ad
Deshabhimani

ഒമാനിൽ ആദ്യ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രം ചൊവ്വാഴ്ച മുതൽ; തുടക്കം 'താജ്‌ദീദ്' ബ്രാൻഡിന് കീഴിൽ

tajdeed
വെബ് ഡെസ്ക്

Published on Jun 15, 2026, 07:40 PM | 1 min read

മസ്‌കത്ത്: ഒമാനിലെ ആദ്യ സ്വകാര്യ വാഹന സാങ്കേതിക പരിശോധനാ സേവന കേന്ദ്രം ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. അൽ മഹ ഫോർ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ കമ്പനി, "താജ്‌ദീദ്" (Tajdeed) എന്ന ബ്രാൻഡിന് കീഴിലാണ് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ പരിസരത്ത് സേവന കേന്ദ്രം തുറക്കുന്നത്. രാജ്യത്തെ വാഹന പരിശോധനാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വ്യത്യസ്ത സമയങ്ങളിൽ ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിനുമായി സ്വകാര്യ മേഖലയെ കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭം.


റോയൽ ഒമാൻ പൊലീസ് ഔദ്യോഗികമായി അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്രം പ്രവർത്തന സജ്ജമായത്. ഇതോടെ ഒമാനിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ അംഗീകൃത വാഹന സാങ്കേതിക പരിശോധനാ സ്റ്റേഷനായി ഇത് മാറും.


ഗുണനിലവാരം, കാര്യക്ഷമത, സുരക്ഷ എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി നൂതന സാങ്കേതിക പരിശോധനാ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ, അൽ മഹാ പെട്രോളിയം പ്രോഡക്‌ട്‌സ് മാർക്കറ്റിംഗ് കമ്പനിയും റോയൽ ഒമാൻ പൊലീസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് സേവന കേന്ദ്രം യാഥാർത്ഥ്യമാക്കിയത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിന് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഇതിലൂടെ സാധിക്കും.


വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലും ഗതാഗത-സാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കൊപ്പം ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വസനീയവും തടസ്സമില്ലാത്തതുമായ അനുഭവം നൽകുന്നതിലുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് "താജ്ദീദ്" ബ്രാൻഡിന്റെ സമാരംഭത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് കമ്പനിയുടെ പാർട്ണർ അസംബ്ലി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എഞ്ചിനീയർ ഹമദ് സലിം അൽ മഗ്ദരി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home