താത്രിക്കുട്ടിയുടെ പുനരവതാരം

അതിസുന്ദരിയായ താത്രി കുട്ടിക്കാലം മുതലേ സ്വാതന്ത്ര്യദാഹി യായിരുന്നു. സംസ്കൃതവും സംഗീതവും നൃത്തവും പഠിച്ചെടുത്തു. പക്ഷേ ആഢ്യത്വം പത്തുവയസ്സിനുമുമ്പുതന്നെ അവൾക്കുമേൽ ആക്രമണം തുടങ്ങി. 23ാം വയസ്സിനുള്ളിൽ 65 ബ്രഹ്മജ്ഞാനികൾ ആ ശരീരത്തെ കടിച്ചു കുടഞ്ഞു
ഇരുളടഞ്ഞ കേരള ചരിത്രമുഹൂർത്തങ്ങളെ ചോരപ്പാടുകളോടെ അവതരിപ്പിക്കുന്നവയാണ് ഇരിഞ്ചയം രവിയുടെ നോവലുകൾ. തിരുവിതാംകൂറിലെ ജന്മിത്വഭീകരതകളെയാണ് ‘അച്ചിപ്പുടവ' അനാവൃതമാക്കുന്നതെങ്കിൽ, അതിനെതിരായ ജനകീയപോരാട്ടങ്ങളെ സാക്ഷ്യപ്പെടുത്തുന്നു ഗുരുമാനസം.
ഇരുനോവലുകളും ദരിദ്ര, ദളിത്ജീവിതങ്ങളെ പരുക്കനായി പറഞ്ഞുവയ്ക്കുമ്പോൾ, ‘താത്രീ ഭഗവതി'യുടെ ഇതിവൃത്തം നാലുകെട്ടുകളിലെ വൈകൃതങ്ങളാണ്. സവർണാധിപത്യത്തിന്റെ നെറികേടുകളെയാണ് ഈ ഭഗവതി ഉന്മൂലനം ചെയ്യുന്നത്. വായനക്കാരെ വിറളിപിടിപ്പിക്കുന്ന, അറപ്പും അസഹ്യതയും വർധിപ്പിക്കുന്ന ഭ്രമാത്മകമായ കഥനം. സവർണഭീകരതകളെ, ആചാരവാദികളുടെ അവിശുദ്ധജീവിതങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുന്നു താത്രീ ഭഗവതിയിൽ.
കുറിയേടത്തു താത്രിയെന്ന ചരിത്രകഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള കൃതികളിലും സിനിമയിലും പറഞ്ഞുവയ്ക്കാത്ത കഥകളാണിതിൽ. സുദീർഘമായ പഠന–-ഗവേഷണങ്ങളുടെ ഫലസിദ്ധികൂടിയാണിത്.
വടക്കൻ മിത്തായ മുച്ചിലോട്ടു ഭഗവതിയും തിരുവിതാംകൂറിന്റെ ശിവകാമി (സുഗന്ധവല്ലി)യും സമഞ്ജസമായി വിലയംപ്രാപിക്കുന്നു ഭഗവതിയായി മാറുന്ന താത്രിയിൽ. വി ടി ഭട്ടതിരിപ്പാടും മാടമ്പും ലളിതാംബികയും ആലങ്കോടുമൊക്കെ പറഞ്ഞുവച്ചതിനും അപ്പുറത്തേക്ക് കടന്നുകയറുന്നുണ്ട് നോവലിസ്റ്റ്.
120 വർഷംമുമ്പത്തെ കഥയാണ്. പരശുരാമനിലേക്കും വരരുചിയിലേക്കും വേദോപനിഷത്തുക്കളിലെക്കും വേരുപായിച്ചു കിടക്കുന്ന ബ്രാഹ്മണപാരമ്പര്യവും മഹിമയും അന്തസ്സും അതിലെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും നാണം മറയ്ക്കാൻ നല്ല തുണി നൽകിയിരുന്നില്ല. തലയിൽ തേക്കാനിത്തിരി എണ്ണ, കിടക്കാനൊരു പായ, പഠിക്കാനുള്ള അക്ഷരം, വിവാഹം തുടങ്ങിയവ മാത്രമല്ല, സ്വപ്നംകാണാനുള്ള അവകാശംവരെ തട്ടിത്തെറിപ്പിച്ചിരുന്നു.
അതിസുന്ദരിയായ താത്രി കുട്ടിക്കാലംമുതലേ സ്വാതന്ത്ര്യദാഹിയായിരുന്നു. സംസ്കൃതവും സംഗീതവും നൃത്തവും പഠിച്ചെടുത്തു. പക്ഷേ, ആഢ്യത്വം പത്തുവയസ്സിനുമുമ്പുതന്നെ അവൾക്കുമേൽ ആക്രമണം തുടങ്ങി. 23–-ാം വയസ്സിനുള്ളിൽ 65 ബ്രഹ്മജ്ഞാനികൾ ആ ശരീരത്തെ കടിച്ചുകുടഞ്ഞു. അതിൽ ഗുരുക്കന്മാരും ബന്ധുക്കളും മാത്രമല്ല, പിതാവും സഹോദരനുംവരെയുണ്ട്.
അഗ്നിഹോത്രികൾക്കെതിരെ അവൾ കണ്ടെത്തിയ കലാപമായിരുന്നു സ്മാർത്തവിചാരം. ഒറ്റമുണ്ടുടുത്ത് മാറുമറയ്ക്കാതെ തൂണുംചാരി അവൾ കൂസലില്ലാതെ നിന്നു. ചോദ്യങ്ങൾക്ക് ഒന്നാംതരം മറുപടി. ഒാരോ കാമഭ്രാന്തന്റെയും അടയാളങ്ങൾവരെ കൃത്യമായി പറഞ്ഞു. തന്റെമേൽ കീചകവേഷം കെട്ടിയാടിയവരെയും താൻ പാട്ടിലാക്കി പ്രതികാരം ചെയ്തവരെയും ഒന്നൊഴിയാതെ അവൾ വർണിച്ചു. പടിയടച്ച് ഇരിക്കപ്പിണ്ഡം വച്ചപ്പോഴും പതറിയില്ല. ബ്രാഹ്മണ്യത്തിന്റെ കോട്ടകളെ തകർത്തതിലുള്ള സംതൃപ്തിയായിരുന്നു അവൾക്ക്. ഒപ്പം മിണ്ടാപ്രാണികളായി, അറവുമാടിന്റെ അവകാശംപോലുമില്ലാതെ ഉരുകിത്തീർന്ന പെൺതലമുറകളോടുള്ള തന്റെ ബാധ്യത നിറവേറ്റിയെന്ന കൃതാർഥതയോടെ ചാലക്കുടി പുഴയ്ക്ക് തന്റെ ശരീരം അവൾ സമർപ്പിച്ചു. ശ്രീവരാഹം കണ്ടഞ്ചാത അമ്പലത്തിലെ ദുർഗയായി, ശിവകാമിയായി, മുച്ചിലോട്ടു ഭഗവതിയായി നോവലിസ്റ്റ് അവളെ സന്നിവേശിപ്പിക്കുന്നു.
കാണാത്ത കേരളത്തിന്റെ ഇരുട്ടറകളിലേക്ക് ചരിത്രത്തിന്റെ തെളിവുകളുമായാണ് ഇരിഞ്ചയം രവി വെളിച്ചം വിതറുന്നത്. മനുക്ഷ്യപക്ഷത്തുനിന്ന് ഇരിഞ്ചയം രവി അതൊക്കെ അനാവൃതമാക്കുകയാണ്. ഒരു നോവലിസ്റ്റിന്റെ ഇതിവൃത്താന്വേഷണം മാത്രമല്ല, സാമൂഹ്യപ്രതിബദ്ധതകൂടിയാണ് താത്രീഭഗവതി. പ്രണയത്തിന്റെ താമരയിഴകൾ പൊട്ടിപ്പോകുമ്പോൾ താത്രി ദുഃഖകഥാപാത്രമായി വിലപിക്കുന്നില്ല. 65 പേരുടെ വിളയാട്ടങ്ങളാണെങ്കിലും അശ്ലീലത്തിന്റെ അതിരുകളിലേക്ക് പോകാതെ പരിണതപ്രജ്ഞയോടെ നോവലിസ്റ്റ് രചനയുടെ ലാവണ്യബോധം കാത്തുസൂക്ഷിക്കുന്നു.










0 comments