ഇന്ത്യൻ ഭരണഘടനാ ദിനം

കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ട ഭരണഘടന; വീണ്ടെടുക്കേണ്ടുന്ന ഇന്ത്യൻ ജനാധിപത്യം

indian constitution
വെബ് ഡെസ്ക്

Published on Nov 26, 2025, 10:54 AM | 3 min read

1949 നവംബർ 26 ആയിരുന്നു ഭരണഘടനാ നിർമാണസമിതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത് എന്ന് നമുക്കറിയാം. തീയതി പോലെ പ്രസക്തമാണ് തൊട്ട് തലേ ദിവസമായ 25-ന് ഇന്ത്യൻ ഭരണഘടന ഔപചാരികമായി അംഗീകരിക്കുന്നതിന് തൊട്ടുമുമ്പ്, ഭരണഘടനാ അസംബ്ലിയിൽ നടത്തിയ തൻ്റെ അവസാന പ്രസംഗത്തിൽ ഡോ. ബി. ആർ. അംബേദ്കർ നൽകിയ സുപ്രധാനമായ മുന്നറിയിപ്പ്- "മതപരമായ കാര്യങ്ങളിൽ ഭക്തി മോക്ഷത്തിലേക്ക് നയിച്ചേക്കാം. എന്നാൽ രാഷ്ട്രീയത്തിൽ, ഭക്തി അഥവാ വീരാരാധന, ഉറപ്പായും അധോഗതിലേക്കും ആത്യന്തികമായി ഏകാധിപത്യത്തിലേക്കും നയിക്കും."


ഭരണഘടന ഉറപ്പുനൽകിയ സംവരണവും സാമൂഹ്യനീതിയും തകർക്കാനാണ് കേന്ദ്ര ഭരണാധികാരികളും അവരെ നയിക്കുന്നവരും ശ്രമിക്കുന്നത്. ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുവാനും ആരാധന നടത്തുവാനുമുള്ള ജനതയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടുകൾ ഭരണാധികാരികൾ തന്നെ സ്വീകരിച്ചുവരുന്നു എന്നുള്ളതാണ് വർത്തമാനകാല ഇന്ത്യയുടെ ഗതികേട്.


ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നത്. മതനിരപേക്ഷത അതിന്റെ മുഖമുദ്രയാണ്. പൗരത്വത്തിന് മതപരമായ വിവേചനമില്ലാതിരിക്കേണ്ടത് മതനിരപേക്ഷതയുടെ മുന്നുപാധിയാണ്. എപ്പോൾ മതം പൗരത്വത്തിന്റെ മാനദണ്ഡമാകുന്നോ അപ്പോൾ മതനിരപേക്ഷതയിൽനിന്ന്‌ മതരാഷ്ട്രത്തിലേക്കുള്ള യാത്രയാരംഭിക്കുന്നു. മതനിരപേക്ഷ റിപ്പബ്ലിക്കിൽ നീതിപീഠത്തിന് വെളിച്ചം പകരേണ്ടത് ഭരണഘടനയും നിയമസംഹിതയുമാണ്. മതത്തിനോ വിശ്വാസത്തിനോ അവിടെ ഇടമില്ല.


എന്നാൽ, ഭരണഘടനയുടെ ആമുഖത്തിൽനിന്ന്‌ മതനിരപേക്ഷതയും സോഷ്യലിസവും നീക്കണമെന്ന ആവശ്യം ആർഎസ്എസും രാജ്യംഭരിക്കുന്ന ബിജെപിയും ഉയർത്താൻ തുടങ്ങിയിട്ട് നാളേറെയായി. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം മുൻനിർത്തിയാണ്‌ സോഷ്യലിസത്തിനും മതനിരപേക്ഷതയ്‌ക്കും നേരെയുള്ള കടന്നാക്രമണം.


ന്യൂനപക്ഷ മതവിഭാഗങ്ങളെയും മതനിരപേക്ഷ വാദികളെയുമെല്ലാം നിശബ്‌ദരാക്കിയുള്ള ഹിന്ദുരാഷ്‌ട്ര പ്രഖ്യാപനമാണ്‌ ആർഎസ്‌എസ്‌ ലക്ഷ്യം. ഇതിന്‌ ഏറ്റവും തടസ്സം ഭരണഘടനയുടെ ആമുഖത്തിലെ മതനിരപേക്ഷതയാണ്‌. സോഷ്യലിസത്തോടുള്ള എതിർപ്പിലൂടെ മുതലാളിത്തം മാത്രമാണ്‌ നയമെന്ന്‌ ഉറച്ചുപ്രഖ്യാപിക്കുകയാണ്‌ സംഘപരിവാർ. ലോകം കണ്ട ഏറ്റവും ക്രൂരനായ ഫാസിസ്റ്റായ ഹിറ്റ്‌ലറുടെ പാർടിയിൽപോലും പേരിനെങ്കിലും സോഷ്യലിസ്റ്റ്‌ എന്ന പദമുണ്ടായിരുന്നു. വൻകിട മുതലാളിത്തവുമായി സഹകരിച്ച്‌ ഏറ്റവും കടുത്ത ഏകാധിപതിയും സോഷ്യലിസ്റ്റ്‌ വിരുദ്ധനുമായി മാറിയ ഘട്ടത്തിലും പാർടിയുടെ പേരിൽ മാറ്റമുണ്ടായില്ല. എന്നാൽ സോഷ്യലിസത്തെ എതിർത്ത്‌ ഫാസിസ്റ്റ്‌ നിലപാടുകളുടെ കാര്യത്തിൽ ഹിറ്റ്‌ലറെയും മറികടക്കുകയാണ്‌ സംഘപരിവാർ.


അടിയന്തരാവസ്ഥയിൽ നടന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും അതുകൊണ്ടുതന്നെ ആ ഘട്ടത്തിലുണ്ടായ ഭരണഘടനാ ഭേദഗതിയെ അംഗീകരിക്കാനാകില്ലെന്നുമാണ്‌ സംഘപരിവാർ വാദം. സോഷ്യലിസവും മതനിരപേക്ഷതയും ഇന്ത്യയുടെ പാരമ്പര്യമല്ലെന്നും മന്ത്രിമാർ അടക്കമുള്ളവർ പറയുന്നുണ്ട്‌.


ആർഎസ്‌എസ്‌ രൂപീകരണ ശതാബ്‌ദിയിൽ 2025ൽ ഹിന്ദുരാഷ്‌ട്ര പ്രഖ്യാപനം സംഘപരിവാർ സ്വപ്‌നം കണ്ടിരുന്നു. 2024ൽ മോദി സർക്കാർ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തുമെന്നും ഭരണഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാകുമെന്നുമാണ്‌ സംഘപരിവാർ പ്രതീക്ഷിച്ചത്‌. എന്നാൽ 240 സീറ്റിൽ ബിജെപി ഒതുങ്ങിയതിനാൽ അത് നടക്കാതെ പോയെന്ന് മാത്രം.


ഭരണഘടന ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല


ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് നമ്മുടേത്. ഇന്ത്യയുടെ ഭരണഘടന ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. സ്വാതന്ത്ര്യസമരകാലത്തു തന്നെ രാജ്യത്തിന് ഭരണഘടന വേണമെന്നും അതിനായി ഭരണഘടനാ അസംബ്ലി ആവശ്യമാണെന്നുമുള്ള ആശയം മുന്നോട്ടുവച്ചത് 1934ൽ എം എൻ റോയ് ആണ്. 1940ൽ ആഗസ്‌ത്‌ ഓഫർ എന്ന്‌ അറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യയുടെ ഭരണഘടന എന്ന ആശയം ബ്രിട്ടീഷുകാർ അംഗീകരിച്ചു.


അധികാരം കൈമാറുന്നതിനായി രൂപീകരിച്ച ക്യാബിനറ്റ് മിഷൻ 1946 ജൂലൈയിൽ ഭരണഘടനാ നിർമാണസഭ രൂപീകരിച്ചു. ഡോ. രാജേന്ദ്രപ്രസാദായിരുന്നു സഭയുടെ അധ്യക്ഷൻ. 1947 ആഗസ്‌ത്‌ 29നു ഭരണഘടനാ നിർമാണസഭ, കരട് നിർമാണ കമ്മിറ്റി രൂപീകരിച്ചു. ഡോ. ബി ആർ അംബേദ്കർ ആയിരുന്നു അധ്യക്ഷൻ. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ അംബേദ്കർ, 1948 ഫെബ്രുവരിയിൽ ഭരണഘടന നിർമാണസഭാ അധ്യക്ഷന് മുന്നിൽ ഭരണഘടന സമർപ്പിച്ചു. മാർച്ചിൽ ജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കപ്പെട്ടു. അഭിപ്രായം രേഖപ്പെടുത്താൻ എട്ടു മാസം നൽകി. എല്ലാ നടപടിക്രമത്തിനുംശേഷം 1949 നവംബർ 26നു ഭരണഘടനാ നിർമാണസഭയുടെ അംഗീകാരംനേടി. 1950 ജനുവരി 26നു ഭരണഘടന നിലവിൽവന്നു.



2 വർഷം 11 മാസം,17 ദിവസം


രണ്ടു വർഷവും 11 മാസവും 17 ദിവസവും കൊണ്ടാണ് ഭരണഘടന തയ്യാറാക്കിയത്. സഭയുടെ പ്രവർത്തനത്തിന് അഞ്ച് ഘട്ടമുണ്ടായിരുന്നു. വിവിധ വിഷയങ്ങളിൽ വിവിധ കമ്മിറ്റികൾ റിപ്പോർട്ട് അവതരിപ്പിച്ചു. 11 തവണയായി 165 ദിവസം സഭ സമ്മേളിച്ചു. ഇതിൽ 101 ദിവസം ഭരണഘടനയുടെ കരടിനെ ആധാരമാക്കിയുള്ള ആഴത്തിലുള്ള ചർച്ചകളുടേതായിരുന്നു. ആദ്യ കരട് തയ്യാറാക്കിയത് ബി എൻ റാവുവിന്റെ കീഴിലാണ്. ഇത് 1947 ഒക്ടോബറിൽ പുറത്തുവന്നു. എന്നാൽ, അതിനുമുമ്പ് ആഗസ്ത്‌ 29ന് അംബേദ്കർ ചെയർമാനായി ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. അംബേദ്കറുടെ നേതൃത്വത്തിൽ ഡ്രാഫ്റ്റിങ്‌ കമ്മിറ്റി ഭരണഘടനയുടെ കരട് 1948 ഫെബ്രുവരി 21ന് ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്ര പ്രസാദിന് സമർപ്പിച്ചു. ഇത് പൊതുചർച്ചയ്‌ക്കായി പരസ്യപ്പെടുത്തി.


ഭരണഘടനാ ദിനം


1949 നവംബർ 26-ന്‌ ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ചു. ഇതിന്റെ ഓർമയ്ക്കായി എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനമായി ആചരിക്കുന്നു. 1950 ജനുവരി 24ന് ഭരണഘടനാ നിർമാണസഭയുടെ അവസാന സമ്മേളനത്തിൽ ഭരണഘടനയിൽ ഒപ്പുവച്ചു. ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിൽ വന്നു, ഇന്ത്യ റിപ്പബ്ലിക്കാകുകയും ചെയ്തു. ഭരണഘടനയിൽ 22 അധ്യായവും (Parts) 395 അനുച്ഛേദവും (Articles) എട്ട് ഷെഡ്യൂളുമാണുണ്ടായിരുന്നത്. സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിൽ അധിഷ്ഠിതമായ പാർലമെന്ററി ഭരണസംവിധാനവും സ്വീകരിച്ചു.


നിർമാണസഭ


1946-ലെ ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ്‌ ഭരണഘടനാ നിർമാണസഭ രൂപീകരിക്കുന്നത്. ആനുപാതിക പ്രാതിനിധ്യത്തിന്റെ ഒരു കൈമാറ്റം ചെയ്യാവുന്ന വോട്ട് രീതിയിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. തുടക്കത്തിൽ 389 പേർ അംഗങ്ങളായി. 1946 ഡിസംബർ ഒമ്പതിന് ആദ്യമായി യോഗം ചേർന്നു. വിഭജനം ആവശ്യപ്പെട്ട് ആദ്യ യോഗം മുസ്ലിംലീഗ് അംഗങ്ങൾ ബഹിഷ്‌കരിച്ചു. രാജ്യം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ട ശേഷം അംഗങ്ങളുടെ എണ്ണം 299 ആയി. ഇതിൽ 229 പേർ ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിൽനിന്നുള്ളവരും 70 പേർ നാട്ടുരാജ്യങ്ങളിൽനിന്നുള്ളവരുമായിരുന്നു. ഏറ്റവും പ്രായം കൂടിയ അംഗമായ സച്ചിദാനന്ദ സിൻഹ സഭയുടെ ആദ്യ ചെയർമാനായി (താൽക്കാലികം).


1946 ഡിസംബർ 11-ന് ‍ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായും ഹരേന്ദ്രകുമാർ മുഖർജിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ബി എൻ റാവുവിനെ ഭരണഘടനാ ഉപദേഷ്ടാവാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home