ചാമ്പ്യൻസ് ട്രോഫി: എമിറേറ്റിലെ രണ്ട് പ്രധാന റോഡുകളിൽ യാത്രക്ക് കാലതാമസമുണ്ടാകും; ആർടിഎ

ദുബായ്: ദുബായ് സ്‌പോർട്‌സ് സിറ്റിയിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി കാരണം എമിറേറ്റിലെ രണ്ട് പ്രധാന റോഡുകളിൽ ദുബായിലെ വാഹന യാത്രക്കാർക്ക് കാലതാമസം പ്രതീക്ഷിക്കാമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഈ സമയത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും നേരത്തെ പുറപ്പെടണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.
2024 ഡിസംബറിൽ, ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ദുബായിയെ ഇന്ത്യയുടെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരു നിഷ്പക്ഷ വേദിയായി സ്ഥിരീകരിച്ചു. ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയം മൂന്ന് മത്സരങ്ങൾക്കാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്നലെ ഇന്ത്യ - ബംഗ്ലാദേശ് മത്സരം നടന്നു. ഫെബ്രുവരി 23 ന് ഇന്ത്യ - പാകിസ്ഥാൻ, മാർച്ച് 2 ന് ഇന്ത്യ - ന്യൂസിലാൻഡ് മത്സരങ്ങൾ നടക്കും.
ഇന്ത്യ യോഗ്യത മത്സരങ്ങളിൽ വിജയിച്ചാൽ മാർച്ച് 4 ന് ആദ്യ സെമി ഫൈനൽ, മാർച്ച് 9 ന് ഫൈനൽ എന്നിവയും ദുബായിൽ നടക്കും. ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ രണ്ടാം സെമി ഫൈനലിനും ഫൈനലിനും ലാഹോർ ആതിഥേയത്വം വഹിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യാ- പാകിസ്ഥാൻ മത്സരത്തിന് മുമ്പ് വിമാനനിരക്ക് വർധിച്ചു. ബുക്കിംഗുകളിൽ കുത്തനെയുള്ള വർധനയും വിമാന നിരക്ക് 20 മുതൽ 50 ശതമാനം വരെ ഉയരുമെന്നും അവസാന നിമിഷം നിരക്കുകൾ ഇരട്ടിയാക്കാനും സാധ്യതയുണ്ട് എന്നുമാണ് യാത്രാ വിദഗ്ധർ പ്രവചിക്കുന്നത് .









0 comments