ചൈനയിലെ മറയില്ലാത്ത മാധ്യമലോകം

cgtn

പ്രതിനിധിസംഘം സിജിടിഎൻ ആസ്ഥാനത്ത്

avatar
സാജൻ എവുജിൻ

Published on Nov 30, 2025, 12:02 AM | 5 min read

ചൈനയെക്കുറിച്ച്‌ ഇതര ദേശങ്ങളിൽ പലകഥകളും കിംവദന്തികളും പ്രചരിക്കുന്നുണ്ട്‌. രഹസ്യങ്ങൾ ഒളിപ്പിച്ച, ഇരുന്പുമറയിൽ കഴിയുന്ന രാജ്യമായും പ്രാചീനരീതികൾ പിന്തുടരുന്നവരായും ചൈനയെ അവതരിപ്പിക്കാൻ പാശ്ചാത്യമാധ്യമങ്ങൾ മത്സരിക്കുന്നു. അമേരിക്കൻ കന്പനികളുടെ നിയന്ത്രണത്തിലുള്ള സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കവും പൊതുവെ ചൈനയെ ഏകപക്ഷീയമായി വിചാരണ ചെയ്യുന്ന മട്ടിലുള്ളതാണ്‌. ഇതൊക്കെ നേരിട്ട്‌ പീപ്പിൾസ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന (പിആർസി)യും ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യും മുന്നോട്ടുപോകുന്നത്‌ എങ്ങനെയെന്ന്‌ പലവട്ടം ചിന്തിച്ചിട്ടുണ്ട്‌. ചൈന സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ ആ ചിന്തകളാണ്‌ ആദ്യം ഉയർന്നുവന്നത്‌. വിവിധ രാജ്യങ്ങളിൽ രാഷ്‌ട്രീയമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സംഘാംഗമായാണ്‌ ചൈനയിൽ എത്തിയത്‌. ചൈനീസ്‌ സർക്കാരും സിപിസിയും ഏതുവിധത്തിലാണ്‌ അവിടത്തെ ജനങ്ങളുമായും ആഗോളസമൂഹവുമായും വാർത്താവിനിമയം നടത്തുന്നതെന്ന്‌ കണ്ടറിയാനുള്ള ആഗ്രഹം ഇതോടെ സാക്ഷാൽക്കരിച്ചു.


ആഭ്യന്തര അടിത്തറ


വിപുലമായ മാധ്യമശൃംഖലവഴി അതത്‌ സമയം കൃത്യവും വസ്‌തുനിഷ്‌ഠവുമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയാണ്‌ ചൈന കുതിക്കുന്നത്‌. അന്താരാഷ്‌ട്ര മാധ്യമസ്ഥാപനമായ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക്‌ (സിജിടിഎൻ) 160ൽപ്പരം രാജ്യങ്ങളിൽ സജീവസാന്നിധ്യം നേടിയെടുത്തിട്ടുണ്ട്‌. ഇതിനുപുറമെ ചൈനയിലെ ഓരോ പ്രവിശ്യയിലും ഏറ്റവും മികച്ച സ‍ൗകര്യങ്ങളോടെ മാധ്യമ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. നൂറുകണക്കിന്‌ സ്റ്റുഡിയോകൾ, ആയിരക്കണക്കിന്‌ മാധ്യമപ്രവർത്തകർ, ബഹുനിലമന്ദിരങ്ങൾ എന്നിവ ഇ‍ൗ മാധ്യമ ഗ്രൂപ്പുകളെ ഏതു മത്സരം നേരിടാനും പ്രാപ്‌തമാക്കിയിട്ടുണ്ട്‌. ചൈനീസ്‌ മാധ്യമങ്ങളുടെ ആഗോളമുന്നേറ്റം ഇ‍ൗ ആഭ്യന്തര അടിത്തറയിൽനിന്നാണ്‌.


Screenshot froഹ്യൂബേ മാധ്യമ ഗ്രൂപ്പിന്റെ മേധാവി ഹു വേ അതിഥികളോട് സംസാരിക്കുന്നു


സിജിടിഎൻ ആസ്ഥാനം


ബീജിങ്ങിൽ മനോഹരമായ ഗുവാങ്‌ഹുവ റോഡിലാണ്‌ സിജിടിഎൻ ആസ്ഥാനം. 2016 ഡിസംബർ 31ന്‌ സ്ഥാപിതമായ സിജിടിഎന്നിന്‌ പുതിയ ആസ്ഥാനമന്ദിരം ഏതാനും മാസംമുന്പാണ്‌ തുറന്നത്‌. വിസ്‌മയിപ്പിക്കുന്ന ലോകമാണിത്‌. മഹാനഗരത്തിലെ ഏറ്റവും വലിയ മന്ദിരങ്ങളിൽ ഒന്നാണെന്നുമാത്രമല്ല, രൂപകൽപ്പനയിലും മിഴിവിലും ചേതോഹരം. താഴത്തെ നിലയിൽ കടക്കുന്പോഴേ ആസൂത്രണമികവ്‌ ബോധ്യപ്പെടും. സന്ദർശകരെ വരവേൽക്കുന്നത്‌ ഭൂഗോളത്തിന്റെ കൂറ്റൻ മാതൃക. ജീവനക്കാർക്കും സന്ദർശകർക്കും വിശ്രമിക്കാനുള്ള സ‍ൗകര്യമുണ്ട്‌. ഞങ്ങളെ വാർത്താവിഭാഗത്തിൽ വരവേറ്റത്‌ പ്രഭാതവാർത്തകളുടെ ചുമതലക്കാരാണ്‌; ഏറിയ പങ്കും വനിതകൾ. സിജിടിഎന്നിന്റെ സംവിധാനങ്ങൾ അവർ വിശദമാക്കി. സിജിടിഎൻ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ്‌ ഡിങ്‌ യോങ്‌, അറബിക്‌ വിഭാഗം ഡയറക്ടർ ഷിയാപെങ്‌,‍ ആസൂത്രണവിഭാഗം ഡയറക്ടർ ഗോങ്‌ ഷെൻമേയ്‌, ടെലിവിഷൻ വാർത്താവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ചെങ്‌ ജിങ്‌, നവമാധ്യമ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വെൻയാരു, സ്‌പാനിഷ്‌ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലിയുനാ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു.


കുട്ടികൾക്കും യുവതയ്‌ക്കും


യുവാക്കൾക്കും കുട്ടികൾക്കും പരിപാടികൾ തയ്യാറാക്കാനും അവതരിപ്പിക്കാനും പ്രത്യേക വിഭാഗമുണ്ട്‌. ഇതിനുമാത്രം ഡസൻകണക്കിന്‌ സ്റ്റുഡിയോകൾ പ്രവർത്തിക്കുന്നു. പരിപാടികളിൽ പങ്കെടുക്കാനെത്തിയ ഒട്ടേറെ കുട്ടികളെ ലോബിയിൽ കണ്ടു. മഞ്ഞുകാലത്തിന്റെ തീവ്രതയൊന്നും അവരെ ബാധിച്ചിട്ടില്ല. വായുമലിനീകരണം പൂർണമായും നിയന്ത്രിക്കാൻ ബീജിങ്ങിന്‌ കഴിഞ്ഞതിന്റെ ഗുണവും അവർ അനുഭവിക്കുന്നു. വിഷവായു പടർന്ന ഡൽഹിയിലെ ശ്വാസംമുട്ടിക്കുന്ന അവസ്ഥ ഓർത്തുപോയി.


43 ഭാഷയിൽ സിജിടിഎൻ.കോം (CGTN.com)


ഇംഗ്ലീഷ്‌, സ്‌പാനിഷ്‌, റഷ്യൻ, അറബിക്‌, ഫ്രഞ്ച്‌ ഭാഷകളിലായി സിജിടിഎന്നിന്‌ ആറു ചാനലുണ്ട്‌ (ഇംഗ്ലീഷിൽ രണ്ടെണ്ണം). നൂറോളം രാജ്യങ്ങളിൽ പ്രതിനിധികളുള്ള ഇ‍ൗ മാധ്യമശൃംഖലയ്‌ക്ക്‌ വാഷിങ്‌ടൺ ഡിസി, നെയ്‌റോബി, ലണ്ടൻ എന്നിവിടങ്ങളിൽ പ്രൊഡക്‌ഷൻ കേന്ദ്രങ്ങളുമുണ്ട്. ഗ്ലോബൽ വീഡിയോ ന്യൂസ് ഏജൻസി സഹസ്ഥാപനമാണ്‌. സിജിടിഎൻ മൊബൈൽ ആപ്, യൂട്യൂബ്‌, ഫെയ്‌സ്‌ബുക്, ട്വിറ്റർ, വെയ്‌ബോ എന്നിവ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ 15 കോടി പേർ ഫോളോ ചെയ്യുന്നു. ഹിന്ദി, ബംഗാളി, തമിഴ്‌, ഉറുദു അടക്കം 43 ഭാഷയിൽ സിജിടിഎൻ.കോം (CGTN.com) വെബ്‌പോർട്ടൽ ലഭ്യമാണ്‌.


രരലേഖകന്‍ സിജിടിഎന്‍ ആസ്ഥാനത്ത്


ആൻഹുവെ നവമാധ്യമ ഗ്രൂപ്പ്‌


സിപിസി ആൻഹുവെ പ്രവിശ്യാ കമ്മിറ്റിയുടെ പ്രചാരണവിഭാഗത്തിന്റെ മേൽനോട്ടത്തിൽ 2014 ജൂലൈ ഒന്നുമുതൽ പ്രവർത്തിക്കുന്ന നവമാധ്യമ ഗ്രൂപ്പും സുസജ്ജം. ആൻഹുവെ പ്രവിശ്യാ തലസ്ഥാനമായ ഹെഫേ നഗരത്തിലാണ്‌ ആസ്ഥാനം. ചൈനയിൽ ആദ്യമായി നിലവിൽവന്ന പ്രവിശ്യാതല നവമാധ്യമ ഗ്രൂപ്പാണിത്‌. സാംസ്‌കാരികത്തനിമ കാത്തുസൂക്ഷിക്കുന്ന ആൻഹുവെ ന്യൂസ്‌ (ഡിജിറ്റൽ) പ്രവിശ്യയിൽ ഏറ്റവും പ്രചാരമുള്ള ഓൺലൈൻ മാധ്യമമാണ്‌. ദിനപത്രം, റേഡിയോ എന്നിവയും പ്രവർത്തിക്കുന്നു. അന്താരാഷ്‌ട്രതലത്തിൽ ഇടപെടാനും ശക്തമായ സ്വാധീനം ചെലുത്താനും ശേഷി കൈവരിച്ചാണ്‌ ഇ‍ൗ ഗ്രൂപ്പിന്റെ ആസ്ഥാനമായ ആൻഹുവെ ഇന്റർനാഷണൽ കമ്യൂണിക്കേഷൻ സെന്റർ നിലകൊള്ളുന്നത്. നൂറുകണക്കിനുപേർ ഇവിടെ പൂർണസമയ മാധ്യമപ്രവർത്തകരായുണ്ട്‌. പുറംനാടുകളിലുള്ള ചൈനക്കാരോടും ഇതര രാജ്യങ്ങളിലെ പ‍ൗരന്മാരോടും സംവദിക്കാൻ കഴിയുന്നത്‌ നേട്ടമാണെന്ന്‌ ആൻഹുവെ പ്രവിശ്യ വിദേശകാര്യവിഭാഗം ഡയറക്ടർ ജനറൽ ക്വിൻ ജുൻഫെങ്‌ പറഞ്ഞു.


Screenshot fromഹ്യൂബേ മാധ്യമ ഗ്രൂപ്പിന്റെ സ്വീകരണമുറി


​ഹ്യ‍ൂബേ മാധ്യമ ഗ്രൂപ്പ്‌


ചരിത്രപ്രധാനം എന്നതിനുപുറമെ ആധുനികസ‍ൗകര്യങ്ങളോടെ, വികസിതരാജ്യങ്ങളിലെ നഗരങ്ങളെ വെല്ലുന്നവിധത്തിൽ വളർന്നുവരുന്ന വുഹാനിലാണ്‌ ഹ്യൂബേ മാധ്യമ ഗ്രൂപ്പിന്റെ ആസ്ഥാനം. മധ്യചൈനയിൽ, യാങ്‌സി നദീതീരത്തെ ഹ്യൂബേ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ കോവിഡ്‌ ആദ്യമായി സ്ഥിരീകരിച്ചതിന്റെ പേരിൽ ആഗോളശ്രദ്ധ നേടിയിരുന്നു. ഉദ്ദേശം 400 സിപിസി വളന്റിയർമാരും ഉദ്യോഗസ്ഥരും ജീവൻ ബലികഴിച്ചാണ്‌ കോവിഡ്‌ മഹാമാരിയെ പിടിച്ചുകെട്ടിയതെന്ന്‌ പ്രവിശ്യാതല നേതാക്കൾ പറഞ്ഞു. മഹാമാരിയെയും അതിജീവിച്ച്‌ വൻകുതിപ്പിലാണ്‌ വുഹാൻ. ഹ്യൂബേ മാധ്യമ ഗ്രൂപ്പ്‌ ആസ്ഥാനം നവീനവും ചടുലവുമാണ്‌. റേഡിയോ, സിനിമ, ടെലിവിഷൻ, നവമാധ്യമങ്ങൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയുടെ സമന്വയമാണ്‌ ഇ‍ൗ സംവിധാനം. 40 നിലയുള്ള ആസ്ഥാനമന്ദിരത്തിന്റെ തറവിസ്‌തീർണം 4,05,400 ചതുരശ്രമീറ്ററാണ്‌. ഉയരം 200 മീറ്ററിൽ കൂടുതൽ വരും. നിർമിത ബുദ്ധിയിൽ അധിഷ്‌ഠിതമായ സ‍ൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. നാഷണൽ റേഡിയോ ആൻഡ്‌ ടെലിവിഷൻ അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരം ലഭിച്ച ദൃശ്യ–ശ്രാവ്യ മാധ്യമങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.


എട്ട്‌ ടെലിവിഷൻ ചാനലുകളും ഏഴ്‌ തരംഗദൈർഘ്യങ്ങളിൽ റേഡിയോ പ്രക്ഷേപണവും 17 ഇടത്ത്‌ സംയോജിത കേന്ദ്രങ്ങളും 13 അനുബന്ധ സ്ഥാപനങ്ങളും ഇ‍ൗ ഗ്രൂപ്പിനുണ്ട്‌. ഇവരുടെ നിയന്ത്രണത്തിൽ 25 കന്പനികൾ പ്രവർത്തിക്കുന്നു. മൊത്തം 16,000ൽപ്പരം ജീവനക്കാരുള്ള ഗ്രൂപ്പിന്റെ ആസ്‌തി 2850 കോടി യുവാൻ (37,050 കോടി രൂപ) വരുമെന്ന്‌ കണക്കാക്കുന്നു. ഹ്യ‍ൂബേ പ്രവിശ്യയുടെ സവിശേഷതകളും സാംസ്‌കാരികപാരന്പര്യവും കോർത്തിണക്കിയാണ്‌ പരിപാടികളുടെ ഉള്ളടക്കം തയ്യാറാക്കുന്നതെന്ന്‌ ചുമതലക്കാർ വിശദീകരിച്ചു. പുതുമയാർന്ന ആശയങ്ങളും സാങ്കേതികവിദ്യയും ഇതിന്‌ മാറ്റുകൂട്ടുന്നു. ഓഗ്‌മെന്റഡ്‌ റിയാലിറ്റി, ത്രിമാന അനുഭവത്തിൽ പരസ്‌പരം ആശയവിനിമയം നടത്താൻ കഴിയുന്ന സാങ്കേതികവിദ്യ, ജലത്തിനടിയിൽ ചിത്രീകരണം എന്നിവ ഇവിടെ സാധ്യമാണ്‌. ഹസ്‌തദാനം ചെയ്യുന്ന റോബോട്ടാണ്‌ സന്ദർശകരെ സ്വീകരിക്കുന്നത്‌. സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന്‌ ഫോളോവർമാരുള്ള അവതാരകർ ഇവിടെയുണ്ട്‌. ആഗോളതലത്തിൽ സാംസ്‌കാരികവിനിമയം നടത്തുകയും ഇതര രാജ്യങ്ങളിലെ മാധ്യമസ്ഥാപനങ്ങളുമായി ചേർന്ന്‌ പരിപാടികൾ നിർമിക്കുകയും ചെയ്യുന്നു. ഇതുവഴി ഹ്യൂബേയുടെ വിശേഷങ്ങളും കഥകളും ലോകത്തെ അറിയിക്കുകമാത്രമല്ല, പുറംനാടുകളിലെ ജീവിതം ഹ്യൂബേ വാസികളെ പരിചയപ്പെടുത്തുകയുമാണ്‌. ശാസ്‌ത്ര, വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ ഹ്യൂബേ കൈവരിച്ച മുന്നേറ്റമാണ്‌ മാധ്യമമേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള ശൃംഖല കെട്ടിപ്പടുക്കാൻ പിന്തുണ നൽകിയത്‌.

Untitledസിജിടിഎന്നിലെ നവമാധ്യമ വിഭാഗം


​20 ലക്ഷത്തോളം വിദ്യാർഥികൾ


136 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 20 ലക്ഷത്തോളം വിദ്യാർഥികൾ ഹ്യൂബേയിലുണ്ട്‌. വിവരവിനിമയമേഖല, ഒ‍ൗഷധനിർമാണം, ലേസർ ആപ്ലിക്കേഷൻ, ബഹിരാകാശ പര്യവേക്ഷണം, പുതിയ പദാർഥങ്ങൾ സൃഷ്ടിക്കൽ എന്നീ മേഖലകളിലായി 88 ഗവേഷണ സ്ഥാപനങ്ങൾ സജീവമാണ്‌. വ്യവസായമേഖലയിൽ 41 ഡിവിഷനുകളുണ്ട്‌. നാല്‌ ദേശീയ വ്യവസായകേന്ദ്രങ്ങളും തന്ത്രപ്രധാന വ്യവസായങ്ങളിലെ നാലു ക്ലസ്റ്ററുകളും ഹ്യ‍ൂബേയ്‌ക്ക്‌ സ്വന്തമാണ്‌. ഒപ്‌ടിക്കൽ ഫൈബർ കേബിളുകളുടെ ഏറ്റവും വലിയ ഉൽപ്പാദകരായ ഹ്യൂബേ ഇവ വൻതോതിൽ കയറ്റുമതി നടത്തുകയും ചെയ്യുന്നു. ചൈനയിലെ 10 അതിവേഗ ട്രെയിൻ സർവീസുകളിൽ ആറെണ്ണവും ഹ്യൂബേയിലാണ്‌. യാങ്‌സി നദീതീരത്തെ തുറമുഖം, 40 രാജ്യങ്ങളെ കോർത്തിണക്കുന്ന ചൈന (യുവാൻ)– യൂറോപ്പ്‌ റെയിൽവേ എക്‌സ്‌പ്രസ്‌ ലൈൻ, എക്‌സ്‌പ്രസ്‌ ഹൈവേകൾ, ഏഷ്യയിലെ പ്രഥമ പ്രൊ--ഫഷണൽ എയർ കാർഗോ വിമാനത്താവളം എന്നിവ ചേർന്ന്‌ ഹ്യ‍ൂബേയെ സഞ്ചാരികൾക്കും സംരംഭകർക്കും ആകർഷകമാക്കുന്നു. ആറുകോടിയോളംപേർ പാർക്കുന്ന ഹ്യൂബേ വർഷംതോറും ലക്ഷക്കണക്കിന്‌ വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രവുമാണ്‌.


ഇന്റർനെറ്റ്‌ കമ്പനികൾ


ചൈനയിൽ അരഡസൻ ഇന്റർനെറ്റ്‌ കന്പനികൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇതര സാങ്കേതികവിദ്യകളിൽ അധിഷ്‌ഠിതമായ കന്പനികൾ പൊതുവെ പൊതുമേഖലയിലാണെങ്കിലും ഏതാണ്ട് എല്ലാ ഇന്റർനെറ്റ്‌ കന്പനികളും സ്വകാര്യ ഉടമസ്ഥതയിലാണ്‌. ബൈഡു, ഷിയോമി, ജെഡി ഡോട്ട്‌ കോം, ടെൻസെന്റ്‌, ആലിബാബ, ബൈറ്റ്‌ ഡാൻസ്‌ എന്നിവയാണ്‌ പ്രമുഖ ഇന്റർനെറ്റ്‌ കന്പനികൾ. സാമൂഹികജീവിതം, രാഷ്‌ട്രീയം, സംസ്‌കാരം, സന്പദ്‌ഘടന എന്നിവയിലെല്ലാം ചൈനയിലെ ഇന്റർനെറ്റ്‌ കന്പനികൾ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. അതേസമയം, കന്പനികളുടെ സുസ്ഥിരവികസനം പ്രധാന വിഷയമായി കണ്ട്‌ ചൈനയിലെ കുത്തകനിയന്ത്രണ സംവിധാനം --ഫലപ്രദമായി ഇക്കാര്യത്തിൽ ഇടപെടുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും മാതൃക അതേപടി പകർത്താൻ ചൈന തയ്യാറല്ല. കാരണം, ചൈനയിലെ ഇന്റർനെറ്റ്‌ കന്പനികൾ നേരിടുന്ന ആഭ്യന്തര–അന്താരാഷ്‌ട്ര സാഹചര്യം ഇതര രാജ്യങ്ങളിലെ കന്പനികളുടെ അനുഭവങ്ങളിൽനിന്ന്‌ പൂർണമായും വ്യത്യസ്‌തമാണ്‌. ഗവേഷണ–വികസന പ്രവർത്തനങ്ങൾ വൻതോതിൽ നടക്കുന്നതിനാൽ ആഗോളമത്സരത്തിൽ ചൈനയിലെ ഇന്റർനെറ്റ്‌ കന്പനികൾ സജീവമായി മുഴുകിയിരിക്കുന്നു.


പ്രഥമസ്ഥാനത്ത്‌ ജനങ്ങൾ


ജനങ്ങളുടെ അടിസ്ഥാന താൽപ്പര്യങ്ങൾ മുൻനിർത്തിയാണ്‌ സിപിസി എല്ലാ നയങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന്‌ സന്ദർശനമധ്യേ പാർടിയുടെ അന്താരാഷ്‌ട്രവിഭാഗം ആസ്ഥാനത്ത്‌ സഹമന്ത്രി സൺ ഹൈയാൻ വിശദീകരിച്ചു. വിപ്ലവം, പുനർനിർമാണം, പരിഷ്‌കാരം, ചരിത്രസന്ദർഭങ്ങൾ എന്നീ ഘട്ടങ്ങളിലെല്ലാം ജനങ്ങളെയാണ്‌ സിപിസി പ്രഥമസ്ഥാനത്ത്‌ നിർത്തിയത്‌. ജനങ്ങളിൽ വിശ്വസിക്കുകയും അവരിൽ ആശ്രയിക്കുകയും അവരുടെ താൽപ്പര്യങ്ങൾക്കായി പൊരുതാൻ അവരെ അണിനിരത്തുകയും ചെയ്യുന്നു. നല്ല കാലവും കടുപ്പമേറിയ കാലവും ജനങ്ങളുമായി പങ്കിടുന്നു. ചൈനീസ്‌ സവിശേഷതകളോടെ സോഷ്യലിസ്റ്റ്‌ സമൂഹം കെട്ടിപ്പടുക്കാനാണ്‌ സിപിസി നിലകൊള്ളുന്നത്‌. മാനവരാശിയുടെ പൊതുവായ പുരോഗതിയാണ്‌ ലക്ഷ്യം. പാശ്ചാത്യർ നിഷേധിക്കുന്ന സാങ്കേതികവിദ്യാ കൈമാറ്റത്തിൽ ചൈന പകച്ചുനിൽക്കുന്നില്ല. അവർ തനതായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നു. ഗവേഷണ–വികസന പ്രവർത്തനങ്ങൾക്ക്‌ വൻതോതിൽ മുതൽമുടക്ക്‌ ആവശ്യമാണ്‌; മനുഷ്യവിഭവശേഷിയും വിപുലമായി വിന്യസിക്കണം. ചൈനയിലെ കന്പനികളിൽ ആയിരക്കണക്കിനുപേരെ ഗവേഷണ–വികസന മേഖലകളിൽ നിയോഗിച്ചിരിക്കുന്നു. 14–ാം പഞ്ചവത്സരപദ്ധതിയുടെ (2021–25) ആദ്യ നാലുവർഷംതന്നെ 13–ാം പദ്ധതിക്കാലത്തെ അപേക്ഷിച്ച്‌ ഗവേഷണ–വികസന മേഖലയിൽ ചെലവിട്ട തുകയിൽ 50 ശതമാനം വർധന ഉണ്ടായി; 1,70,000 കോടി ഡോളറാണ്‌ അധികമായി ചെലവിട്ടത്‌. ചൈനയുടെ മുന്നേറ്റത്തിന്‌ ഇത്‌ പ്രധാന കാരണമാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home