ഓൺലൈൻ ഇടപാടിന് ഒടിപി ഒഴിവാക്കി; ആപ് വെരിഫിക്കേഷനുമായി എൻബിഡി ബാങ്ക്

ദുബായ് : ഓൺലൈൻ ഇടപാടുകൾക്ക് എസ്എംഎസ് ഒടിപി സംവിധാനം ഒഴിവാക്കി എമിറേറ്റ്സ് എൻബിഡി ബാങ്ക്. മൊബൈൽ ആപ് വഴി ഇടപാട് സ്ഥിരീകരിക്കാനുള്ള സംവിധാനം കൊണ്ടുവരാനാണ് ധാരണ. എല്ലാ തരത്തിലുള്ള പ്രാദേശിക, അന്തർദേശീയ വിനിമയങ്ങൾക്കും ഓൺലൈൻ ഇടപാടുകൾക്കും പുതിയ സംവിധാനം ബാധകമായിരിക്കും. ഉപയോക്താക്കൾ ഓൺലൈൻ പണമിടപാട് തുടങ്ങുമ്പോൾ ഇ എൻബിഡി എക്സ് ആപ്പിലേക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. അതിലൂടെതന്നെ ഇടപാട് അംഗീകരിക്കാം.
യുഎഇയിലെ ബാങ്കുകൾ ഡിജിറ്റൽ ഇടപാടുകൾക്കായി ഒടിപി ഒഴിവാക്കി മൊബൈൽ ബാങ്കിങ് ആപ്പിലെ "ഇൻ- ആപ് കൺഫർമേഷൻ’ സംവിധാനം നടപ്പാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബാങ്ക് പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, കൂടുതൽ സുരക്ഷിതവും വേഗത്തിലുള്ളതുമായ ഇടപാട് സ്ഥിരീകരണത്തിന് പുതിയ സംവിധാനം ഉടൻ ആരംഭിക്കും. സ്‌മാർട്ട് പാസ്, ബയോമെട്രിക് ഓതന്റിക്കേഷൻ എന്നിവയാണ് ഉപയോഗിക്കുക. ഉപയോക്താക്കൾക്ക് ഇനി മൊബൈൽ നെറ്റ്‌വർക്ക് ആവശ്യമില്ല. ഇന്റർനെറ്റ് ബന്ധം മാത്രം മതിയാകുമെന്നും വ്യക്തമാക്കുന്നു.
രാജ്യത്ത് നടന്ന പഠനങ്ങൾ പ്രകാരം തട്ടിപ്പുകൾമൂലം നഷ്‌ടപ്പെട്ട ഓരോ ദിർഹത്തിനും സ്ഥാപനങ്ങൾക്ക് ശരാശരി 4.19 ദിർഹം ചെലവ് വരുന്നു. ഇതിൽ സാമ്പത്തിക നഷ്‌ടങ്ങൾക്കൊപ്പം, ആഭ്യന്തര ചെലവുകൾ, പലിശ, ഫീസ്, നഷ്‌ടപ്പെട്ട ഉൽപ്പന്നങ്ങൾ പുനർവിതരണം എന്നിവ ഉൾപ്പെടുന്നു. 92 ശതമാനം കമ്പനികൾ ഉപഭോക്തൃ സംതൃപ്തിയിൽ തട്ടിപ്പുകൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. പുതിയ സംവിധാനം ഉപയോക്താക്കളുടെ അടയാളസുരക്ഷ ഉറപ്പാക്കുകയും തടസ്സമില്ലാത്ത അനുഭവം നൽകുകയും ചെയ്യുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ അഭിപ്രായപ്പെട്ടു.










0 comments