ഈദുൽ ഫിത്തർ ആഘോഷിച്ച് ഒമാൻ

സലാല: വ്രതശുദ്ധിയുടെ 30 നാളുകൾ പൂർത്തിയാക്കി ഒമാനിലെ പ്രവാസികൾ തിങ്കളാഴ്‌ച ഈദുൽ ഫിത്തർ ആഘോഷിച്ചു. സലാല സുൽത്താൻ ഖാബൂസ് മസ്ജിദിൽ നടന്ന പൊരുന്നാൾ നമസ്‌കാരത്തിന് ഷെയ്‌ഖ് മുസല്ലം അലി അഹമ്മദ് അൽ മസ്ഹലി നേതൃത്വം നൽകി. റംസാനിലെ ക്ഷമയ്ക്കു ശേഷമുള്ള ആഘോഷ സുദിനമാണ് പെരുന്നാൾ. കുടുംബ ബന്ധങ്ങളിൽനിന്ന് അറ്റുപോയ കണ്ണികളെ വിളക്കിച്ചേർക്കേണ്ട സന്ദർഭം കൂടിയാണിതെന്നും അദ്ദേഹം ഖുതുബയിലൂടെ ഉത്ബോധിപ്പിച്ചു. സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
വ്യത്യസ്‌ത മലയാളി പ്രവാസി സംഘടനകളുടെ കീഴിലും പ്രത്യേക പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് ഡാനിഷ് കൊയിലാണ്ടി നേതൃത്വം നൽകി. ബാ അലവി മസ്ജിദിൽ നടന്ന ഐസിഎഫിന്റെ ഈദ് ഗാഹിന് മുഹമ്മദ് റാഫി സഖാഫിയും മസ്ജിദ് ഹിബ്റിൽ സമസ്‌ത ഇസ്ലാമിക് സെന്റർ (എസ്‌ഐസി) സലാലയുടെ നേതൃത്വത്തിൽ നടന്ന നമസ്‌കാരത്തിന് അബ്ദുൾ ലത്തീഫ് ഫൈസി തിരുവള്ളൂരും നേതൃത്വം നൽകി. കെ അഷറഫ് മൗലവിയുടെ നേതൃത്വത്തിൽ ഐഎംഎ സംഘടിപ്പിച്ച ഈദ് ഗാഹ് ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്നു.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ചയായിരുന്നു പെരുന്നാൾ. സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ മൂന്നു ദിവസവും ഖത്തറിൽ പൊതുമേഖലയിൽ ഒമ്പതു ദിവസവും ഒമാനിൽ അഞ്ചു ദിവസവും ഈദ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments