യുഎഇയിലെ തൊഴിൽ തർക്കം; 98.6 ശതമാനവും കോടതിയിലെത്താതെ പരിഹരിക്കുന്നു

ദുബായ് : യുഎഇയിലെ തൊഴിൽ തർക്കങ്ങളിൽ 98.6 ശതമാനവും കോടതിയുടെ ഇടപെടലില്ലാതെ ഒത്തുതീർപ്പാക്കിയതായി മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങളിൽ കോടതികളുടെ ജോലിഭാരം ഗണ്യമായി കുറഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. 2026-ലെ ആദ്യ ആറുമാസത്തിനിടെ മന്ത്രാലയത്തിന്റെ തൊഴിൽ തർക്കപരിഹാര സംവിധാനത്തിലൂടെ 1,85,793 തൊഴിൽ തർക്കം സൗഹാർദപരമായി പരിഹരിക്കപ്പെട്ടു. വെറും 2481 കേസ് (1.4 ശതമാനം) മാത്രമാണ് തുടർനടപടികൾക്കായി കോടതിയിലേക്ക് കൈമാറിയതെന്നും അധികൃതർ വ്യക്തമാക്കി.
50,000 ദിർഹംവരെയുള്ള തൊഴിൽ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നേരിട്ട് പരിഗണിച്ച് തീർപ്പാക്കാനുള്ള അധികാരം മന്ത്രാലയത്തിന് നൽകിയതോടെയാണ് നടപടി കൂടുതൽ വേഗത്തിലായത്. ഇതിലൂടെ തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ വൈകാതെ ലഭ്യമാക്കാനും സാധിക്കുന്നതായി അധികൃതർ പറഞ്ഞു.
വേതന സംരക്ഷണ സംവിധാനം തൊഴിൽ തർക്കങ്ങൾ തുടക്കത്തിലേ കണ്ടെത്തുന്നതിലും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ലേബർ റിലേഷൻസ് വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ ഖറ വ്യക്തമാക്കി. തൊഴിലുടമകൾ ശമ്പളം സമയബന്ധിതമായി നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനാൽ പ്രശ്നങ്ങൾ പരാതിയായി മാറുംമുമ്പ് ഇടപെടാൻ മന്ത്രാലയത്തിന് സാധിക്കുന്നു. ഇതിലൂടെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള വിശ്വാസവും നിയമപാലനവും ശക്തിപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിൽ സംബന്ധമായ പരാതികൾ സമർപ്പിക്കേണ്ടവർ 80084 എന്ന ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി കോൾ സെന്ററുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.










0 comments