സൈബർ സുരക്ഷാ മത്സരം പ്രഖ്യാപിച്ച് ദുബായ് പൊലീസ്

ദുബായ് : സൈബർ സുരക്ഷ രംഗത്ത് വളർന്നുവരുന്ന ഭീഷണികളെ നേരിടാനായി ദുബായ് പൊലീസ് ഒക്ടോബറിൽ സൈബർ സുരക്ഷാ പ്രചാരണ പരിപാടി പ്രഖ്യാപിച്ചു. 2.23 ലക്ഷം ദിർഹം സമ്മാനത്തുകയോടെ നടക്കുന്ന “ക്യാപ്ചർ ദ ഫ്ലാഗ്” (സി ടി എഫ് ) മത്സരം പരിപാടിയുടെ പ്രധാന ആകർഷണമാണ്. എത്തികൽ ഹാക്കർമാരെ കണ്ടെത്തി ഭാവിയിൽ പൊലീസ് സുരക്ഷാ സംവിധാനങ്ങളിലേക്കുൾപ്പെടുത്തുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം എന്ന് ഇലക്ട്രോണിക് ക്രൈംസ് വിഭാഗം വ്യക്തമാക്കി.
മത്സരം സ്കൂൾ, സർവകലാശാല, പ്രൊഫഷണൽ എന്നീ മൂന്ന് തലങ്ങളിലായിരിക്കും മത്സരങ്ങൾ. സ്കൂൾ വിഭാഗത്തിൽ മൂന്നുപേർക്കായി 40,000 ദിർഹം, സർവകലാശാല വിഭാഗത്തിൽ 78,000 ദിർഹം, പ്രൊഫഷണൽ വിഭാഗം 95,000 ദിർഹം എന്നിങ്ങനെയാണ് സമ്മാന തുകകൾ. സൈബർ സുരക്ഷയിലെ കഴിവുകൾ തെളിയിക്കുന്നവർക്ക് മുന്നോട്ട് വരാനുള്ള വേദിയാണ് ഇതെന്ന് അധികൃതർ പറഞ്ഞു.
മത്സരത്തിന്റെ രജിസ്ട്രേഷൻ ഒക്ടോബർ 1 മുതൽ ആരംഭിച്ചു. ഓൺലൈൻ പ്രാഥമിക റൗണ്ടുകൾ ഒക്ടോബർ 5 മുതൽ മാസാവസാനം വരെ തുടരും. ഒക്ടോബർ 25, 26 തീയതികളിൽ ദുബായ് ഓഫീസേഴ്സ് ക്ലബിൽ ഫൈനൽ റൗണ്ട് നടക്കും. മത്സരത്തോടൊപ്പം ഒക്ടോബർ മാസത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണത്തിനായി വ്യാപകമായ പരിപാടികളും സംഘടിപ്പിക്കും.
ഒക്ടോബർ മാസത്തിൽ എല്ലാ ഞായറും തിങ്കളും വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഓൺലൈൻ ക്വിസ് നടക്കും. വിജയികളെ ഒക്ടോബർ 30ന് പ്രഖ്യാപിക്കും. ഓൺലൈൻ തട്ടിപ്പുകളോ സംശയാസ്പദമായ പ്രവർത്തനങ്ങളോ സംബന്ധിച്ച പരാതികൾ ലഭിച്ചാൽ ഉടൻ അന്വേഷണത്തിന് വിധേയമാക്കുമെന്നും വ്യാജ ഫോൺ നമ്പറുകളോ ഇമെയിൽ വിലാസങ്ങളോ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.









0 comments