അതിജീവിതക്കെതിരെ സൈബർ ആക്രമണം
രാഹുൽ ഇൗശ്വറിന്റെ ടെക്‌നോപാർക്കിലെ ഓഫീസിൽ പരിശോധന നടത്തും

തിരുവനന്തപുരം: അതിജീവിതക്കെതിരായ സൈബർ ആക്രമണത്തിൽ റിമാന്റിലായ രാഹുൽ ഇൗശ്വറിന്റെ ടെക്‌നോപാർക്കിലെ ഓഫീസിൽ പൊലീസ് പരിശോധന നടത്തും. ഇതിനായി രാഹുലിനെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ചൊവ്വാഴ്‌ച കോടതിയിൽ സമർപ്പിച്ചേക്കും. ടെക്‌നോപാർക്കിൽ തനിക്ക് ഓഫീസ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ രാഹുൽ ഇൗശ്വർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഇൗ ഓഫീസിനെ കുറിച്ച് കൂടുതൽ വിവരം നൽകിയിട്ടില്ല. അതിനിടെ, രാഹുലിന്റെ ലാപ്‌ടോപ്പിൽനിന്ന് കണ്ടെടുത്ത യുവതിയുടെ ചിത്രവും വീഡിയോയും കൂടുതൽ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കാൻ ഹാർഡ് ഡിസ്‌ക് പൊലീസ് ഫോറൻസിക് പരിശോധനക്ക് അയക്കും.
ചോദ്യം ചെയ്യലിലും ലാപ്‌ടോപ്പ് അടക്കം പരിശോധിച്ചതിലും രാഹുൽ ഇൗശ്വർ കുറ്റം ചെയ്‌തതിന് ഡിജിറ്റൽ തെളിവ് അടക്കം അന്വേഷണം നടത്തുന്ന സൈബർ പൊലീസിന് ലഭിച്ചിരുന്നു. ഇൗ തെളിവുകൾ ബോധ്യപ്പെട്ടതിനാലാണ് കോടതി റിമാന്റ് ചെയ്‌തത്. അതേസമയം, ജാമ്യം നൽകിയാൽ രാഹുൽ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും രാജ്യം വിട്ടേക്കുമെന്നും അന്വേഷണ സംഘം റിമാന്റ് റിപ്പോർട്ടിൽ പറഞ്ഞു. മറ്റു പ്രതികളുമായി ചേർന്ന് തെളിവ് നശിപ്പിക്കാനിടയുള്ളതായും വ്യക്തമാക്കിയിട്ടുണ്ട്.
ലാപ്‌ടോപ്പിലെ ചിത്രവും മറ്റും ക്ലൗഡ് സ്‌റ്റോറേജിൽ അടക്കം സൂക്ഷിച്ചിട്ടുണ്ടോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. ടെക്‌നോപാർക്കിലെ ഓഫീസിൽ അതുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധന നടത്തും. കമ്പ്യൂട്ടർ ഉൾപ്പെടെ കസ്‌റ്റഡിയിലെടുത്തേക്കും. അതിനിടെ, തിങ്കളാഴ്‌ച രാഹുലിന്റെ പൗഡിക്കോണത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനും മറ്റും ഹോം തിയേറ്റർ സജ്ജമാക്കിയത് കണ്ടെത്തിയിരുന്നു.








0 comments