മലിനീകരണ നിയന്ത്രിത സൂചിക: അറബ് രാജ്യങ്ങളിൽ ഒമാൻ ഒന്നാമൻ

മസ്‌കത്ത്: ആഗോള മലിനീകരണ നിയന്ത്രിത സൂചികയിൽ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഒമാൻ. നംബിയോ പ്ലാറ്റ്‌ഫോം പ്രസിദ്ധീകരിച്ച സൂചികയിലാണ് ഒമാന്റെ നേട്ടം. സൂചികയിൽ ആഗോളതലത്തിൽ 22-ാം സ്ഥാനത്താണ് ഒമാൻ. മലിനീകരണം കുറയ്ക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളിലൂടെ പാരിസ്ഥിതിക ഗുണനിലവാരം ഉയർത്തിപ്പിടിക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒമാന്റെ നിരന്തര ശ്രമങ്ങളെ നേട്ടം പ്രതിഫലിപ്പിക്കുന്നു.
വായു, ജലം എന്നിവയുടെ ഗുണനിലവാരം, മാലിന്യ സംസ്‌കരണം, ശബ്ദമലിനീകരണം, ഹരിത ഇടങ്ങളുടെ ലഭ്യത എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങളെ സൂചിക വിലയിരുത്തുന്നു. ഈ മേഖലയിലെ മലിനീകരണ തോത് താരതമ്യേന കുറഞ്ഞതാണ് ഒമാന്റെ ഉയർന്ന റാങ്കിന് കാരണം. രാജ്യത്തിന്റെ കർശനമായ പാരിസ്ഥിതിക നയങ്ങളും സുസ്ഥിര സംരംഭങ്ങളും ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചതായി അധികൃതർ വ്യക്തമാക്കി. ആരോഗ്യകരവും വൃത്തിയുള്ളതുമായ അന്തരീക്ഷം നിലനിർത്തുന്നതിന് ശുദ്ധമായ ഊർജം സ്വീകരിക്കൽ, വനവൽക്കരണ പദ്ധതികൾ, നൂതന മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്.
നഗരവൽക്കരണവും വ്യാവസായിക വികാസവും മൂലം പല വ്യവസായ രാജ്യങ്ങളും കടുത്ത പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഒമാന്റെ നേട്ടം. രാജ്യത്തിന് കിട്ടിയ ഈ അംഗീകാരം മേഖലയ്ക്കും ലോകത്തിനും ഒരുപോലെ മാതൃകയാണെന്നും അധികൃതർ വ്യക്തമാക്കി. സുസ്ഥിര വികസനത്തിനും ഭാവി തലമുറയ്‌ക്കായി പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും ഊന്നൽ നൽകുന്ന ഒമാൻ വിഷൻ 2040-നൊപ്പം പാരിസ്ഥിതിക തന്ത്രങ്ങൾ നടപ്പാക്കുന്നതിൽ പരിസ്ഥിതി അതോറിറ്റിയുടെ സുപ്രധാന പങ്കും റാങ്കിങ് അടിവരയിടുന്നുവെന്നും അധികൃതർ അറിയിച്ചു.








0 comments