ദിത്വാ ചുഴലിക്കാറ്റ്
കനത്ത മഴ തുടരുന്നു; തമിഴ്നാട്ടിൽ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി

ചെന്നൈ: ദിത്വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലാ കലക്ടർമാരാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്. പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്റെ (ആർഎംസി) മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം. നിലവിലുള്ള പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിക്കുകയായിരുന്നു.
അണ്ണാ സർവകലാശാലയും മദ്രാസ് സർവകലാശാലയും സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റുന്നതെന്ന് സർവകലാശാലകൾ വ്യക്തമാക്കി. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ചെന്നൈയിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലെ മുതൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ട്. കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചാൽ അത് പാലിക്കണമെന്നും അധികൃതർ ജനങ്ങളെ അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വാ ചുഴലിക്കാറ്റ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്-പുതുച്ചേരി തീരത്തോട് അടുക്കുമ്പോൾ അത് തീവ്രന്യൂനമർദമാകാനാണ് സാധ്യത. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപേട്ട് എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലെ പല ഭാഗങ്ങളിലും തിങ്കളാഴ്ച മഴ തുടർന്നു.








0 comments