ജിദ്ദ പുസ്തകമേളയ്ക്ക് തുടക്കമായി

ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി. "ജിദ്ദ വായിക്കുന്നു" എന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് ജിദ്ദ സൂപ്പർഡോമിൽ പുസ്തകമേള ആരംഭിച്ചത്. ഈ മാസം 20 വരെയാണ് മേള. 24 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം പ്രാദേശിക, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളും ഏജൻസികളും 400 സ്റ്റാളുകളിലായി മേളയിൽ അണിനിരക്കുന്നു.
പ്രസാധന വ്യവസായം വികസിപ്പിക്കുക, സർഗ്ഗാത്മക കഴിവുകളെ പിന്തുണയ്ക്കുക, സൗദി പ്രസാധകരുടെയും എഴുത്തുകാരുടെയും സാന്നിധ്യം വർദ്ധിപ്പിക്കുക എന്നിവയൊക്കെ മേള ലക്ഷ്യം വെക്കുന്നതായി കമ്മീഷൻ സിഇഒ ഡോ. അബ്ദുല്ലത്തീഫ് അൽ വാസൽ അഭിപ്രായപ്പെട്ടു.
പുസ്തകമേളയോടനുബന്ധിച്ച് 170-ലധികം സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സെമിനാറുകൾ, പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, കാവ്യാലാപനങ്ങൾ, വിവിധ വിഷയങ്ങളിലുള്ള വർക്ക്‌ഷോപ്പുകൾ, പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും അവതരണങ്ങൾ, കുട്ടികൾക്കായി പ്രത്യേക വേദി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സന്ദർശകർക്കുള്ള പ്രവേശന സമയം വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ അർദ്ധരാത്രി പന്ത്രണ്ടു വരെയാണ്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ പ്രവേശനം ആരംഭിക്കും.
പുസ്തകോത്സവത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് സൗദി സിനിമകളുടെ പ്രദർശനമാണ്.'ദാവ് (ലൈറ്റ്) ഫോർ ഫിലിം സപ്പോർട്ട്' പ്രോഗ്രാമിന്റെ പിന്തുണയോടെ, ഫിലിം കമ്മീഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിരൂപക പ്രശംസ നേടിയ സൗദി സിനിമകൾ പ്രധാന വേദിയിൽ ദിവസവും പ്രദർശിപ്പിക്കും.
സ്വയം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പ്രദർശിപ്പിക്കാനും എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ നേരിട്ട് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും മേള അവസരം നൽകുന്നു. കൂടാതെ, ഒപ്പിട്ട പുസ്തകങ്ങൾ ലഭിക്കുന്നതിന് വേണ്ടി രചയിതാക്കളെ നേരിൽ കാണാനും സൗകര്യമുണ്ട്.
പത്രപ്രവർത്തന നൈപുണ്യം, ഡിജിറ്റൽ പ്രതിസന്ധി കൈകാര്യം ചെയ്യൽ, കുട്ടികളുടെ കഥാ രചന, വ്യക്തിഗത ബ്രാൻഡിംഗ്, ഭാഷാപരവും വൈജ്ഞാനികപരവുമായ വളർച്ചയിൽ വായനയുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങളിൽ അഞ്ച് വർക്ക്‌ഷോപ്പുകളും പുസ്തകമേളയുടെ ഭാഗമായി നടക്കും.










0 comments