Deshabhimani

ദുബായിൽ പങ്കിട്ട താമസത്തിന് 44 പ്രദേശങ്ങൾക്ക് അനുമതി

shared room dubai
വെബ് ഡെസ്ക്

Published on Oct 09, 2026, 09:06 AM | 1 min read

ദുബായ്: പങ്കിട്ട താമസ സൗകര്യം അനുവദിക്കുന്നതിനായി ദുബായിലെ 44-ലേറെ പ്രദേശങ്ങൾക്ക് അംഗീകാരം. അമിതമായ താമസത്തിരക്ക് കുറയ്ക്കുന്നതിനും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള പുതിയ ചട്ടങ്ങളുടെ ഭാഗമായാണ് പ്രദേശങ്ങൾ നിശ്ചയിച്ചത്.

അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബാത്ത്, അൽ റിഗ്ഗ എന്നിവയാണ് പട്ടികയിലെ പ്രധാന പ്രദേശങ്ങൾ. അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ പ്രദേശങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തും.

പങ്കിട്ട താമസത്തിനുള്ള ആസൂത്രണ, നിർമാണ ആവശ്യകതകൾ സംബന്ധിച്ച ദുബായ് മുനിസിപ്പാലിറ്റിയുടെ മാർഗനിർദേശത്തിൽ പ്രദേശങ്ങൾ, സാങ്കേതിക മാനദണ്ഡങ്ങൾ, ആരോഗ്യ-സുരക്ഷാ വ്യവസ്ഥകൾ എന്നിവ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കെട്ടിടവും വ്യക്തിഗത താമസത്തിനോ കുടുംബ താമസത്തിനോ മാത്രമായി നിശ്ചയിക്കണം. ഒരാൾക്ക് കിടപ്പുമുറിയിൽ കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ സ്ഥലം വേണം. കുടുംബ താമസത്തിൽ ഓരോ കുടുംബത്തിനും പ്രത്യേക കിടപ്പുമുറിയും അനുബന്ധ കുളിമുറിയും ഉണ്ടായിരിക്കണം.

അടുക്കള, ശുചിമുറി, ഭക്ഷണം കഴിക്കൽ, വിനോദം, അലക്കൽ, വസ്ത്രം ഉണക്കൽ തുടങ്ങിയ പങ്കിട്ട സൗകര്യങ്ങൾക്കും മാനദണ്ഡങ്ങൾ ബാധകമാണ്. ആരോഗ്യവും സുരക്ഷയും സ്വകാര്യതയും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പങ്കിട്ട താമസമായി ഉപയോഗിക്കുന്ന നിലവിലുള്ള കെട്ടിടങ്ങളുടെ നിയമാനുസൃതമാക്കലിന് സെപ്റ്റംബർ 8 മുതൽ ഒരു വർഷത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്കും വില്ലകൾക്കും ആവശ്യമായ അനുമതി നേടിയ ശേഷം പങ്കിട്ട താമസത്തിന് ഉപയോഗിക്കാം. അനുമതി നൽകുന്നതിനുമുമ്പ് ദുബായ് സിവിൽ ഡിഫൻസിന്റെ അഗ്നിസുരക്ഷാ സംവിധാനങ്ങളും സുരക്ഷാ വ്യവസായ നിയന്ത്രണ ഏജൻസിയുടെ നിരീക്ഷണ ക്യാമറാ സംവിധാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. അനുമതി നൽകുന്നതിനും പുതുക്കുന്നതിനുമുള്ള സേവനങ്ങൾ ‘ബിൽഡ് ഇൻ ദുബായ്’ ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home