ഖത്തറിനൊപ്പമെന്ന് യുഎഇ– ഐക്യ സ്വരം ആവശ്യപ്പെട്ട് അറബ് ഇസ്ലാമിക് ഉച്ചകോടി

ദുബായ് : ദോഹയ്‌ക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമത്തെയും പ്രദേശിക സ്വാധീനത്തെയും വെല്ലുവിളിക്കുന്ന തുറന്ന അതിക്രമമാണെന്ന് വിലയിരുത്തി യുഎഇ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. അറബ്–ഇസ്ലാമിക് അടിയന്തര ഉച്ചകോടിയിൽ സംസാരിച്ച യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതിയുടെ ചെയർമാനുമായ ഷെയ്ഖ് മന്സൂർ ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിനോടുള്ള പൂർണ്ണ ഐക്യദാർഢ്യം വ്യക്തമാക്കി.
സെപ്തംബർ 9-ന് ദോഹയ്‌ക്കെതിരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുടെ സുരക്ഷ വിഭജിക്കാനാകാത്ത ഒന്നാണെന്നും ഖത്തറിലെ ജനങ്ങളോടും നേതൃത്വത്തോടും യുഎഇ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അറിയിച്ചു.
പലസ്തീൻ ഭൂമി അനക്സ് ചെയ്യാനുള്ള ഭീഷണികളും തുടർച്ചയായ സൈനിക നടപടികളും മേഖലയിലെ അസ്ഥിരതയെ വഷളാക്കുന്നതായി യുഎഇ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും നിർണായക നിലപാട് സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ മേഖലയിൽ കലാപവും ലോകസുരക്ഷയ്ക്കുള്ള ഭീഷണിയും വർധിക്കുമെന്നും യുഎഇ വ്യക്തമാക്കി.









0 comments