നവകേരളത്തിന്റെ സുവർണ മുദ്രകൾ
ചരിത്രം തിരുത്തിയ കുതിപ്പുകൾ


സി കെ ദിനേശ്
Published on Apr 21, 2025, 12:00 AM | 5 min read
ഇതാ .... നവകേരളത്തിന്റെ സുവർണ മുദ്രകൾ. അസാധ്യമായതെല്ലാം സാധ്യമാക്കിയ ഭരണമികവിന്റെ ഒമ്പത് വർഷങ്ങൾ. തലയുയർത്തി നിൽക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, തീരദേശ, മലയോര ഹൈവേകൾ, വാട്ടർ മെട്രോ, സിറ്റി ഗ്യാസ്, വ്യവസായ ഇടനാഴി, കെ ഫോൺ... ലോകത്തിന് മാതൃകയായി ആരോഗ്യരംഗം, ഹൈടെക് സ്‌കൂളുകൾ, എ പ്ലസ് നേടിയ ഉന്നത വിദ്യാഭ്യാസരംഗം. രാജ്യത്തിന് മാതൃകയായി ലൈഫ് മിഷൻ, സാധ്യതകളുടെ പുതുലോകം തുറന്ന് വ്യവസായമേഖല. കുടിശ്ശിക തീർത്ത് ക്ഷേമപെൻഷൻ വീടുകളിലെത്തിച്ച, രണ്ട് പ്രളയങ്ങളും നിപ്പയും കോവിഡും അതിജീവിച്ച നേതൃമികവിൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമായും കേരളം ചരിത്രമാകുകയാണ്
തിരുവനന്തപുരം : ചരിത്രംതിരുത്തിയ കുതിപ്പുകൾ ഓർമിപ്പിച്ചാകും സംസ്ഥാന സർക്കാരിന്റെ നാലാംവാർഷികാഘോഷ പരിപാടികൾ. 2016മുതൽ ഒന്നാം പിണറായി സർക്കാരും 2021 ൽ രണ്ടാം പിണറായി സർക്കാരും കേരളത്തെ വികസനത്തിലൂടെ മാറ്റിയെടുത്തതിന്റെ ചിത്രമാണ് ജനങ്ങളുടെ മുന്നിലുള്ളത്. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ കൂറ്റൻ പദ്ധതികളടക്കം യാഥാർഥ്യമായി.
ഗതാഗത പ്രശ്നങ്ങൾക്കും വൈദ്യുതി ക്ഷാമത്തിനും പരിഹാരം കണ്ടു, ഒന്നാം പിണറായി സർക്കാർ. അടഞ്ഞുകിടന്ന പൊതുവിതരണ കേന്ദ്രങ്ങളും ആതുരാലയങ്ങളും തുറന്നു. സർക്കാർ സ്കൂളുകൾ മികച്ച മാതൃകകളായി. രാജ്യത്തിന് മാതൃകയായി ലൈഫ്‌മിഷൻ. കുടിശിക തീർത്ത് ക്ഷേമപെൻഷൻ വീടുകളിലെത്തിച്ചു. രണ്ട് പ്രളയങ്ങളും നിപ്പയും കോവിഡും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാം അതിജീവിച്ചു.
രണ്ടാം പിണറായി സർക്കാർ വികസന–- -ക്ഷേമ തുടർച്ചയിൽ വിട്ടുവീഴ്‌ച ചെയ്തില്ല. വിഴിഞ്ഞം തുറമുഖം തല ഉയർത്തി നിൽക്കുന്നു. അതിദരിദ്രർ ഇല്ലാത്ത ആദ്യ സംസ്ഥാനമാകുന്നു. വലിയ മുന്നേറ്റമുണ്ടാക്കിയ ഉന്നത വിദ്യഭ്യാസ മേഖല. ദേശീയപാത വികസനം, മലയോര–-തീരദേശ ഹൈവേകൾ, വാട്ടർ മെട്രോ, സിറ്റി ഗ്യാസ്, വ്യവസായ ഇടനാഴി, കെ ഫോൺ, ദേശീയ ജലപാത... സമൂഹത്തെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്ന ഭാവനാപൂർണമായ പദ്ധതികളാണ് നടപ്പാക്കുന്നത്.
2016 മുതലുള്ള ഒമ്പതുവർഷം ജനങ്ങളുടെ ക്ഷേമവും അവശ്യ വികസനങ്ങളും ഉറപ്പാക്കുക മാത്രമല്ല, നാളെയുടെ കേരളത്തിനുള്ള പദ്ധതികൾക്കും തുടക്കമിടുകയാണ് ചെയ്തത്.
ജില്ലകളിൽ പൂർത്തിയാകാനുള്ളതും തുടങ്ങേണ്ടതുമായ പദ്ധതികളും പരിപാടികളും വാർഷികാഘോഷയോഗങ്ങളിൽ ചർച്ചയാകും. പ്രാദേശിക മുന്നേറ്റത്തിന് ആശയ രൂപീകരണവും നടക്കും. നവകേരള സ്വപ്നങ്ങളിലേക്കുള്ള യാത്രകൂടിയാകും ഇത്.
കിഫ്‌ബി കേരളത്തിന്റെ സ്വപ്‌ന സാഫല്യം
മുപ്പതോ നാൽപ്പതോ വർഷം കാത്തിരുന്നാൽ മാത്രം യാഥാർഥ്യമാകുമായിരുന്ന പദ്ധതികളാണ് ഒമ്പതു വർഷത്തിനുള്ളിൽ കിഫ്‌ബി സാധ്യമാക്കിയത്. 87,521. 36 കോടിരൂപയുടെ 1,147 പദ്ധതികൾ ഏറ്റെടുത്തു. റോഡ്, പാലം, ആശുപത്രി, സ്‌കൂൾ, ഐടി കെട്ടിടം, ട്രാൻസ്‌ഗ്രിഡ്, കെ ഫോൺ, ദേശീയ ജലപാത, വ്യവസായ ഇടനാഴി എന്നിവയെല്ലാം കിഫ്‌ബി യാഥാർഥ്യമാക്കി. ദേശീയപാതയ്‌ക്കും മറ്റു റോഡുകൾക്കുമായി സ്ഥലം ഏറ്റെടുക്കാൻ 6769.01 കോടിരൂപയാണ് ചെലവിട്ടത്.
എറണാകുളം ചെല്ലാനത്തെ ജനത കടൽകയറ്റംമൂലം അനുഭവിച്ച ദുരിതം കേരളം മറികടന്നു. 336 കോടിരൂപ ചെലവിട്ടാണ് ചെല്ലാനത്ത് കടൽഭിത്തിയും പുലിമുട്ടും നിർമിച്ചത്. കേന്ദ്രം അടച്ചുപൂട്ടലിലെത്തിച്ച എച്ച്‌എൻഎല്ലിനെ കേരള പേപ്പർ കമ്പനിയായി പുനരുജ്ജീവിപ്പിക്കാൻ 200.60 കോടിയാണ് കിഫ്ബി നൽകിയത്. സംസ്ഥാനത്താകെയുള്ള ആശുപത്രികളിൽ 90 ഐസൊലേഷൻ വാർഡുകൾ ഒരുക്കാനായി 236.30 കോടി രൂപ കിഫ്‌ബി വിനിയോഗിച്ചു. ഐടി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 1,652 കോടി രൂപയാണ് നൽകിയത്. വിദൂര ആദിവാസി മേഖലകളിലടക്കം ഇന്റർനെറ്റ് എത്തിക്കാൻ കെ ഫോൺ പദ്ധതി നടപ്പാക്കി.
16,027 സ്‌കൂളുകളിൽ 3,74,274 ഡിജിറ്റൽ ഉപകരണങ്ങൾ, 4,752 സ്‌കൂളിലായി 45,000 ഹൈടെക് ക്ലാസ് മുറി, 11,275 സ്‌കൂളിൽ ഹൈടെക് ലാബ് പദ്ധതി എന്നിവയും യാഥാർഥ്യമാക്കി. എസ്‌സി, എസ്ടി വകുപ്പിന്റെ കീഴിൽ 182.23 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളൊരുക്കി. കിൻഫ്ര അമ്പലമുകളിൽ സ്ഥാപിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ സ്ഥലമേറ്റെടുപ്പിനായി 977.46 കോടി രൂപ നൽകി. കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതും കിഫ്‌ബിയുടെ തണലിൽ.

നാലിന പരിപാടിയുമായി വാർഷികാഘോഷം
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്നത് നാല് പരിപാടികൾ. എന്റെ കേരളം പ്രദർശന വിപണന മേള, മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം, മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലാ അവലോകനയോഗം, വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന സംസ്ഥാനതലയോഗങ്ങൾ എന്നിവ. വാർഷികാഘോഷം 21 ന് കാസർകോട്ടുനിന്ന് തുടങ്ങി മെയ് 23 ന് തിരുവനന്തപുരത്ത് സമാപിക്കും.
ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. യോഗം രാവിലെ 10.30ന് തുടങ്ങി 12.30ന് അവസാനിക്കും. മേഖലാ അവലോകനയോഗം രാവിലെ 10.30 മുതൽ 12.30 വരെ.
എന്റെ കേരളം പ്രദർശന വിപണനമേള
● 21 മുതൽ 27 വരെ കാസർകോട് പിലിക്കോട് കാലിക്കടവ് മൈതാനം
● 22 മുതൽ 28 വരെ വയനാട് കൽപറ്റ എസ്‌കെഎംജെ സ്‌കൂൾ
● 24 മുതൽ 30 വരെ കോട്ടയം നാഗമ്പടം മൈതാനം
● 29 മുതൽ മെയ് 5 വരെ ഇടുക്കി ചെറുതോണി വാഴത്തോപ്പ് വി എച്ച് എസ് മൈതാനം
● 3 മുതൽ 12 വരെ കോഴിക്കോട് ബീച്ച്
● 4 മുതൽ 10 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിർ വശത്തുള്ള മൈതാനം
● 6 മുതൽ 12 വരെ ആലപ്പുഴ ബീച്ച്
● 7 മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്ന്
● 8 മുതൽ 14 വരെ കണ്ണൂർ പൊലീസ് മൈതാനം
● 11 മുതൽ 17 വരെ കൊല്ലം ആശ്രാമം മൈതാനം
● 16 മുതൽ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളം മൈതാനം
● 17 മുതൽ 23 വരെ എറണാകുളം മറൈൻ ഡ്രൈവും തിരുവനന്തപുരം കനകകുന്നിലും
● 18 മുതൽ 24 വരെ തൃശൂർ സ്വരാജ് ഗ്രൗണ്ടിലെ വിദ്യാർഥി കോർണർ.
വിവിധ വകുപ്പുകളുടെ യോഗം
● മെയ് 3–യുവജനക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന യോഗം–- കോഴിക്കോട്
● മെയ് 11–ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫഷണൽ വിദ്യാർഥികളുമായുള്ള ചർച്ച–-കോട്ടയം
● മെയ് 17- ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രൊഫഷണലുകളുമായുള്ള ചർച്ച–- തിരുവനന്തപുരം
● മെയ് 18–പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് സംഘിപ്പിക്കുന്ന യോഗം–- പാലക്കാട്
● മെയ് 19–സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന യോഗം–- തൃശൂർ
● മെയ് 27–വനിതാവികസന വകുപ്പ് സംഘടിപ്പിക്കുന്ന യോഗം–- എറണാകുളം
ലോകോത്തരപാതകൾ താനേ വന്നതല്ല ഇത് നവകേരള നിർമിതി
കാസർകോടുമുതൽ തിരുവനന്തപുരംവരെ നീളുന്ന ദേശീയപാത 66 നവകേരളത്തിലെ വികസനപ്പരവതാനിയാണ്. ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ ആറുവരിപ്പാത യാഥാർഥ്യമായത് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തി ഒന്നു കൊണ്ടുമാത്രം.
സംസ്ഥാനത്തെ പശ്ചാത്തല വികസനം മലയോര ഹൈവേ, തീരദേശപാത, റെയിൽവേ മേൽപ്പാലം, സ്‌മാർട്ട് റോഡ് എന്നിങ്ങനെ ലോകോത്തര നിലവാരത്തിൽ കുതിക്കുകയാണ്. നവ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിസ്ഥിതി സൗഹൃദ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിന്റെ സമ്പദ്ഘടനയിൽ ഗുണപരവും കാലോചിതവുമായ മാറ്റത്തിനായി പൊതുമരാമത്ത്–ടൂറിസം വകുപ്പുകൾ രൂപകല്പനാ നയം രൂപീകരിച്ചുകഴിഞ്ഞു. കെട്ടിടം, പാലം, റോഡ്, സൈനേജ് മുതലായവയുടെ രൂപകൽപ്പന സംബന്ധിച്ച സമഗ്രനയമാണിത്.
നയം നടപ്പാക്കാനും മാർഗനിർദേശം നൽകാനുമായി സംസ്ഥാനതല ഡിസൈൻ കൗൺസിലും രൂപീകരിച്ചു. പ്രത്യേകം ഡിസൈൻ ലാബുകളും ഇൻകുബേഷൻ സെന്ററുകളും ഉടൻ ആരംഭിക്കും. തൊഴിലവസരങ്ങൾക്കൊപ്പം കേരളത്തെ ആഗോള ഡിസൈൻ ഹബ്ബായി അടയാളപ്പെടുത്തുകയാണ് ലക്ഷ്യം.
ദേശീയപാത
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 വികസനം 2026നകം പൂർത്തിയാക്കാനാകും. 701.45 കിലോമീറ്റർ ദേശീയപാതയിൽ 500 കിലോമീറ്റർ നിർമാണം പൂർത്തിയായി. 2025 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ 19 സ്ട്രെച്ചുകളിൽ പ്രവൃത്തി പുരോഗമിക്കുന്നു. നീലേശ്വരം ടൗൺ ആർഒബി, എടപ്പള്ളി---- –വൈറ്റില– അരൂർ, കാരോട്– മുക്കോല, മുക്കോല –കഴക്കൂട്ടം, കഴക്കൂട്ടം ആകാശപാത, തലശേരി – മാഹി ബൈപാസ്, മൂരാട്- പാലോളിപ്പാലം എന്നീ ഏഴ് സ്ട്രെച്ചുകളിൽ നിർമാണം പൂർത്തിയായി.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനായി രാജ്യത്ത് ആദ്യമായി 25 ശതമാനം തുക ചെലവഴിക്കാമെന്ന് സമ്മതിച്ച സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കൈമാറിയത് 5580.73 കോടി രൂപ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പദ്ധതിക്കാണ് ജീവൻവച്ചത്.

മലയോര ഹൈവേ
മലയോര ഹൈവേ നിർമാണം എട്ട് ജില്ലകളിലായി 250 കിലോമീറ്റർ പൂർത്തിയായി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെആർഎഫ്ബി മുഖേന ആകെ 793.68 കിലോമീറ്റർ നീളത്തിലാണ് പാത. ഒരു വർഷത്തിനകം 200 കിലോമീറ്റർകൂടി പണി പൂർത്തിയാക്കും.
തീരദേശ ഹൈവേ
തീരദേശമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള, ഒമ്പത് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശപാത വിനോദ സഞ്ചാരമേഖലയ്‌ക്ക് കുതിപ്പേകും. 537 കിലോ മീറ്ററിലാണ് കിഫ്ബി പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റർ അതിർത്തി കല്ല് സ്ഥാപിച്ചു. മികച്ച പുനരധിവാസ പാക്കേജുമൊരുക്കി. പാത പൂർത്തിയാകുന്നതോടെ ഓരോ അമ്പത് കിലോമീറ്ററിലും പ്രകൃതി മനോഹരമായ തീരദേശ റോഡുണ്ടാകും.
ലെവൽ ക്രോസ് രഹിത കേരളം
പണി പൂർത്തിയാകുന്ന നാല് റെയിൽവേ മേൽപ്പാലങ്ങൾ രണ്ടുമാസത്തിനുള്ളിൽ തുറക്കും. എട്ട് റെയിൽവേ മേൽപാലങ്ങൾ പൂർത്തിയാക്കി തുറന്നുകൊടുത്തു. വിവിധ ഘട്ടങ്ങളിലായി കിഫ്ബി ഫണ്ടിൽ 72 റെയിൽവേ മേൽപ്പാലങ്ങളാണ് നിർമിക്കുന്നത്.
റണ്ണിങ് കോൺട്രാക്ട്
പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിന് റണ്ണിങ് കോൺട്രാക്‌റ്റ് സംവിധാനം നടപ്പാക്കി. പരിപാലന കാലാവധി പരിധിവയ്‌ക്കാതെ പരിപാലനം ഉറപ്പുവരുത്താനാണ് റണ്ണിങ് കോൺട്രാക്‌റ്റിന് തുടക്കമിട്ടത്. സംസ്ഥാനത്തെ 90 ശതമാനത്തിലധികം റോഡും
ഈ സംവിധാനത്തിൽ കൊണ്ടുവന്നു.









0 comments