ad
Deshabhimani

മറ്റുള്ളവരിലൂടെയാണ് നാം സ്വയം തിരിച്ചറിയുന്നത്‌: ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്

pravasi

ജിദ്ദ കേരള പൗരാവലിയുടെ സാംസ്‌കാരിക വിഭാഗം ഉദ്ഘാടനം ചെയ്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സംസാരിക്കുന്നു.

വെബ് ഡെസ്ക്

Published on Feb 01, 2026, 03:11 PM | 1 min read

ജിദ്ദ: മറ്റുള്ളവരിലൂടെയാണ് നാം സ്വയം തിരിച്ചറിയുന്നതെന്നും അതിനുള്ള ഏറ്റവും വലിയ ഉപാധി പുസ്‌തകങ്ങളാണെന്നും എഴുത്തുകാരൻ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്. സ്വയം അന്വേഷിക്കുന്ന മനുഷ്യന്‍ എല്ലാവരിലും ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മെ ചിന്തിപ്പിക്കുകയും ആ അന്വേഷണത്തിന് കരുത്തേകുകയും ചെയ്യുന്ന വലിയ ആയുധം വായനയാണ്. പ്രവാസമെന്ന വാക്കിനെ അഭിമാനത്തോടെയാണ് കാണുന്നതെന്നും ശിഹാബുദ്ദീന്‍ ജിദ്ദയിൽ പറഞ്ഞു. ജിദ്ദ കേരള പൗരാവലിയുടെ സാംസ്‌കാരിക വിഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നമ്മുടെ സ്വാതന്ത്ര്യബോധത്തെ ജ്വലിപ്പിക്കുന്ന ഒന്നാണ് പ്രവാസം. ഗാന്ധിജി ഒരുഘട്ടത്തിൽ പ്രവാസിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രവാസ ജീവിതമാണ് സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയാന്‍ ലോകത്തെ സഹായിച്ചത്. സമൂഹത്തിന് നന്മ തിരിച്ചുനല്‍കുകയെന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്. മികച്ച സാഹിത്യം മനസ്സിന്റെ ഭൂപടം വിശാലമാക്കുന്നു. മനുഷ്യന്‍ സ്വന്തം സങ്കൽപ്പത്തിലൂടെ ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുകയാണ്. പലപ്പോഴും തൊട്ടടുത്തിരിക്കുന്ന അപരിചിതനാകാം നമ്മുടെ രക്ഷകന്‍. അതിനാല്‍ വെറുപ്പിനെ അകറ്റിനിര്‍ത്തണം. സ്‌നേഹിക്കുമ്പോഴാണ് നാം കൂടുതൽ സ‍ൗന്ദര്യമുള്ളവരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഷറഫിയ അബീര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഉണ്ണി തെക്കേടത്ത് അധ്യക്ഷനായി. അബീര്‍ മാര്‍ക്കറ്റിങ്‌ ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇമ്രാന്‍, ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. സൗദ കാന്തപുരത്തിന്റെ മഴമേഘങ്ങളെ പ്രണയിക്കുന്നവള്‍ പുസ്‌തകം ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവിന്‌ കൈമാറി. സാംസ്‌കാരിക വിഭാഗം ചീഫ് കോ ഓർഡിനേറ്റര്‍ സഹീര്‍ വലപ്പാട് സ്വാഗതവും റെമി ഹരീഷ് നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home