മദ്യലഹരിയിൽ വാഹനാപകടം: അറബ് വനിത 2 ലക്ഷം ദിർഹം രക്തപ്പണം നൽകണം

ദുബായ്: മദ്യലഹരിയിൽ അറബ് വനിതയോടിച്ച വാഹനമിടിച്ച് കാൽനടയാത്രികൻ കൊലപ്പെട്ട സംഭവത്തിൽ ദുബായ് മിസ്ഡിമീനർസ് കോടതി വിധി ശിക്ഷ വിധിച്ചു. അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം ദിർഹം രക്തപ്പണം നൽകാനും 10,000 ദിർഹം പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. അൽ ഖുദ്ര മേഖലയിലുണ്ടായ അപകടത്തിലാണ് ശിക്ഷ വിധിച്ചത്.
വനിതയുടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് തെറ്റി പോയി. വാഹനം ആദ്യം മറ്റൊരു കാറിൽ ഇടിച്ചു, ശേഷം കാർ തെരുവ് വിളക്കിലും പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. പിന്നാലെ കാർ മൂന്നാമത്തെ വാഹനത്തിലും ഇടിച്ചു. മുന്നോട്ട് നീങ്ങിയ കാർ പാതയിലൂടെ നടന്നുകൊണ്ടിരുന്ന മൂന്നുപേരെയും ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇവരിൽ ഒരാൾ ഗുരുതര പരിക്കേറ്റ് മരിച്ചു. ബാക്കി രണ്ടുപേർക്കും പരിക്കേറ്റു.
വനിത മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. അപകടസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് വനിതയും സമ്മതിച്ചു. പാതയുടെ നടുവിൽ നിൽക്കുകയായിരുന്നു യാത്രികരെന്ന് വനിതയുടെ മൊഴിയുണ്ടായിരുന്നു. എന്നാൽ, വനിതയുടെ അശ്രദ്ധയും ലഹരിയിലുള്ള ഡ്രൈവിങ്ങുമാണ് അപകട കാരണമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, പാതയുടെ നടുവിൽ നിൽക്കുന്നതിലൂടെ പരിക്കേറ്റവരും അപകടത്തിന് ഭാഗിക ഉത്തരവാദികളാണെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് വാഹനങ്ങൾക്ക് സംഭവിച്ച നാശനഷ്ടത്തിനും വനിതയെ ഉത്തരവാദിയാക്കി കോടതി വിധി പ്രസ്താവിച്ചു.









0 comments