ad
Deshabhimani

നൂറ്റാണ്ടിന്റെ ഗോളും ദൈവത്തിന്റെ കൈയും മെക്സിക്കൻ തിരമാലയും

maradona 1986 world cup.jpg
avatar
ജ്യോതിസ് [email protected]

Published on May 31, 2026, 11:49 AM | 3 min read

മെക്സിക്കോ ആതിഥേയത്വം വഹിച്ച 1986ലെ 13-ാം ഫിഫ ലോകകപ്പ്, ഫുട്ബോൾ ചരിത്രത്തിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ടൂർണമെന്റാണ്. ഡീഗോ മറഡോണ എന്ന ഇതിഹാസ താരത്തിന്റെ വ്യക്തിഗത മികവ്, അപ്രതീക്ഷിത അട്ടിമറികൾ, വിചിത്രമായ റഫറിയിങ് തീരുമാനങ്ങൾ എന്നിവയാൽ ഈ ലോകകപ്പ് വലിയ ചരിത്രപ്രാധാന്യം നേടി.


1986ലെ ലോകകപ്പ് നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത് കൊളംബിയയിൽ ആയിരുന്നു. എന്നാൽ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം അവർ പിന്മാറി. ഇതോടെ, ആ അവസരം മെക്സിക്കോയ്ക്ക് ലഭിച്ചു. ഇതോടെ രണ്ട് തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും മെക്സിക്കോ സ്വന്തമാക്കി.


1985-ൽ രാജ്യത്തെ തകർത്തുകളഞ്ഞ അയ്യായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ അതിശക്തമായ ഭൂകമ്പം നടന്ന് കൃത്യം ഒരു വർഷത്തിന് ശേഷമാണ് ലോകകപ്പ് നടന്നത്. കടുത്ത വെല്ലുവിളികൾക്കും സമ്മർദ്ദങ്ങൾക്കുമിടയിലും മെക്സിക്കോ 13-ാ മത് ലോകകപ്പിന് വിജയകരമായി ആതിഥേയത്വം വഹിച്ചു.


1986 FIFA World Cup 1.jpg


ഷർട്ട് ഊരരുത്


1986ലെ ലോകകപ്പിൽ ഗോൾ നേടിയതിന്റേയോ കളി ജയിച്ചതിന്റേയോ ആഹ്ലാദത്താൽ കളിക്കാർ ഗ്രൗണ്ടിൽ വച്ച് ഷർട്ട് ഊരി സന്തോഷം പ്രകടിപ്പിക്കുന്നത് വിലക്കി. ജേഴ്സി കൈമാറാനായാലും ആഹ്ലാദം പ്രകടിപ്പിക്കാനായാലും, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ കളിക്കാർ ഉടുപ്പില്ലാതെ നിൽക്കുന്നത് ഒഴിവാക്കുക എന്നത് കൂടിയായിരുന്നു ഫിഫ ഇതിലൂടെ ലക്ഷ്യമിട്ടത്.


Mexican Wave 2.jpg


മെക്സിക്കൻ വേവ് (Mexican Wave)


ഗാലറിയിൽ കാണികൾ ഒന്നിച്ച് കൈകളുയർത്തി തരംഗം സൃഷ്ടിക്കുന്ന രീതി മുൻപേ നിലവിലുണ്ടായിരുന്നെങ്കിലും ഈ ടൂർണമെന്റിലൂടെയാണ് 'മെക്സിക്കൻ വേവ്' ആഗോളതലത്തിൽ പ്രശസ്തമാവുകയും ഫുട്ബോൾ സംസ്കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്തത്. മെക്സിക്കോയിൽ ഇതിനെ ലാ ഓല (La Ola- The Wave) എന്നാണ് വിളിക്കുന്നത്.


ഇറാഖിന്റെ നിഷ്പക്ഷ മത്സരങ്ങൾ


ഇസ്രായേൽ- ഇറാഖ്, ഇറാൻ- ഇറാഖ് യുദ്ധ പശ്ചാത്തലങ്ങൾ കാരണം ഇറാഖിന് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു. അവരുടെ ഹോം ക്വാളിഫയർ മത്സരങ്ങളെല്ലാം ഇന്ത്യ, സൗദി അറേബ്യ, കുവൈറ്റ്‌ എന്നീ നിഷ്പക്ഷ വേദികളിലാണ് കളിച്ചത്. 2026ൽ ഹെയ്തിയും നിഷ്പക്ഷ വേദികളിൽ കളിച്ചാണ് യോഗ്യത നേടിയത്.



ദൈവത്തിന്റെ കൈ (Hand of God)


ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് മറഡോണ ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടന് മുകളിലൂടെ തന്റെ കൈകൊണ്ട് പന്ത് തട്ടി വലയിലിട്ടത്. (51 ആം മിനിറ്റിൽ) ഗോൾ അനുവദിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസറിന്റെ (Ali Bin Nasser) തീരുമാനം വലിയ വിവാദമായി മാറി. പിന്നീട് ഈ സംഭവത്തെക്കുറിച്ച് മറഡോണ പറഞ്ഞ 'അല്പം മറഡോണയുടെ തലകൊണ്ടും, അല്പം ദൈവത്തിന്റെ കൈകൊണ്ടും' (a little with the head of Maradona and a little with the hand of God) എന്ന പ്രസ്താവനയിലൂടെ ഇത് 'ദൈവത്തിന്റെ കൈ' എന്ന് ചരിത്രത്തിൽ പ്രശസ്തമായി.


1986 world cup 3.jpg


നൂറ്റാണ്ടിന്റെ ഗോൾ (Goal of the Century)


ഇംഗ്ലണ്ടിനെതിരെ ആദ്യ ഗോൾ പിറന്ന് അധികം വൈകാതെ മറഡോണ അത്ഭുതം സൃഷ്ടിച്ചു. മധ്യരേഖയ്ക്ക് സമീപം 60 മീറ്റർ അകലെനിന്ന് പന്ത് സ്വീകരിച്ച അദ്ദേഹം വെറും 11 സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് പ്രതിരോധ താരങ്ങളായ പീറ്റർ ബേർഡ്സ്ലി (Peter Beardsley), പീറ്റർ റീഡ് (Peter Reid), ടെറി ബുച്ചർ (Terry Butcher), ടെറി ഫെൻവിക് (Terry Fenwick) എന്നിവരെയും ഒടുവിൽ ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെയും (Peter Shilton) വെട്ടിച്ച് തന്റെ രണ്ടാമത്തെ ഗോൾ നേടി (55-ാം മിനിറ്റിൽ). ലോകത്തെ വിസ്മയിപ്പിച്ച ഈ ഗോളാണ് 'നൂറ്റാണ്ടിന്റെ ഗോൾ'.


maradona 4.jpg


മറഡോണയുടെ റെക്കോർഡുകൾ


ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയകരമായ ഡ്രിബ്ലിംഗുകൾ നടത്തിയ റെക്കോർഡും (53 എണ്ണം), ഏറ്റവും കൂടുതൽ ഫൗളുകൾക്ക് ഇരയായ കളിക്കാരൻ എന്ന റെക്കോർഡും (53 തവണ) മറഡോണ സ്വന്തമാക്കി. ഈ റെക്കോർഡുകൾ ഇന്നും അദ്ദേഹത്തിന്റെ പേരിലാണ്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട കളിക്കാരൻ എന്ന റെക്കോർഡും മറഡോണയ്ക്ക് തന്നെ (152). വിജയകരമായ ആകെ ഡ്രിബ്ലിംഗുകളുടെ റെക്കോർഡ് ഇപ്പോൾ നിലവിലെ അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസിക്കാണ് (107)


1986 world cup denmark 5.jpg

ഡാനിഷ് ഡൈനാമൈറ്റ്


അതിവേഗ അറ്റാക്കിംഗ് ഫുട്ബോൾ ശൈലി കൊണ്ട് 'ഡാനിഷ് ഡൈനാമൈറ്റ്' എന്ന വിളിപ്പേര് നേടി ഡെന്മാർക്ക്. ക്യാപ്റ്റൻ മോർട്ടൻ ഓൾസെൻ (Morten Olsen) നയിച്ച ഈ ടീമിലെ പ്രധാനികൾ, ഇരുപത്തിരണ്ടുകാരനായ പ്ലേമേക്കർ മൈക്കൽ ലൗഡ്രൂപ്പും (Michael Laudrup), ഉറുഗ്വേക്കെതിരെ ഹാട്രിക് നേടിയ സ്ട്രൈക്കർ പ്രെബെൻ എൽക്ജാറും (Preben Elkjær)ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഉറുഗ്വേയെ 6-1നും, പശ്ചിമ ജർമനിയെ 2-0നും തകർത്ത് വിസ്മയം സൃഷ്ടിച്ച ഡെന്മാർക്ക്, നിർഭാഗ്യവശാൽ പ്രീ- ക്വാർട്ടറിൽ സ്പെയിനിനോട് (5-1) പരാജയപ്പെട്ട് പുറത്തായി. എന്നാലും ആ ടൂർണമെന്റിൽ ഏറ്റവും മനോഹരമായ ഫുട്ബോൾ കാഴ്ചവെച്ച ടീമുകളിലൊന്നായി ഡെന്മാർക്ക് മാറി.


പുറത്താക്കപ്പെട്ട ആദ്യ കോച്ച്


ലോകകപ്പ് ചരിത്രത്തിൽ ഒരു കോച്ച് ചുവപ്പ് കാർഡ് ലഭിച്ച് പുറത്തുപോകുന്നത് 86ലെ ലോക കപ്പിലാണ്. ബെൽജിയവുമായുള്ള കളി നടക്കുന്നതിനിടയിൽ ആവർത്തിച്ച് മൈതാനത്തേക്ക് അതിക്രമിച്ചു കയറിയ പരാഗ്വേ കോച്ച് കയെറ്റാനോ റെ (Cayetano Re) ആണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്.


1986 world cup brazil vs france 6.jpg

ഗ്വാദലഹാരയിലെ ക്ലാസിക് പോരാട്ടം (The Classic in Guadalajara)


ലോകകപ്പിൽ ഗ്വാദലഹാരയിൽ നടന്ന ബ്രസീൽ- ഫ്രാൻസ് ക്വാർട്ടർ ഫൈനൽ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പോരാട്ടങ്ങളിലൊന്നാണ്. കരേക്ക (Careca), മിഷേൽ പ്ലാറ്റിനി (Michel Platini) എന്നിവരുടെ ഗോളുകളിൽ മത്സരം 1-1 ന് സമനിലയിലായി. രണ്ടാം പകുതിയിൽ ബ്രസീലിയൻ ഇതിഹാസം സിക്കോ നിർണായകമായ ഒരു പെനാൽറ്റി പാഴാക്കി. ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് ബ്രസീലിനെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിയിൽ പ്രവേശിച്ചു.


ഗോൾഡൻ ഷൂ പുരസ്കാരം


ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടിന്റെ ഗാരി ലൈനേക്കർ (Gary Lineker) ആറു ഗോളുകൾ നേടി ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാരം നേടി.


1986 world cup final 7.jpg

ആവേശകരമായ ഫൈനൽ പോരാട്ടം


എസ്റ്റാഡിയോ ആസ്ടെക്ക (Estadio Azteca) സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷി നിർത്തി നടന്ന ആവേശകരമായ ഫൈനലിൽ പശ്ചിമ ജർമനിയെ 3-2 ന് പരാജയപ്പെടുത്തി അർജന്റീന തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കി. മത്സരത്തിന്റെ 84-ാം മിനിറ്റിൽ ജോർജ്ജ് ബുറുച്ചാഗ നേടിയ വിജയഗോളാണ് അർജന്റീനയ്ക്ക് രണ്ടാം ലോകകപ്പ് നേടിക്കൊടുത്തത്. ക്യാപ്റ്റൻ മറഡോണ കപ്പ് ഉയർത്തി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home