ഫ്രഞ്ച് സൂപ്പർ കപ്പ് ചരിത്രമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിന്റെ കായിക ചരിത്രത്തിൽ പുതുചരിത്രം സമ്മാനിച്ച് ഫ്രഞ്ച് സൂപ്പർ കപ്പ് ഫൈനൽ. ജാബർ അൽ അഹമദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന് ആയിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന മത്സരത്തിനുപിന്നാലെ ഫ്രാൻസിന് പുറത്ത് ഫ്രഞ്ച് സൂപ്പർ കപ്പ് സംഘടിപ്പിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പിഎസ്ജി വ്യക്തമായ മേൽക്കൈ നേടി. 13–ാം മിനിറ്റിൽ ഒസ്‌മാൻ ഡെംബലെയുടെ മനോഹരമായ ഫിനിഷിലൂടെ പാരീസ് ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയിൽ മാഴ്‌സ ആക്രമണം ശക്തമാക്കി. 75–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി മേസൺ ഗ്രീൻവുഡ് ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സമനിലയായി. തുടർച്ചയായ സമ്മർദത്തിന്റെ ഫലമായി 87–ാം മിനിറ്റിൽ മാഴ്‌സ മുന്നിലെത്തി. സ്റ്റോപ്പേജ് ടൈമിൽ ഗോൺസാലോ റാമോസിന്റെ നിർണായക ഗോളിലൂടെ പിഎസ്ജി തിരിച്ചുവന്നു.
ഷൂട്ടൗട്ടിൽ പിഎസ്ജി കൂടുതൽ ശാന്തതയും കൃത്യതയും പ്രകടിപ്പിച്ചു. റാമോസ്, വിറ്റിന്യ, നൂനോ മെൻഡസ് എന്നിവർ ലക്ഷ്യം കണ്ടു. ഗോൾകീപ്പറുടെ നിർണായക സേവുകൾ ടീമിന് (4–1) വിജയം ഉറപ്പാക്കി.
മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഗതാഗത നിയന്ത്രണംമുതൽ സ്റ്റേഡിയത്തിനകത്തെയും പുറത്തെയും സുരക്ഷവരെ കർശനമായി നടപ്പാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ സംഘങ്ങളും ആംബുലൻസ് യൂണിറ്റുകളും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മുഴുവൻ സമയവും സജ്ജമായി നിലയുറപ്പിച്ചു.
കുവൈത്തിന്റെ കിരീടാവകാശിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള ഉന്നത ഭരണനേതൃത്വം മത്സരം മത്സരത്തോടനുബന്ധിച്ച് വിവിധ വിനോദപരിപാടികൾ ഉൾപ്പെടുത്തി കായികോത്സവമാണ് അരങ്ങേറിയത്. ടൂർണമെന്റിന്റെ സംഘാടന വിജയം യുവ കുവൈത്തികളുടെ അശ്രാന്ത പരിശ്രമത്തിന്റെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും ദേശീയ കമ്പനികളുടെയും ശക്തമായ സഹകരണത്തിന്റെയും ഫലമാണെന്ന് വാർത്താവിനിമയ, സംസ്‌കാര മന്ത്രിയും യുവജന സഹമന്ത്രിയുമായ അബ്ദുൾ റഹ്മാൻ അൽ മുതൈരി പറഞ്ഞു. വലിയ ജനപങ്കാളിത്തം മത്സരത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച. ഇതുവഴി ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര കായികമേളകൾ കുവൈത്തിൽ സംഘടിപ്പിക്കാൻ ആത്മവിശ്വാസം വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി.










0 comments