കുവൈത്തിലെ ഗാർഹിക തൊഴിലാളികൾ ഗണ്യമായി കുറഞ്ഞു

domestic workers

photo credit: X

വെബ് ഡെസ്ക്

Published on Mar 13, 2025, 04:08 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്‌. രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 30,377ന്റെ കുറവ്‌ രേഖപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്‌. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ്‌ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്‌. 2023ന്റെ പകുതിയിൽ കുവൈത്തിലെ മൊത്തം ഗാർഹിക തൊഴിലാളികളുടെ എണ്ണം 8,11,307 ആയിരുന്നു. എന്നാൽ, 2024 ഡിസംബർ അവസാനം അത് 7,80,930 ആയി കുറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


റിക്രൂട്ട്‌മെന്റ് നടപടി ക്രമങ്ങളുടെ കടുപ്പവും തൊഴിലാളികൾക്ക് മേലുള്ള ഉയർന്ന ഫീസുമാണ് എണ്ണത്തിലെ ഇടിവിന് പ്രധാന കാരണമെന്ന്‌ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥൻ ഹമദ് അൽ അലി ഹമദ് അൽ അലി പറഞ്ഞു. റിക്രൂട്ട്‌മെന്റിന് കനത്ത ഫീസ് ചുമത്തിയതും ഫിലിപീൻസ്‌ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച അനിശ്ചിതത്വവും പ്രധാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഗൾഫ് മേഖലയിൽ ഗാർഹിക തൊഴിലാളികളുടെ ആവശ്യകത വർധിച്ചതും മത്സരാധിഷ്ഠിത തൊഴിൽ വിപണി കാരണം നിരവധി തൊഴിലാളികൾ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നതും തൊഴിലാളികളുടെ എണ്ണം കുറയാൻ കാരണമായി. ചില ഏഷ്യൻ പൗരന്മാർക്ക് കുവൈത്ത് ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളാണ് ഇടിവിന് കാരണമായ മറ്റൊരു ഘടകം. ഇത് തൊഴിലാളികളുടെ ലഭ്യതയെ കൂടുതൽ പരിമിതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തൊഴിൽ ശക്തി പുനഃസ്ഥാപിക്കുന്നതിൽ നിലവിലുള്ള വെല്ലുവിളികൾക്കിടയിലും കുവൈത്തിൽ ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളുടെ എണ്ണം ഏകദേശം 450 ആയെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, സ്വദേശികളല്ലാത്ത ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ്‌ ഒന്നാംസ്ഥാനത്തെന്ന്‌ അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഗാർഹിക തൊഴിലാളികൾക്കായി കഴിഞ്ഞ ജൂലൈയിൽ പുറപ്പെടുവിച്ച സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റതിന്‌ 30,000ൽ അധികം അപേക്ഷ ലഭിച്ചിരുന്നു.



deshabhimani section

Related News

0 comments
Sort by

Home