ഗ്ലോബൽ വില്ലേജ്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: യുഎഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിൽ ഭക്ഷ്യസുരക്ഷയും ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി വ്യാപക പരിശോധനകൾ നടത്തി. ജനസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ 51,000-ത്തിലധികം ഭക്ഷ്യഉൽപ്പന്ന യൂണിറ്റുകളും 49 ഷിപ്പ്മെന്റുകളും പരിശോധിക്കുകയും 200ലധികം എക്‌സിബിറ്റർ അനുമതികൾ അനുവദിക്കുകയും ചെയ്തു.
ഉയർന്ന നിലവാരവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായുള്ള പൊരുത്തവും ഉറപ്പാക്കുന്നതിന് മുനിസിപ്പാലിറ്റി ആധുനിക സാങ്കേതിക സംവിധാനങ്ങൾ പരിശോധനയിക്ക് ഉപയോഗിക്കുന്നതായി അധികൃതർ അറിയിച്ചു.
പുതിയ ആകർഷണങ്ങളായി ഡ്രാഗൺ കിങ്ഡം, ഗാർഡൻസ് ഓഫ് ദ വേൾഡ് തുടങ്ങിയ തീം മേഖലകളും, നവീകരിച്ച റസ്റ്റോറന്റ് മേഖലകളും ഗ്ലോബൽ വില്ലേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിയസ്റ്റ സ്റ്റ്രീറ്റ്, ഡെസേർട്ട് ഡിസ്ട്രിക്ട് എന്ന പേരിൽ പുതുക്കിയ റെയിൽവേ മാർക്കറ്റ്, ഹാപ്പിനസ് സ്റ്റ്രീറ്റ് തുടങ്ങിയവ സന്ദർശകർക്ക് പുതുമയാർന്ന അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രവേശന ടിക്കറ്റുകൾ 25 ദിർഹം മുതലാണ് ആരംഭിക്കുന്നത്.
മിക്ക പാർക്കിംഗ് മേഖലകളും സൗജന്യമാണ്. പ്രീമിയം പാർക്കിംഗ് 120 ദിർഹം, പി6 പാർക്കിംഗ് 75 ദിർഹം നിരക്കിൽ ലഭ്യമാകും. ഗ്ലോബൽ വില്ലേജ് മൂന്നു ദശാബ്ദങ്ങൾ പൂർത്തിയാക്കുന്ന ഈ സീസണിൽ, വിനോദത്തോടൊപ്പം ഭക്ഷ്യസുരക്ഷയും ഗുണമേന്മയും ഉറപ്പാക്കാനാണ് പരിശോധന നടത്തിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.










0 comments