ഇറാഖ് തീർഥാടകർക്ക് സഹായവുമായി കുവൈത്ത്

കുവൈത്ത് സിറ്റി : സംഘർഷ സാഹചര്യത്തിൽ സൗദി അറേബ്യയിൽ കുടുങ്ങിയ ഇറാഖിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് സഹായവുമായി കുവൈത്ത്. സൗദിയിൽ കുടുങ്ങി കിടക്കുന്ന തീർഥാടകരെ കു വൈത്തിൽ വിമാനത്താവളം വഴി പ്രവേശിക്കുന്നതിനും പിന്നീട് കരമാർഗം ഇറാഖിലേക്ക് അയക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിർദേശത്തോടെയാണ് നടപടി സ്വീകരിച്ചതെന്നും അധികൃതർ പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഇറാഖ് താൽക്കാലികമായി വ്യോമാതിർത്തി അടച്ചതോടെയാണ് ഹജ്ജിനായി സൗദി അറേബ്യയിൽ എത്തിയ നിരവധി ഇറാഖി തീർഥാടകർക്ക് തിരിച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥ വന്നത്. തീർഥാടകർക്കായി കുവൈത്തിൽ പ്രവേശിക്കാൻ സൗജന്യ വിസ നൽകും. അതിർത്തിയിൽ ഗതാഗതത്തിനുള്ള സുരക്ഷിത സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ കാര്യങ്ങൾക്കായി വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനം നടത്തി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇറാഖ്, കുവൈത്ത്, സൗദി എന്നിവിടങ്ങളിലുളള ഉദ്യോഗസ്ഥരുമായി സഹകരിച്ച് താൽക്കാലിക ക്യാമ്പുകൾ, മെഡിക്കൽ സഹായം, യാത്രാസൗകര്യങ്ങൾ എന്നിവയും ഒരുക്കാൻ കുവൈത്ത് ശ്രമം തുടരുകയാണ്.
0 comments