വിരൽത്തുമ്പിൽ തെയ്യക്കാഴ്ചകൾ

ദിലീപ് സി എൻ എൻ
Published on Apr 03, 2025, 03:27 PM | 1 min read
തെയ്യം, തിറ, കളിയാട്ടം എന്നിവയെ കുറിച്ച് കൂടുതൽ അറിയണോ? എങ്കിൽ എല്ലാ വിവരവും നിങ്ങളുടെ വിരൽതുമ്പിലെത്തും, അജിത് പുതിയ പുരയിലിന്റെ www.keralatheyyam.com വെബ് സൈറ്റിലൂടെ. യുഎഇയിൽ പ്രവാസ ജീവിത നയിക്കുന്ന അജിത് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് സ്വദേശിയാണ്.
ഓരോ കാവിലെയും തെയ്യങ്ങൾ ഏതൊക്കെയാണെന്നും ആ കാവിൽ അത് എപ്പോഴൊക്കെയാണ് നടത്തപ്പെടുന്നതെന്നും കാവിന്റെ ലൊക്കേഷനും ഉൾപ്പെടെ എല്ലാ വിവരവും ലഭിക്കും. ഓരോ കാവിന്റെയും ലിങ്ക് വെബ്‌സൈറ്റിൽ ലഭ്യമാണ്. ആ തെയ്യം മറ്റേതൊക്കെ കാവുകളിൽ ഉണ്ടെന്നും മനസ്സിലാക്കാനാകും. അതിന്റെ ചരിത്രവും ഫോട്ടോയും വീഡിയോയും ഇതിൽ ലഭിക്കും.
ഈ സൈറ്റിൽ തെയ്യങ്ങളെ കുറിച്ചുള്ള പരിചയപ്പെടുത്തലും അതുപോലെതന്നെ ഓരോരോ തെയ്യത്തെക്കുറിച്ചും അത് കെട്ടിയാടുന്ന കാവ് കോട്ടം തറവാട് ക്ഷേത്രം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ച് പോകുന്നുണ്ട് അതോടൊപ്പം തന്നെ തെയ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി ബ്ലോഗും കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തെയ്യത്തെക്കുറിച്ചുള്ള പൊതുവായ ഒരു ധാരണ ഈ ബ്ലോഗിലൂടെ കടന്നുപോകുന്നവർക്ക് എളുപ്പത്തിൽ ലഭിക്കും. ഓരോരോ തെയ്യത്തിന്റെ പേരും ഉൾപ്പെടുത്തി ഗാലറിയും സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെയ്യത്തെ കുറിച്ചുള്ള പ്രശ്‌നോത്തര പരിപാടിയും തെയ്യം കലണ്ടറും സൈറ്റിൽ ഉണ്ട്.
ഒരു തെയ്യത്തെ കുറിച്ചുള്ള വിവരങ്ങൾ, ആ തെയ്യം ഏതൊക്കെ കാവുകളിൽ കെട്ടിയാടുന്നു, തറവാടുകളിൽ കെട്ടിയാടുന്നു എന്നുള്ള വിവരം ആ തെയ്യം ക്ലിക്ക് ചെയ്യുമ്പോൾ അതിന്റെ താഴെ പട്ടികയായി ലഭിക്കും. അതിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ആ കാവിൽ മറ്റേതൊക്കെ തെയ്യങ്ങളുണ്ടെന്നും മനസ്സിലാക്കാം.
യുഎഇയിൽ സ്വകാര്യ കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യുന്ന അജിത് പുതിയപുരയിൽ "നമ്മുടെ പറശ്ശിനി ഡോട്ട് കോം’ വെബ്സൈറ്റിന്റെ മോഡറേറ്റർ കൂടിയാണ്.









0 comments