ദുബായിലെ വിലാസ ബോർഡുകൾക്ക് പുതിയമുഖം

ദുബായ് : ദുബായിലെ വിലാസ സംവിധാനത്തിന് പുതിയ രൂപം നൽകാനൊരുങ്ങി അധികൃതർ. വിവിധ പ്രദേശങ്ങളെ തിരിച്ചറിയാൻ നിറങ്ങൾ അടിസ്ഥാനമാക്കിയുള്ള അടയാളങ്ങൾ, പുതുക്കിയ തെരുവ് ബോർഡുകൾ, കെട്ടിട നമ്പർ ഫലകങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതാണ് പദ്ധതി.
നഗരാസൂത്രണത്തിനായുള്ള സുപ്രീം കമ്മിറ്റി, ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയും ദുബായ് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനും താമസക്കാർക്കും സന്ദർശകർക്കും എത്തിച്ചേരൽ സുഗമമാക്കുന്നതിനും നഗരത്തിന്റെ സവിശേഷ ദൃശ്യരൂപം ശക്തിപ്പെടുത്തുന്നതിനുമാണ് ലക്ഷ്യം.
186 പ്രദേശങ്ങളും 19 മേഖലകളും ഉൾപ്പെടുന്ന പദ്ധതി 2026 അവസാന പാദം മുതൽ 2030 വരെ ഘട്ടംഘട്ടമായി നടപ്പാക്കും. ആദ്യഘട്ടത്തിൽ സഅബീൽ 1, സഅബീൽ 2, നദ് അൽ ഷിബ, അൽ ഖവാനീജ് 1, നസ്‌വ എന്നിവിടങ്ങളിൽ 2000-ത്തിലേറെ ബോർഡുകൾ സ്ഥാപിക്കുകയും പുതുക്കുകയും ചെയ്യും.
പ്രദേശങ്ങളുടെ ഭൂമിശാസ-്‌ത്ര സവിശേഷതകൾ അടിസ്ഥാനമാക്കി അഞ്ച് നിറങ്ങളാണ് അടയാളങ്ങളിൽ ഉപയോഗിക്കുക. കടലിനോട് ചേർന്ന പ്രദേശങ്ങളെ നീല നിറവും മരുഭൂമി മേഖലകളെ സ്വർണനിറവും പ്രതിനിധീകരിക്കും. കെട്ടിട നമ്പർ ഫലകങ്ങളിൽ മകാനി നമ്പറുകൾ ഉൾപ്പെടുത്തുന്നതിനൊപ്പം സ്ഥാനവിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ചതുരക്കോഡുകളും സ്ഥാപിക്കും.








0 comments