ad
Deshabhimani

ദുബായ് ട്രേഡ് സെന്ററിൽനിന്ന് പുറത്തേക്ക്‌ 2 മിനിറ്റ്‌; പുതിയ പാലം തുറന്നു

dubai world trade centre
വെബ് ഡെസ്ക്

Published on Aug 16, 2026, 08:53 AM | 2 min read

ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽനിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങളുടെ യാത്രാസമയം ഗണ്യമായി കുറയ്‌ക്കുന്ന പുതിയ പാലം വെള്ളിയാഴ്‌ച ഗതാഗതത്തിനായി തുറന്നുനൽകി. ട്രേഡ് സെന്റർ, വൺ സെൻട്രൽ എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങളെ അൽ മുസ്‌തഖ്ബൽ തെരുവിലേക്കും സാബീൽ പാലസ് തെരുവിലേക്കും നേരിട്ട്‌ ബന്ധിപ്പിക്കുന്നതാണ്‌ പാലം. 500 മീറ്റർ നീളമുള്ള രണ്ടുവരി പാലം ട്രേഡ് സെന്ററിൽനിന്ന് പുറത്തേക്കുള്ള യാത്രാസമയം 10 മിനിറ്റിൽനിന്ന് രണ്ടുമിനിറ്റായി കുറയ്ക്കും.


ആർടിഎയുടെ നേതൃത്വത്തിലുള്ള 6.33 കോടി ദിർഹത്തിന്റെ അൽ മുസ്തഖ്ബൽ തെരുവ്‌ വികസന പദ്ധതിയുടെ ഭാഗമാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ അൽ മുസ-്‌തഖ്ബൽ തെരുവിന്റെ ഇരുദിശകളിലെയും വാഹനശേഷി മണിക്കൂറിൽ 6600ൽനിന്ന് 8800 ആയി ഉയരും. ഈ പാതയിലെ യാത്രാസമയം 13 മിനിറ്റിൽനിന്ന് ആറുമിനിറ്റായും കുറയും. ഫിനാൻഷ്യൽ സെന്റർ തെരുവിൽനിന്ന് സാബീൽ പാലസ് തെരുവുവരെ 3.5 കിലോമീറ്ററിലാണ് വികസനപ്രവർത്തനം. റോഡ് ഓരോ ദിശയിലും മൂന്നുവരിയിൽനിന്ന് നാലുവരിയായി വികസിപ്പിക്കും. ഏകദേശം രണ്ട് കിലോമീറ്റർ നീളത്തിൽ പാലങ്ങളും തുരങ്കങ്ങളും നിർമിക്കുന്നുണ്ട്. എക്‌സിബിഷൻ തെരുവ്‌, ട്രേഡ് സെന്റർ തെരുവ്‌ എന്നിവയുമായുള്ള ജങ്ഷനുകളിൽ തടസ്സമില്ലാത്ത ഗതാഗതത്തിനുള്ള സൗകര്യങ്ങളും ഒരുക്കും.


ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, സാബീൽ, ഡൗൺടൗൺ ദുബായ്, ബിസിനസ് ബേ തുടങ്ങിയ മേഖലകളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതാണ് പദ്ധതി. അഞ്ചുലക്ഷത്തോളം താമസക്കാർക്കും സന്ദർശകർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ.


അടുത്തവർഷം 3 തുരങ്കം


​അൽ മുസ്തഖ്ബൽ തെരുവും ട്രേഡ് സെന്റർ തെരുവും ചേരുന്ന ഭാഗത്ത് ആകെ 1.5 കിലോമീറ്റർ നീളമുള്ള മൂന്ന് തുരങ്കങ്ങളും നിർമിക്കും. 2027 ഫെബ്രുവരിയിൽ ഇവ ഗതാഗതത്തിനായി തുറക്കും. ​ദെയ്‌റ ഭാഗത്തേക്ക് പോകുന്ന അൽ മുസ്‌തഖ്ബൽ തെരുവിലെ മൂന്നുവരി തുരങ്കത്തിന് മണിക്കൂറിൽ 4500 വാഹനങ്ങളെ ഉൾക്കൊള്ളാനാകും. അൽ മുസ്തഖ്ബൽ തെരുവിൽനിന്ന് ട്രേഡ് സെന്റർ തെരുവിലേക്ക് ഇടത്തേക്ക് തിരിയാനുള്ള രണ്ടുവരി തുരങ്കത്തിൽ മണിക്കൂറിൽ 3000 വാഹനങ്ങൾക്ക് സഞ്ചരിക്കാം. വൺ സെൻട്രലിനായി നിർമിക്കുന്ന ഒറ്റവരി തുരങ്കത്തിന് മണിക്കൂറിൽ 1500 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും.


അൽ സുകൂക്ക് തെരുവിൽ പുതിയ കാൽനടപ്പാലം, നടപ്പാതകളുടെ നവീകരണം, സൈക്കിൾ ട്രാക്ക്, നിലവിലെ ജങ്ഷനുകളുടെ വികസനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ 50 ശതമാനത്തിലേറെ നിർമാണം പൂർത്തിയായതായി ആർടിഎ ഡയറക-്‌ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.

കൂടുതൽ പാലങ്ങൾ ഉടൻ


​വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ നിർമാണവും 85 ശതമാനത്തിലേറെ പൂർത്തിയായി. ഷെയ്ഖ് റാഷിദ് റോഡിൽനിന്ന് സെക്കൻഡ് ഡിസംബർ തെരുവിലേക്കുള്ള ഗതാഗതത്തിനായി മറ്റൊരു പാലം ആഗസ്ത്‌ അവസാനത്തോടെ തുറക്കും. അൽ മജ്ലിസ് തെരുവിൽനിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള അവസാന പാലം ഒക്ടോബറിൽ തുറക്കും. ആകെ അഞ്ച് പാലങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. അഞ്ച് കിലോമീറ്റർ നീളമുണ്ടാകും. നിലവിലെ റൗണ്ട്എബൗട്ട് മാറ്റി സമതല ജങ്ഷൻ സംവിധാനവും ഒരുക്കും.


ഔദ് മൈത, അൽ അസായിൽ തെരുവുകളുടെ വികസനപദ്ധതിയും ആഗസ്ത്‌ അവസാനത്തോടെ പൂർണമായി തുറക്കാനാണ് ലക്ഷ്യമിടുന്നത്. നാല് പ്രധാന ജങ്ഷനുകൾ, 4.3 കിലോമീറ്റർ പാലങ്ങൾ, 14 കിലോമീറ്റർ റോഡുകൾ എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണിത്. യാത്രാസമയം 20 മിനിറ്റിൽനിന്ന് 10 മിനിറ്റായി കുറയ്ക്കുന്ന പദ്ധതിയിലൂടെ 2030ഓടെ 4.2 ലക്ഷത്തിലധികം ജനസംഖ്യയുള്ള മേഖലകൾക്ക് ഗതാഗതസൗകര്യം മെച്ചപ്പെടും




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home