ഇറാൻ ആക്രമണം; യുഎഇയിലും കുവൈത്തിലുമായി 11 പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി/മനാമ/ദുബായ് : ഗള്‍ഫ് മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്ന് ഇറാന്‍. യുഎഇയിലെ അബുദാബിയിലും ഷാര്‍ജയിലും കുവൈത്തിലുമുണ്ടായ വിവിധ സംഭവങ്ങളില്‍ 11 പേര്‍ക്ക് പരിക്കേറ്റു. യുഎഇയിലെ ഫുജൈറയിൽ ഡു ടെലികോം കമ്പനി കെട്ടിടത്തിനുനേരെ തിങ്കള്‍ പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണമുണ്ടായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫുജൈറ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. ബന്ധപ്പെട്ട അധികാരികൾ ഉടൻ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചോ എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
അബുദാബി മുസഫ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കമ്പനി പരിസരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഗാന സ്വദേശിയായ തൊഴിലാളിക്ക് പരിക്കേറ്റു. യുഎഇ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്ത ഇറാൻ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതാണ് അപകടത്തിന് കാരണം.
ഷാര്‍ജ ഖോര്‍ഫക്കാന്‍ തുറമുഖത്ത് ഞായർ വൈകീട്ട് ഇറാൻ ആക്രമണത്തെ തുടര്‍ന്ന് നാശനഷ്ടമുണ്ടായി. വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം തുറമുഖത്ത് പതിച്ചതിനെ തുടര്‍ന്ന് കപ്പലുകള്‍ക്കും കണ്ടെയ്‌നറുകള്‍ക്കും തീപിടിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നേപ്പാള്‍ സ്വദേശിയുടെ നില ഗുരുതരമാണ്. മറ്റ് മൂന്നുപേര്‍ പാകിസ്ഥാന്‍ സ്വദേശികളാണ്. ഇതോടെ രാജ്യത്ത് പരിക്കേറ്റവരുടെ എണ്ണം 221 ആയി. തിങ്കളാഴ്ച രാജ്യത്തിനുനേരെയെത്തിയ 12 ബാലിസ്റ്റിക് മിസൈലും രണ്ട് ക്രൂയിസ് മിസൈലും 19 ഡ്രോണും തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വടക്കന്‍ കുവൈത്തിലെ ജനവാസ മേഖലയില്‍ ഇറാന്റെ മിസൈല്‍ അവശിഷ്ടങ്ങളും ചില്ലുകളും പതിച്ച് ആറുപേര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് അറിയിച്ചു. തിങ്കള്‍ പുലര്‍ച്ചെയുണ്ടായ ആക്രമണത്തിന് പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര വിഭാഗം ഉടൻ സ്ഥലത്തെത്തി. സംഭവ സ്ഥലത്തുതന്നെ രണ്ട് സ്ത്രീകൾക്ക് ചികിത്സ നൽകി. മൂന്നാമത്തെയാളെ തുടർചികിത്സയ്ക്കായി അൽ -ജഹ്റ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുപുറമേ മറ്റ് ചിലർ സ്വമേധയാ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടി. മുറിവുകൾ, സ്ഫോടനത്തിന്റെ ആഘാതത്തെ തുടർന്ന് കേൾവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ശക്തമായ ആഘാതത്തിൽ ഉണ്ടായ വീഴ്ചകൾ എന്നിവയാണ് പരിക്കുകളുടെ സ്വഭാവമെന്നും അൽ- സനദ് വിശദീകരിച്ചു. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് ഉറപ്പാക്കാനായി പ്രദേശത്ത് സമഗ്രപരിശോധന നടത്തി. അടിയന്തര സാഹചര്യം നേരിടാൻ ആരോഗ്യ സംവിധാനമൊട്ടാകെ 24 മണിക്കൂറും പൂർണ ജാഗ്രതയിലാണ്. പൊതുജനങ്ങൾ ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ബഹ്‌റൈന്‍ പ്രതിരോധ സേന രണ്ട് ഡ്രോണ്‍ തകര്‍ത്തതായി നാഷണല്‍ കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ആക്രമണം തുടങ്ങിയതുമുതല്‍ ഇതുവരെ 188 മിസൈലും 468 ഡ്രോണും ബഹ്‌റൈന്‍ സൈന്യം തകര്‍ത്തിട്ടുണ്ട്.










0 comments