ഇസ്രയേൽ മന്ത്രിയുടെ പ്രസ്‌താവനയെ അപലപിച്ച് യുഎഇ

ഷാർജ: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേലിന്റെ പരമാധികാരം അടിച്ചേൽപ്പിക്കണമെന്ന ഇസ്രയേൽ നീതിന്യായ മന്ത്രി യാരിവ് ലെവിന്റെ പ്രസ്‌താവനയെ അപലപിച്ച് യുഎഇ. പ്രസ്‌താവന ഗുരുതരവും അന്താരാഷ്ട്ര പ്രമേയങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് വിദേശമന്ത്രാലയം പറഞ്ഞു.
അധിനിവേശ പലസ്‌തീൻ പ്രദേശത്തിന്റെ നിയമപരമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ പ്രകോപനപരമായ പ്രസ്‌താവനകളും നടപടികളും മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കും. ഇത് അസ്ഥിര വർധിപ്പിക്കാനും വഴിവയ്ക്കും. സ്വതന്ത്ര പലസ്‌തീൻ രാഷ്ട്രത്തെ ദുർബലപ്പെടുത്തുന്ന നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യുഎഇ വിദേശമന്ത്രാലയം അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.
കൂടുതൽ ജീവഹാനി ഒഴിവാക്കാനും അധിനിവേശ പലസ്‌തീൻ പ്രദേശത്തും മേഖലയിലും സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് തടയാനും സമാധാനം കൈവരിക്കാനും അടിയന്തര വെടിനിർത്തൽ ശ്രമം ശക്തമാക്കണമെന്നും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
0 comments