കോട്ടാത്തലയുടെ രക്തസാക്ഷിത്വം ജന്മിത്തത്തിനെതിരെയുള്ള താക്കീത്

കോട്ടാത്തല സുരേന്ദ്രൻ, കോട്ടാത്തല പണയിൽ ജങ്‌ഷനിലെ കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപം
ജി രംഗനാഥൻ
Published on Feb 12, 2025, 02:16 PM | 2 min read
കൊട്ടാരക്കര : മധ്യതിരുവിതാംകൂറിൽ കൊടികുത്തിവാണ ജന്മിത്തത്തിന് താക്കീതായി മാറുകയായിരുന്നു കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷിത്വം. ജന്മി തേർവാഴ്‌ചയ്‌ക്കെതിരെ പോരാടി 27-ാം വയസ്സിലാണ് അദ്ദേഹം രക്തസാക്ഷിയായത്. 1950 സെപ്‌തംബർ മൂന്ന് ഞായർ രാത്രി കൊട്ടാരക്കര സ്റ്റേഷനിലെ ഇരുമ്പഴിക്കുള്ളിൽ കെട്ടിയിട്ട് അതിഭീകരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 1924 ജൂലൈ 30ന് കോട്ടാത്തലയിലെ ജന്മി കുടുംബമായ കളങ്ങുവിള വീട്ടിൽ മാധവന്റെയും ഉമ്മിണിയമ്മയുടെയും മകനായാണ് സുരേന്ദ്രന്റെ ജനനം. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായതിനാൽ സ്കൂൾ മേധാവികൾ ശക്തമായി എതിർത്തു. വിവിധ സ്കൂളുകളിലായാണ് പിന്നീട് പഠനം പൂർത്തിയാക്കിയത്. പുരോഗമന രാഷ്ട്രീയചായ്‌വ് വീട്ടുതടങ്കലിനുമിടയാക്കി. പ്രമാണിയായ അച്ഛന്റെ പരിശ്രമത്തിൽ ലഭിച്ച ക്ലർക്ക് ജോലി ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് രാജിവച്ചു. തുടർന്ന് കെഎസ്ആർടിസി കണ്ടക്ടറായി. ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കാനും തിരുവനന്തപുരത്ത് താമസിച്ച് ജോലി ചെയ്യാനും അവസരം ലഭിച്ചത് കമ്യൂണിസ്റ്റ് നേതാക്കളുമായി കൂടുതൽ ബന്ധപ്പെടാനിടയാക്കി.
വഴിത്തിരിവ് പുന്നപ്ര വയലാർ സമരം
പുന്നപ്ര വയലാർ സമരത്തെ അടിച്ചമർത്താൻ പട്ടാളക്കാരെ കൊണ്ടുപോയ ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടറായിരുന്നു സുരേന്ദ്രൻ. സമരക്കാർക്കു നേരെയുള്ള സൈനികരുടെ ഭീകരവാഴ്ച നേരിൽക്കണ്ടു. വെടിവയ്പിൽ കൊല്ലപ്പെട്ട 75ൽ അധികം തൊഴിലാളികളെ ചുടുകാട്ടിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനും സാക്ഷിയായി. ഇതിൽ മനംനൊന്ത് തിരികെയെത്തി പിറ്റേദിവസം തന്നെ ആ ജോലിയും രാജിവച്ചു. തുടർന്ന് നാട്ടിൽ മാതൃകാ നെയ്‌ത്തുശാല ആരംഭിച്ചു. തൊഴിലാളികളെ സംഘടിപ്പിച്ച് സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തി.
സമരം സ്വന്തം വീട്ടിലേക്ക്
കൂലിവർധന ആവശ്യപ്പെട്ടും പാളക്കുമ്പിളിലും മൺചട്ടിയിലും മറ്റും ആഹാരം നൽകുന്നതിനെതിരെയും സുരേന്ദ്രന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. തൊഴിലാളികളെ കൂട്ടി സ്വന്തം വീട്ടിലേക്ക് സമരത്തിനെത്തിയ സുരേന്ദ്രൻ മൺചട്ടികൾ തല്ലിയുടച്ചു. അറയിൽ സൂക്ഷിച്ചിരുന്ന നെല്ലും മറ്റ് കാർഷികോൽപ്പന്നങ്ങളും തൊഴിലാളികൾക്ക് വാരിനൽകി ചൂഷണത്തിനെതിരെയുള്ള സമരം സ്വന്തം വീട്ടിൽനിന്നു തന്നെ തുടങ്ങി. ചുരുങ്ങിയ കാലത്തിനിടയിൽ ഭരണവർഗത്തിന്റെ കണ്ണിലെ കരടായി.
അറസ്റ്റ് ചെയ്തോളൂ അല്ലെങ്കിൽ നിങ്ങൾ എന്റെ നാട് നശിപ്പിക്കും
"നാളെ രാവിലെ ഞാൻ കോട്ടാത്തലയ്ക്ക് പോകും... ഭാരതിയെ കണ്ട് ഉടൻ തിരിച്ചുവരും’. കൂടെ ഒളിവിൽ പാർത്തിരുന്ന സഹപ്രവർത്തകരോടുള്ള അവസാന വാക്കായിരുന്നു ഇത്. ഭാര്യയെ കാണാനുള്ള യാത്ര അദ്ദേഹത്തിന്റെ അവസാന യാത്രയാകുമെന്ന് കൂട്ടാളികളും ആ നാടും കരുതിയിരുന്നില്ല. ഒളിവിൽനിന്ന് സുരേന്ദ്രൻ പുറത്തെത്തിയെന്ന് അറിഞ്ഞ പൊലീസ് ഭൂതത്താൻമുകൾ പാറയ്ക്ക് സമീപം ഭാര്യയുമായി സംസാരിച്ചു നിൽക്കവെ അദ്ദേഹത്തെ വളഞ്ഞു. കൂട്ടാളികൾക്കൊപ്പം നടത്തിയ ചെറുത്തുനിൽപ്പിൽ ഒരു പൊലീസുകാരനു കുത്തേറ്റു. കൂടെയുള്ളവരോട് സുരേന്ദ്രൻ ഓടി രക്ഷപ്പെടാൻ ആവശ്യപ്പെട്ടു. തന്നെ അറസ്റ്റ് ചെയ്തോളൂ അല്ലെങ്കിൽ നിങ്ങൾ എന്റെ നാട് നശിപ്പിക്കും എന്നു പറഞ്ഞ് പൊലീസ് നരനായാട്ടിനെ ചെറുത്തു. ധീരനും ത്യാഗിയുമായ ആ വിപ്ലവകാരി കീഴടങ്ങി. ഭീകര മർദനത്തിനൊടുവിൽ 1950 സെപ്‌തംബർ മൂന്ന് രാത്രിയോടെ ലോക്കപ്പിനുള്ളിൽ ആ ശ്വാസം നിലച്ചു.










0 comments