ad
Deshabhimani

വിരുന്നെത്തി അരയന്നക്കൊക്കുകൾ; കുവൈത്ത് തീരങ്ങളിൽ "പിങ്ക് വസന്തം'

Flamingos

ഫോട്ടോ: അൽ അൻബ

വെബ് ഡെസ്ക്

Published on Sep 15, 2026, 06:54 PM | 1 min read

കുവൈത്ത് സിറ്റി : ശൈത്യകാലത്തിന്റെ വരവറിയിച്ച് അരയന്നക്കൊക്കുകളുടെ (ഗ്രേറ്റർ ഫ്ലമിംഗോ) കൂട്ടങ്ങൾ കുവൈത്തിന്റെ തീരപ്രദേശങ്ങളിൽ എത്തിത്തുടങ്ങി. കുവൈത്ത് ഉൾക്കടലിലെ ആഴം കുറഞ്ഞ ജലാശയങ്ങളിൽ കൂട്ടമായെത്തിയ പക്ഷികൾ തീരങ്ങൾക്ക് പിങ്ക് മനോഹാരിത പകരുകയാണ്. ഈ ദൃശ്യവിരുന്ന് പക്ഷിനിരീക്ഷകരുടെയും പ്രകൃതിസ-്നേഹികളുടെയും ശ്രദ്ധയാകർഷിക്കുന്നു.


കുവൈത്തിൽ ശൈത്യകാലത്ത് എത്തുന്ന ദേശാടനപ്പക്ഷികളിൽ ഏറ്റവും ശ്രദ്ധേയമായ ഇനമാണ് ഗ്രേറ്റർ ഫ്ലമിംഗോ. സാധാരണയായി ആഗസ-്തുമുതൽ എത്തിത്തുടങ്ങുന്ന ഇവ ശരത്കാലവും ശൈത്യകാലവും വസന്തകാലത്തിന്റെ ഒരുഭാഗവും രാജ്യത്തെ തീരപ്രദേശങ്ങളിൽ ചെലവഴിക്കും. കുവൈത്ത് ഉൾക്കടൽ, ജഹ്റ പ്രകൃതി സംരക്ഷണകേന്ദ്രം, സുലൈബിഖാത്ത് തീരം എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്.

ശൈത്യകാലം ശക്തമാകുന്നതോടെ ഇവയുടെ എണ്ണവും വർധിക്കും. ചില വർഷങ്ങളിൽ നാലായിരത്തോളം പക്ഷികൾവരെ കുവൈത്തിലെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടമായി തീറ്റ തേടുകയും വിശ്രമിക്കുകയും ചെയ്യുന്ന ഇവ തീരപ്രദേശങ്ങളിൽ മനോഹരമായ കാഴ്‌ചയൊരുക്കുന്നു.


നീണ്ട കാലുകൾ, വളഞ്ഞ കൊക്ക്, വെള്ളയും പിങ്കും കലർന്ന തൂവലുകൾ എന്നിവയാണ് പ്രധാന സവിശേഷത. ആഴം കുറഞ്ഞ ജലാശയങ്ങളിലും ചെളിത്തട്ടുകളിലും കാണപ്പെടുന്ന പായൽ, സൂക്ഷ്മജീവികൾ, ചെറുകക്കകൾ, ചെമ്മീൻ ഉൾപ്പെടെയുള്ള ജലജീവികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. വെള്ളത്തിലൂടെ പതുക്കെ നടന്നുനീങ്ങി പ്രത്യേക ആകൃതിയിലുള്ള കൊക്ക് ഉപയോഗിച്ച് ചെളിയിൽനിന്ന് ആഹാരം അരിച്ചെടുക്കുന്നതാണ് ഇവയുടെ രീതി.


ഭക്ഷണസമൃദ്ധമായ ചെളിത്തട്ടുകളും ആഴംകുറഞ്ഞ ജലാശയങ്ങളുമുള്ള കുവൈത്തിന്റെ തീരപ്രദേശങ്ങൾ ദേശാടനപ്പക്ഷികളുടെ പ്രധാന ഇടത്താവളമാണ്. തീരദേശ ജൈവവൈവിധ്യത്തിന്റെ അവിഭാജ്യഘടകമായ അരയന്നക്കൊക്കുകൾ കുവൈത്തിന്റെ സമുദ്ര ആവാസവ്യവസ്ഥയിലും പ്രധാന പങ്കുവഹിക്കുന്നു. ശൈത്യകാലത്തിനുശേഷം മാർച്ച് അവസാനത്തോടെയും ഏപ്രിലിലുമായാണ് ഇവ പ്രജനനകേന്ദ്രങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നത്. അതുവരെ കുവൈത്തിന്റെ തീരങ്ങൾക്ക് പിങ്ക് മനോഹാരിത പകർന്ന് അരയന്നക്കൊക്കുകളുടെ സാന്നിധ്യം തുടരും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home