ചപ്പോഴാണ് യൂട്യൂബ് കണ്ടന്റ് ക്രീയേഷനിലേക്ക് എത്തിയത്. ഇക്കാര്യം വീട്ടിൽ ആദ്യം പറഞ്ഞപ്പോൾ സമ്മതിച്ചിരുന്നില്ല. പക്ഷെ എന്റെ ഇഷ്ടത്തിന് എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സഹോദരനാണ് വീഡിയോ എടുക്കാൻ ആദ്യമായി ഒരു ക്യാമറ വാങ്ങി നൽകുന്നത്.
നല്ല പവർ പേര്
യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ എല്ലാവരിലേക്കും വീഡിയോ എത്തണം എന്ന ആഗ്രഹം കൊണ്ടാണ് ചാനലിന് പവർസ്റ്റെല്ലാർ എന്ന് പേരിടുന്നത്. അമൽ എന്ന പേര് ചാനലിന് നൽകിയാൽ ചുരുക്കം ചില മലയാളി പ്രേക്ഷകരിലേക്ക് മാത്രം കണ്ടെന്റുകൾ ഒതുങ്ങി പോകുമായിരുന്നു. പല ഭാഷകളിൽ കണ്ടെന്റുകൾ ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പോൾ ഒരു പവർ ഉള്ള പേര് വേണം. അതുകൊണ്ടാണ് പവർസ്റ്റെല്ലാർ എന്ന പേരിലേക്ക് എത്തിയത്.
യൂട്യൂബറാകാൻ ട്രെയിനിങ്
ആളുകളോട് സംസാരിക്കാനൊക്കെ വളരെ പേടിയുള്ള ഒരാളായിരുന്നു ഞാൻ. ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ല. ആ രീതി ആദ്യം മാറ്റാണമായിരുന്നു. യൂട്യൂബിൽ നിന്ന് തന്നെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ കോഴ്സുകൾ ഒക്കെ ചെയ്തിരുന്നു. ഏഴ് മാസത്തോളം പരിശീലനം നടത്തി.
ആശയങ്ങൾ കണ്ടെത്തണം നടപ്പാക്കണം
കൃത്യമായ പ്ലാനിങ്ങും സ്ക്രിപ്റ്റിങ്ങും ഓരോ വീഡിയോ എടുക്കുമ്പോഴും ചെയ്യാറുണ്ട്. പുതിയ ആശയങ്ങൾ തോന്നുമ്പോൾ ഐഡിയ ബുക്കിൽ കുറിച്ചിടും. സമയമെടുത്ത് ആ ആശയം വികസിപ്പിക്കും. എഡിറ്റിങ് കഴിഞ്ഞ് അപ്‌ലോഡ് ചെയ്യുന്ന വീഡിയോ എങ്ങനെ വേണമെന്ന് ആദ്യം തന്നെ മനസിൽ ഒരു പ്ലാനിങ് ഉണ്ടാകും. ഡയലോഗുകൾ, ഷോട്ട്, ആംഗിൾ അങ്ങനെ എല്ലാം പ്ലാൻ ചെയ്യും. ഒരു വീഡിയോ ചെയ്യാൻ ചിലപ്പോൾ രണ്ടാഴ്ച വരെ സമയം എടുക്കും.
സേഫ്റ്റി പിൻ ചലഞ്ച്
കാനഡക്കാരനായ കൈൽ മക്ഡോണാൾഡ് ഒരു പേപ്പർക്ലിപ്പ് ചലഞ്ച് ചെയ്തതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സേഫ്റ്റി പിൻ ചലഞ്ച് ചെയ്യുന്നത്. ഏകദേശം രണ്ട് വർഷം മുമ്പ് കോട്ടയം ടൗണിൽ നിന്നും ഒരു അമ്മയുടെ കയ്യിൽ നിന്ന് സേഫ്റ്റിപിൻ വാങ്ങിയാണ് ചലഞ്ച് തുടങ്ങിയത്. സേഫ്റ്റിപിൻ ചലഞ്ച് തുടങ്ങുമ്പോൾ എനിക്ക് 1000 സബ്സ്ക്രൈബേഴ്സ് ആണ് ഉണ്ടായിരുന്നത്. അന്ന് ആ അമ്മയോട് ഞാൻ പറഞ്ഞത് 1000 പേർ കൂടെയുണ്ട് എന്നാണ്. ട്രേഡിങ്ങിൽ പണം വാങ്ങാൻ കഴിയില്ല എന്നായിരുന്നു നിബന്ധന. പിന്നിന് പകരം ആദ്യം ലഭിച്ചത് ഒരു പേനയായിരുന്നു. ഒരുമാസത്തിനു ശേഷം ഒറ്റ ദിവസം കൊണ്ടാണ് യൂബട്യൂബിൽ 100000 സബ്സ്ക്രബേർസ് ആയി. അതുകഴിഞ്ഞ് ട്രേഡിങ് വളരെ എളുപ്പമായിരുന്നു. വീട്ടിലുള്ള ഓരോ വസ്തുക്കൾ ട്രേഡ് ചെയ്യാം എന്ന് അറിയിച്ച് നിരവധി ഫോൺകോളുകൾ വന്നിരുന്നു.
17 ട്രേഡുകൾ നടന്ന് കഴിഞ്ഞപ്പോൾ അവസാനം ഒരു സ്വർണ നാണയവും എസിയും കിട്ടി. അത് ട്രേഡ് ചെയ്തപ്പോഴാണ് വീട് കിട്ടിയത്. എന്നാൽ അവസാന ട്രേഡ് അത്ര എളുപ്പമായിരുന്നില്ല. വീട് എന്ന ആവശ്യവുമായി ഒരുപാട് ആളുകളെ സമീപിച്ചു. ആരും തയാറായില്ല. പിന്നീട് ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോം നടത്തുന്ന അനന്ദു ചേട്ടന് ഒരു മെസ്സേജ് അയക്കുകയായിരുന്നു. അതാണ് വഴിത്തിരിവായത്.
ആദ്യം ചലഞ്ച്, പിന്നീട് ഉത്തരവാദിത്തം
വീട് ട്രേഡ് ചെയ്ത് ലഭിക്കാൻ കാലതാമസം എടുത്തതോടെ കയ്യിൽ കിട്ടിയ ഗോൾഡ് കോയിനും എസിയും ഞാൻ അടിച്ചുമാറ്റി എന്ന തരത്തിൽ ആളുകൾ സംസാരിച്ചുതുടങ്ങി. എത്രയും വേഗം ആ ചലഞ്ച് തീർക്കണം എന്നായിരുന്നു അപ്പോൾ മനസിൽ. ചലഞ്ച് മുന്നോട്ടു കൊണ്ടുപോകാൻ ഒരുപാടു പ്രയാസപ്പെട്ടു. വീടിനായി കുറെ ആളുകളെ ബന്ധപ്പെട്ടു. ആരും സമ്മതിച്ചില്ല. ഒടുവിലാണ് അനന്ദു ചേട്ടന് മെസേജ് അയക്കുന്നത്. ആറ് ദിവസം ഒന്നും സംഭവിച്ചില്ല. അവസാന ദിവസം ഒരു റിപ്ലേ കിട്ടി ചേട്ടൻ കാണാൻ വരാൻ പറഞ്ഞതും. എന്റെ സേഫ്റ്റി പിൻ ചലഞ്ച് വീഡിയോകൾ ചേട്ടൻ നേരത്തെ കണ്ടിരുന്നു. അതുകൊണ്ട് തന്നെ വീട് എന്ന ആവശ്യത്തിന് ഓക്കേ പറഞ്ഞു. അത് അങ്ങനെയാണ്. നമ്മൾ ഒരു കാര്യം ഒരുപാട് ആഗ്രഹിച്ചാൽ ഒരു അത്ഭുതം നടക്കും.
സേഫ്റ്റി പിൻ കൊണ്ട് സേഫായി വീട്
വീട് കിട്ടി കഴിഞ്ഞപ്പോൾ ആർക്ക് കൊടുക്കും എന്ന അന്വേഷണമായിരുന്നു പിന്നീട്. ഒരുപാട് ആളുകൾ വീടിനായി സമീപിച്ചു. അടച്ചുറപ്പില്ലാത്ത ഷെഡിൽ താമസിച്ചിരുന്ന ഒരു കുടുംബത്തെ അവിചാരിതമായാണ് കാണുന്നത്. തുടർന്ന് അവർക്ക് വീട് വച്ച് നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. വിവരം അവരെ അറിയിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ല. പിന്നീടും അവർ പലപ്പോഴായി പറ്റിപ്പാണോ എന്ന് വിളിച്ച് ചോദിച്ചിരുന്നു. അവസാനം ആ വീട് പൂർത്തിയായി. അവർ സന്തോഷത്തോടെ വീട് ഏറ്റുവാങ്ങി. ഒപ്പം എനിക്കും വലിയ സന്തോഷം.
പരീക്ഷണങ്ങൾ, പുതിയ അനുഭവങ്ങൾ
വെറുതെ നമ്പർ ഡയൽ ചെയ്ത് മുംബൈയിൽ ഉള്ള ഒരാളെ വിളിച്ച അനുഭവം പുതിയതായിരുന്നു. ഒരു വീഡിയോയ്ക്ക് വേണ്ടി ചെയ്തതാണ്. നിരവധി ആളുകളെ അങ്ങനെ വിളിച്ചിരുന്നു. ആന്ധ്രയിൽ നിന്നുള്ളവരൊക്കെ ഫോൺ എടുത്തു. ചിലരൊക്കെ ചീത്തവിളിച്ചിട്ടുണ്ടാകും. ഭാഷയറിയാത്തതുകൊണ്ട് മനസിലായില്ല.
അവസാനമാണ് മുംബൈയിലെ ഒരു ചേട്ടനെ ഫോണിൽ കിട്ടുന്നത്. ഒരു ചായകുടിക്കാൻ വരട്ടെ എന്നായിരുന്നു എന്റെ ചോദ്യം. മറുതലയ്ക്കൽ നിന്ന് വന്നോളൂ എന്ന് പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. മുംബൈക്ക് വണ്ടികയറി.
സിനിമകളിലെ ധാരാവിയാണോ യാഥാർഥ്യം
ധാരാവിയെക്കുറിച്ച് നമ്മൾ കേട്ടതൊക്കെ പകുതി ശരിയും പകുതി തെറ്റുമാണ്. അവിടെ പല വശങ്ങളിലും പല ജീവിതമാണ്. ചിലത് ചേരികൾ ആയിരിക്കും. ചില പ്രദേശത്ത് ഒരുപാട് കമ്പനികൾ പ്രവർത്തിക്കുന്നുണ്ടാകും. മാന്യവർ പോലുള്ള വലിയ ബ്രാൻഡ് തയാറാക്കുന്നത് ധാരാവിയുടെ തെരുവുകളിൽ നിന്നാണ്.
കേരളം വ്യത്യസ്തമാണ്
നമ്മുടെ കേരളം എല്ലാം കൊണ്ടും വളരെ വ്യത്യസ്തമാണ്. എന്തുകൊണ്ടും സമ്പന്നമായ ഒരു സംസ്ഥാനമാണ്. എല്ലാം നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്. ബീച്ചും ഹിൽസ്റ്റേഷനും ഒരേ ജില്ലയിൽ തന്നെ സഞ്ചരിച്ചാൽ എത്താൻ കഴിയും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമുക്ക് വളരെ സൗകര്യങ്ങളുണ്ട്. അവ വികസിപ്പിച്ചാൽ മാത്രം മതി.
മറ്റ് സംസ്ഥാനങ്ങളിൽ ആളുകൾ നമ്മുടെ നാട്ടിലെത്തി വീടുകളൊക്കെ കണ്ടു കഴിയുമ്പോൾ ഇത് റിസോർട്ട് ആണോ എന്നൊക്കെ ചോദിക്കാറുണ്ട്. അവിടെ കൂടുതലും ഒറ്റമുറി വീടുകളാണ്. ആളുകളുടെ സ്വഭാവത്തിലും വലിയ വ്യത്യാസമുണ്ട്. എവിടെ ചെല്ലുമ്പോളും നല്ല കുറെ മനുഷ്യരെകിട്ടും. പിന്നെ അവരുടെ കൂടെ വൈബ് പിടിച്ചു പോകും.
കണ്ടന്റ് ക്രിയേഷൻ റിസ്കോ?
കോവിഡ് കാലഘട്ടത്തിന് ശേഷം ഞാൻ ഉൾപ്പെടെ നിരവധി പേരാണ് യൂട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ കണ്ടെന്റ് ക്രിയേഷൻ ചെയ്യുന്നത്. കോമ്പറ്റിഷൻ ഓരോ ദിവസവും കൂടിവരുന്നു. നാലു മാസം കൂടുമ്പോൾ പുതിയ പുതിയ ഐഡിയ കൊണ്ടുവരാൻ നോക്കാറുണ്ട്. അങ്ങനെയാണ് ബഡ്ജറ്റ് അലക്സ ഒക്കെ ചെയ്തത്. എല്ലാവരും ഇപ്പോൾ ഫോണിൽ ആണ്. അതുകൊണ്ട് തന്നെ അറ്റൻഷൻ സ്പാൻ വളരെ കുറവാണ്. അവരെ കൺവീൻസ് ചെയ്യുക എന്നതാണ് വെല്ലുവിളി. അതിന് അനുസരിച്ച് വർക്ക് ചെയ്യേണ്ടതുണ്ട്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജോലി ചെയ്യാൻ കഴിയുന്ന ഒരു പവർഫുൾ പ്ലാറ്റഫോം ആണിത്. എത്തിക്കലായി നല്ല കണ്ടെന്റുകൾ ചെയ്യണമെന്നാണ് ആഗ്രഹം.









0 comments