മണിക്കൂറുകൾക്കുള്ളിൽ മില്യൺ കാഴ്ചക്കാർ; 'സാത്തുക്കുടി പ്രണയം' ഏറ്റെടുത്ത് പ്രേക്ഷകർ
ജോയൽ ഡേവിസിന്റെ 'സാത്തുക്കുടി പ്രണയം' ഏറ്റെടുത്ത് പ്രേഷകർ. പത്ത് മണിക്കൂറിനുള്ളിൽ 2.6 മില്യൺ ആളുകളാണ് ഷോർട് ഫിലിം കണ്ടത്. നിരവധി രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ബത്‍ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിൽ നിന്നാണ് 'സോൾമേറ്റ്സ് - ഒരു സാത്തുക്കുടി പ്രണയം' പിറവിയെടുക്കുന്നത്. ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ ഡേവിസ് എന്ന കഥാപാത്രം സംവിധാനം ചെയ്യുന്ന ഷോർട് ഫിലിമാണിത്. ലോക സിനിമാ ചരിത്രത്തിൽ ആദ്യമായാകും ബിടിഎസ് തിയറ്ററിലും ഒറിജിനൽ ഷോർട് ഫിലിം യൂട്യൂബിലുമിറങ്ങുന്നത്.
‘ചെറായി ബീച്ചിലെ സായാഹ്നങ്ങളേക്കാൾ മനോഹരം നിന്നോടൊപ്പമുള്ള കടുംകാപ്പി’... നടാഷയുടെയും കാര്‍ത്തിക്കിന്‍റെയും പ്രണയകഥ പറയുന്ന ‘സോൾമേറ്റ്സ് – ഒരു സാത്തുക്കുടി പ്രണയം’ ബികെയുവിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് തന്നെയാണ് പുറത്തുവിട്ടത്. ജോയലിന്റെ സഹോദരനും നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രവുമായ ജസ്റ്റിൻ ഡേവിസാണ് ഈ ചിത്രത്തിന്റെ നിർമാതാവ്. സിനിമയിൽ പ്രേക്ഷകർ കണ്ട ജോയലിന്റെ സാങ്കൽപ്പിക ഷോർട്ട് ഫിലിമാണ് ഇപ്പോൾ മുഴുനീള രൂപത്തിൽ യഥാർഥ റിലീസായി എത്തിയിരിക്കുന്നത്.
ഷോർട്ട് ഫിലിമിന്റെ ക്രെഡിറ്റുകളിലും സിനിമയ്ക്കുള്ളിലെ കഥാപാത്രങ്ങൾ തന്നെ തുടരുന്നു. സംവിധായകനായി ജോയൽ ഡേവിസിന്റെയും നിർമാതാവായി ജസ്റ്റിൻ ഡേവിസിന്റെയും പേരുകളാണ് നൽകിയിരിക്കുന്നത്. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ക്രെഡിറ്റുകളിലും യഥാർഥ ജീവിതത്തിലെ പേരുകൾക്ക് പകരം സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
സിനിമയിലെ ഒരു കഥാപാത്രത്തിന്റെ സൃഷ്ടിയെ അതേ കഥാപാത്രത്തിന്റെ പേരിലും അതേ കഥാലോകത്തിന്റെ തുടർച്ചയിലും യഥാർഥ ഷോർട്ട് ഫിലിമായി പുറത്തിറക്കിയിരിക്കുകയാണ്. അഭിനയ പരിചയമില്ലാത്ത കഥാപാത്രമായെത്തുന്ന ജസ്റ്റിൻ ഡേവിസിനാണ് ചിത്രത്തിൽ ആരാധകരേറെയുള്ളത്. യഥാർഥ ഷോർട് ഫിലിം പുറത്തുവന്നപ്പോഴും പ്രേഷക പ്രതികരണം അങ്ങനെ തന്നെ.
"ആ വെയ്റ്റർ പയ്യനെതിരെ കൊറേ hate comments കണ്ടു.. നോക്കിക്കോ.. ഭാവിയിൽ അവൻ ഒറ്റയ്ക്ക് വഴി വെട്ടി കേറിവരും..!!!🔥🙌🏻 Mark my words..💯😌, Waiter ആയി വന്ന ചെക്കൻ്റെ attitude കണ്ടില്ലേ നിവിൻ പോളി ആണെന്നാണ് അവൻ്റ വിചാരം😂😂😂, കാശ് മുടക്കി short film പിടിച്ചിട്ട് വെറുമൊരു waiter ആയി അഭിനയിക്കാൻ കാണിച്ച പ്രൊഡ്യൂസറിന്റെ മനസ്സ് ❤❤❤, Waiter ആയി വന്ന പയ്യൻ ഒന്നുകൂടി improve ചെയ്യാനുണ്ട്.... ബാക്കി എല്ലാരും just wowww... 🤩😂😂" എന്നിങ്ങനെ രസകരമായ മറ്റ് കമന്റുകളുമുണ്ട്.
"സിനിമയിൽ ഷോർട്ട് ഫിലിം ഷൂട്ടിങ് കാണിച്ചപ്പോൾ ഇത് ഇത് കാണാൻ പറ്റും എന്ന് വിചാരിച്ചില്ല" എന്ന് കുറിച്ചവരും "ഷോർട്ട് ഫിലിമിനായി കണ്ണിൽ പായസം ഒഴിച്ച് കാത്തിരുന്നവർ" വരെ ഉണ്ട് കമന്റ് ബോക്സിൽ. പതിനഞ്ച് മിനിറ്റുള്ള ഷോർട് ഫിലിമിന് രണ്ടര മണിക്കൂർ ബിടിഎസ് എന്നാണ് മറ്റൊരു കണ്ടെത്തൽ. എന്തായാലും സംഭവം "അബ്സല്യൂട്ട് അയ്യപ്പ" ആയിട്ടുണ്ടെന്നാണ് പ്രേഷകർ പറയുന്നത്.









0 comments