തളിർത്തു, വീണ്ടും വള്ളിക്കോട്‌

ASW.jpg
avatar
അശ്വതി ജയശ്രീ

Published on Nov 30, 2025, 12:02 AM | 2 min read

അച്ചൻകോവിലാറിന്റെ തീരം സമ്മാനിച്ച ആ മധുരം എങ്ങനെ മറക്കും. തലമുറകൾക്ക്‌ മധുരം കിനിയുന്ന ഓർമ പകർന്ന "വള്ളിക്കോട്‌ ശർക്കര'യുടെ തിരിച്ചുവരവ്‌ അതൊരു ഒന്നൊന്നര വരവായിരുന്നു. എന്നോ നാട്‌ മറന്ന കാർഷിക സംസ്കാരത്തിന്റെ പുനരുജ്ജീവനമെന്ന വലിയ ലക്ഷ്യമായിരുന്നു അതിനായി അക്ഷീണം പ്രയത്നിച്ചവർക്കും പിന്തുണ നൽകിയവർക്കും. കനൽച്ചൂടിൽ ഉരുകിയൊലിക്കുന്ന സ്വർണത്തെ ഓർമിപ്പിക്കുംവിധം, നാടിന്റെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും ഭാഗമായിരുന്നു വള്ളിക്കോട്‌ ശർക്കര. മൂ‍ന്ന്‌ പതിറ്റാണ്ടുകൾക്കുമുമ്പ്‌ ആ രുചിയൊരുക്കത്തിന്‌ താഴുവീണു. വള്ളിക്കോട്ടെ കരിമ്പിൻ തോട്ടങ്ങൾ അപ്രത്യക്ഷമായി, ചക്കുകൾ ഇല്ലാതായി. ഒടുവിൽ നിറം മങ്ങിയ രുചിപാരമ്പര്യം വെറും ഓർമയായി.


ഓണക്കാലത്ത് 6000 കിലോ


വള്ളിക്കോട്‌ ഗ്രാമപഞ്ചായത്ത്‌ വെറുതെയിരുന്നില്ല. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാലുവർഷംമുമ്പ്‌ കരിമ്പുകൃഷി പുനരാരംഭിച്ചു. കൃഷിയെ സ്‌നേഹിക്കുന്ന ചെറുപ്പക്കാർ മുന്നോട്ടുവന്നു. പ്രവാസിയായ ശരത് മുൻകൈയെടുത്ത് ഒരു കരിമ്പാട്ട് മിൽ സ്ഥാപിച്ചതോടെയാണ്‌ വള്ളിക്കോട് ശർക്കര വീണ്ടും 2022ൽ വിപണിയിലെത്തിയത്‌. നാലുവർഷമായി എല്ലാ ഓണക്കാലത്തും വിളവെടുത്ത്‌ ശർക്കരയാട്ടുന്നതാണ്‌ രീതി. ഇത്തവണ ഓണക്കാലത്ത് 6000 കിലോ ശർക്കര (ഏഴ്‌ ടണ്ണോളം) ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിച്ചു. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണപിന്തുണയോടെയാണ്‌ കരിമ്പുകൃഷി.


പഞ്ചായത്ത്‌ കർഷകർക്ക്‌ ആവശ്യമായ സബ്‌സിഡിയും നൽകുന്നുണ്ട്‌. മൂന്ന്‌ വർഷംകൊണ്ട്‌ പഞ്ചായത്തിലെ ആകെ കരിമ്പുകൃഷി 15 ഏക്കറിലേക്കാണ്‌ വ്യാപിച്ചത്‌. ഒരു ടൺ കരിമ്പിൽനിന്ന്‌ 500 ലിറ്റർ നീര്‌ ലഭിക്കും. ഇതിൽനിന്ന്‌ 85 മുതൽ 90 വരെ കിലോ ശർക്കരയും. ശർക്കര ഉണ്ടാക്കിത്തുടങ്ങുമ്പോൾത്തന്നെ ആളുകൾ നേരിട്ടെത്തി വാങ്ങുന്നതാണ്‌ പതിവ്‌. ഓണവിപണികൾ വഴിയും കച്ചവടം നടക്കും. കഴിഞ്ഞ ഓണക്കാലത്ത്‌ ആറ്‌ ടൺ ശർക്കരയാണ്‌ വിറ്റഴിച്ചത്‌. പഞ്ചായത്തിന്റെ ഇടപെടലിൽ വള്ളിക്കോട്‌ കരിമ്പ്‌ ഉൽപ്പാദക സഹകരണസംഘവും രൂപീകരിച്ചിട്ടുണ്ട്‌. സംഘത്തിന്റെ സ്ഥാപക സെക്രട്ടറിയാണ്‌ സൂരജ്‌ എസ്‌ കുറുപ്പ്‌. വള്ളിക്കോട്‌ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി 15 ഏക്കറിൽ സംഘം കരിമ്പ്‌ കൃഷിചെയ്യുന്നു. ഒരുതവണ നട്ടാൽ അടുത്ത രണ്ടുവർഷവും വിളവെടുക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്‌. 10- 12 മാസമാണ്‌ ആദ്യ വിളവെടുപ്പ്‌ കാലാവധി.


അച്ചൻകോവിലാറിന്റെ 
തീരങ്ങൾ


30 വർഷങ്ങൾക്കുമുമ്പ് വള്ളിക്കോട് പഞ്ചായത്തിലെ വള്ളിക്കോട്, കൈപ്പട്ടൂർ, നരിയാപുരം, വാഴമുട്ടം ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേകിച്ച് അച്ഛൻ കോവിലാറിന്റെ തീരപ്രദേശങ്ങളിൽ വലിയ തോതിലുള്ള കരിമ്പുകൃഷിയുണ്ടായിരുന്നു. ഏതാണ്ട് 10ലധികം കരിമ്പാട്ട് മില്ലുകളും പ്രവർത്തിച്ചിരുന്നു. ഒരു കാലത്ത് പന്തളം ഷുഗർ മില്ലിലേക്ക് വ്യാപകമായി കരിമ്പ് എത്തിച്ചിരുന്നതും വള്ളിക്കോട്ടുനിന്നാണ്‌. ഷുഗർ മില്ല് പ്രവർത്തനം നിർത്തിയതോടെ കരിമ്പാട്ട് മില്ലിന്റെ എണ്ണം കൂടി. നിലവിൽ വള്ളിക്കോട്‌, മായാലിൽ, വള്ളിക്കോട്‌ വാഴമുട്ടം, നരിയാപുരം ഭാഗങ്ങളിലാണ് കരിമ്പ് കൃഷി വ്യാപകമായിരിക്കുന്നത്. പന്തളം കൃഷി ഫാമിൽനിന്ന്‌ എത്തിച്ച മാധുരി, മധുരിമ, മറയൂരിൽനിന്ന്‌ എത്തിച്ച സിഒ 86032 ഇനത്തിൽപ്പെട്ട തലക്കവുമാണ് കൃഷി ചെയ്യുന്നത്‌.


6 മാസം കർഷകനായി ശരത്‌


പ്രവാസിയായ ശരത്‌ വർഷത്തിൽ ആറുമാസം തനിനാടൻ കർഷകനാണ്‌, ബാക്കി ആറുമാസം വിദേശത്തും. നാട്ടിലെ ആറുമാസം വെറും അവധിക്കാലമല്ല ശരത്തിന്‌. മ ണ്ണിൽ പണിയെടുക്കാനുള്ള സമയമാണ്‌. വള്ളിക്കോട്‌ കൃഷ്‌ണവിലാസത്തിൽ ശരത്‌ സന്തോഷിന്റെ മായാലിലെ കേന്ദ്രത്തിലാണ്‌ വള്ളിക്കോട്‌ ശർക്കര ഉൽപ്പാദിപ്പിക്കുന്നത്‌. കരിമ്പുകൃഷിയെ തിരികെക്കൊണ്ടുവരികയെന്ന ലക്ഷ്യവുമായി പഞ്ചായത്തിനൊപ്പം പ്രവർത്തിക്കുകയായിരുന്നു ശരത്‌.


നാലര ഏക്കറിലാണ്‌ കരിമ്പുകൃഷി. നാലുവർഷമായി ഇത്‌ തുടരുന്നു. "പഞ്ചായത്തും കൃഷിവകുപ്പും ഒപ്പം നിന്നുവെന്നതാണ്‌ വിജയം. സാമ്പത്തികമായി മാത്രമല്ല, കൃത്യമായ നിർദേശവും പിന്തുണയും പ്രചോദനവുമുണ്ട്‌. ഓണക്കാലത്ത്‌ വിളവെടുക്കുന്ന രീതിയിലാണ്‌ കൃഷി. അതനുസരിച്ചാണ്‌ ഞാൻ നാട്ടിലെത്താറുള്ളതും. ഇഷ്‌ടത്തോടെ ചെയ്താൽ മാത്രമേ കൃഷിയിൽ നിലനിൽപ്പുള്ളൂ. ലാഭമായാലും നഷ്‌ടമായാലും ആ ഇഷ്‌ടംകാരണം കൃഷി തുടരും. രൂക്ഷമായ പന്നിശല്യമാണ്‌ നിലവിലെ പ്രധാന വെല്ലുവിളി', ശരത്‌ പറയുന്നു. കരിമ്പ്‌ കൂടാതെ 25 ഏക്കറിൽ നെൽകൃഷിയുമുണ്ട്‌ ശരത്തിന്‌.


scrib"റബറിന്റെ വരവോടെയാണ്‌ കർഷകർ കരിമ്പുകൃഷി ഉപേക്ഷിച്ചത്‌. നിലവിലുള്ള എൽഡിഎഫ്‌ പഞ്ചായത്ത്‌ ഭരണസമിതി അധികാരത്തിൽ വന്നശേഷം കരിമ്പുകൃഷി പുനരാരംഭിച്ചു. അങ്ങനെ പതിറ്റാണ്ടുകളായി മുടങ്ങിപോയ കാർഷിക സംസ്കാരം വീണ്ടെടുക്കാൻ ഞങ്ങൾക്കായി. ഇപ്പോൾ നാലുവർഷക്കാലമായി വള്ളിക്കോട്ടെ ശർക്കര വിപണിയിലെത്തുന്നു.'- ആർ മോഹനൻ നായർ വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home