കേരളത്തിലെ വിദ്യാർഥികളെല്ലാം വിദേശത്തോ..? ആശങ്ക വേണ്ടെന്ന് കണക്കുകൾ

കേരളത്തിലെ വിദ്യാർഥികളെല്ലാം വിദേശത്തേക്ക് സഞ്ചരിക്കുകയാണെന്നും കേരളത്തിന്റെ മനുഷ്യവിഭവശേഷി കേരളത്തിൽ തന്നെ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നുമുള്ള വാർത്തകൾ നമ്മളൊരുപാട് കേൾക്കുന്നതാണ്. ഒരുപാട് പ്രവാസികളുള്ള കേരളത്തിൽ നിലവിൽ കാണുന്ന കുടിയേറ്റം ആശങ്ക ജനിപ്പിക്കുന്നത് തന്നെയാണ്. എന്നാൽ അങ്ങനെ ആശങ്കപ്പെടേണ്ട കാര്യം ഇവിടുത്തെ കുടിയേറ്റത്തിനുണ്ടോ. അത് കണക്കുകൾ കൊണ്ട് തന്നെ ചർച്ച ചെയ്യേണ്ട വിഷയമാണ്.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് (ഐഐഎംഎഡി) നടത്തിയ കേരള മൈഗ്രേഷൻ സർവേയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം നടത്തുന്നവർ ഒരു ചെറിയ ശതമാനം മാത്രമാണ്. കേരളത്തിലെ മുഴുവൻ ജനസംഖ്യയുടെ 6.15% ആളുകളാണ് വിദേശത്തേക്ക് കുടിയേറിയവർ. ഇതിൽ 25% പേർ തെക്കൻ കേരളത്തിൽ നിന്നും 33.1% പേർ മധ്യകേരളത്തിൽ നിന്നും 41.8% പേർ വടക്കൻ കേരളത്തിൽ നിന്നുമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ മലപ്പുറം ജില്ലയിൽ നിന്നാണ് 3.7 ലക്ഷം, പുറകെ 2.3 ലക്ഷം തൃശൂർ, 2.1 ലക്ഷം കണ്ണൂർ, 1.95 ലക്ഷം കൊല്ലം, 1.93 ലക്ഷം കോഴിക്കോട്, 1.86 ലക്ഷം എറണാകുളം എന്നിങ്ങനെയാണ്.
ഈ കണക്ക് നിലനിൽക്കുമ്പോൾ കേരളത്തിലെ ഭൂരിഭാഗം ആളുകളും വിദേശത്താണ് എന്ന നിലയിൽ പ്രചാരണങ്ങൾ വരുന്നുണ്ട്. എന്നാൽ ഒരു വിദേശ കുടിയേറ്റക്കാരൻ പോലും ഇല്ലാത്ത 83.8% കുടുംബങ്ങൾ കേരളത്തിൽ ഉണ്ട്. ഒരാൾ മാത്രം വിദേശത്തേക്ക് കുടിയേറിയതാണെങ്കിൽ 12.9% കുടുംബങ്ങൾ മാത്രം. കുടിയേറ്റക്കാരുൽ 19.1% സ്ത്രീകളും 80.9% പുരുഷന്മാരുമാണെങ്കിലും വിദേശ വിദ്യാർത്ഥികളിൽ 45.6% പെൺകുട്ടികളാണ്. ഇതിൽ തന്നെ 41% ഓളം ആളുകളും ബിരുദദാരികളാണ്. ഉപരിപഠനത്തിനായി വിദേശത്തേക്ക് കുടിയേറിയവരാണ് ഇവരെന്നാണ് കണക്കുകൾ. 76.9% പേരും ജോലിക്കായി വിദേശത്തേക്ക് കുടിയേറിയവരാണ്. ഉപരിപഠനത്തിനായി കുടിയേറിയവർ 11.3% പേരാണ്.
ഇതുവരെ കുടിയേറിയവരുടെ കണക്കെടുക്കുമ്പോൾ പ്രവാസികളുടെ കണക്ക് വലിയ സംഖ്യയായി തോന്നുന്നത് സ്വാഭാവികം. എന്നാൽ കുടിയേറിയ കണക്കിനോളം തന്നെ പ്രധാനമാണ് പ്രവാസം മതിയാക്കി കേരളത്തിലേക്ക് തിരികെ വന്നവരുടെ കണക്ക്. ഏതാണ്ട് 17 ലക്ഷത്തോളം ആളുകൾ പ്രവാസം മതിയാക്കി മടങ്ങിവന്നരുടെ ലിസ്റ്റിലുണ്ട്. മടങ്ങിവന്നവരിൽ 58% ആളുകളും പത്താം ക്ലാസോ അതിൽ താഴേയോ വിദ്യാഭ്യാസമുള്ളവരാണ്. ജോലി ചെയ്യുന്ന കുടിയേറ്റക്കാരിൽ നിന്നും ഒരു വർഷം കേരളത്തിലേക്ക് വരുന്ന റെമിറ്റൻസ് 2.1 ലക്ഷം കോടി രൂപയാണ്. 2018 ൽ ഇത് 85000 കോടി മാത്രമായിരുന്നു. ഏഴു വർഷം കൊണ്ട് ഇത് ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ട്.
കേരളത്തിലെ സമ്പദ്ഘടനയ്ക്ക് ഗുണമാകുന്ന തരത്തിലാണ് നിലവിൽ കേരളത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ നിന്ന് കുടിയേറിയ ജനങ്ങളുടെ എണ്ണം വളരെ കുറവാണെന്ന് മാത്രമല്ല, അവർ സമ്പാദിക്കുന്ന പണവും കേരളത്തിലേക്ക് തന്നെയാണ് റെമിറ്റൻസായി എത്തുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള കുടിയേറ്റത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് തന്നെയാണ് ഔദ്യോഗിക കണക്കുകളും ചൂണ്ടിക്കാണിക്കുന്നത്. നോർക്ക റൂട്ട്സിന്റെ വിശദമായ റിപ്പോർട്ട് https://iimad.org/wp-content/uploads/2024/06/KMS-2023-Report.pdf എന്ന ലിങ്കിൽ നിന്ന് പരിശോധിക്കാം. ഈ റിപ്പോർട്ടിൽ ഈ നിരക്കുകളും അതിന്റെ വിശദാംശങ്ങളുമുണ്ട്.









0 comments