സൈബർ ആക്രമണം പ്രതിരോധിച്ച് യുഎഇ

ദുബായ് : വ്യോമയാനം, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ട് നടന്ന സംഘടിത സൈബർ ആക്രമണങ്ങൾ വിജയകരമായി തടഞ്ഞതായി യുഎഇ. ദേശീയ സൈബർ സുരക്ഷാ സംവിധാനങ്ങളാണ് ആക്രമണശ്രമങ്ങൾ കണ്ടെത്തി പ്രതിരോധിച്ചതെന്ന് സൈബർ രക്ഷാസമിതി അറിയിച്ചു. ഡിജിറ്റൽ സംവിധാനങ്ങളിലേക്കും അടിസ്ഥാന സൗകര്യങ്ങളിലേക്കും നുഴഞ്ഞുകയറാനുള്ള ശ്രമങ്ങൾ, ഉപയോക്തൃ അക്കൗണ്ടുകളും പ്രവർത്തന വിവരങ്ങളും ലക്ഷ്യമിടൽ, പ്രത്യേകമായി ആസൂത്രണംചെയ്ത ഫിഷിങ് ആക്രമണങ്ങൾ, ഉപയോക്താക്കളെ ലക്ഷ്യമിട്ട് സംവിധാനങ്ങളിലേക്ക് കടന്നുകയറാനുള്ള ശ്രമങ്ങൾ തുടങ്ങിയവ ആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നു.
ആക്രമണശ്രമങ്ങൾ കണ്ടെത്തിയ ഉടൻതന്നെ ദേശീയ നിരീക്ഷണ-പ്രതികരണ സംവിധാനം ജാഗ്രതയോടെ പ്രവർത്തിച്ചു. ആക്രമണങ്ങൾ തടയുന്നതിനൊപ്പം പ്രതിരോധ നടപടികളും നടപ്പാക്കി. സൈബർ സുരക്ഷാ സംഘങ്ങൾ ആക്രമണങ്ങളുടെ ഉറവിടവും നീക്കങ്ങളും നിരീക്ഷിക്കുകയും ആക്രമണവുമായി ബന്ധപ്പെട്ട സാങ്കേതിക സൂചനകൾ കണ്ടെത്തുകയും ചെയ്തു. ഭീഷണി നിർവീര്യമാക്കാനും മറ്റ് സംവിധാനങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും ആവശ്യമായ സാങ്കേതിക നടപടികളും സ്വീകരിച്ചു. രാജ്യത്തെ നിർണായക മേഖലകളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷയും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കുന്നതിൽ ദേശീയ സൈബർ രക്ഷാസംവിധാനങ്ങൾ ഉയർന്ന ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും സമിതി വ്യക്തമാക്കി.










0 comments