ബർലിൻ
ലോകത്തെ നാലാമത്തെയും യൂറോപ്പിലെ ഒന്നാമത്തെയും സാമ്പത്തികശക്തിയായ ജർമനി സാമ്പത്തിക മാന്ദ്യത്തിൽ. മാസങ്ങളായി പണപ്പെരുപ്പം ഉയർന്ന നിലയിലാണ്. തുടർച്ചയായ രണ്ട് പാദത്തിലും സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞതോടെയാണ് മാന്ദ്യം പ്രഖ്യാപിച്ചത്. ഉക്രയ്ന്‍ യുദ്ധത്തെ തുടർന്ന് റഷ്യന്‍എണ്ണ നിലച്ചതും കാരണമായി. യൂറോപ്പിലാകെ നിലവിലുള്ള സാമ്പത്തികപ്രതിസന്ധിയുടെ പ്രതിഫലനമാണ് ജർമനിയിലെ മാന്ദ്യം. ഏപ്രിലിൽ പണപ്പെരുപ്പം 7.2 ശതമാനമായിരുന്നു. ഇത് യൂറോ മേഖലയുടെയാകെ ശരാശരിയേക്കാൾ കൂടുതലാണ്. ബ്രിട്ടനിൽ പണപ്പെരുപ്പം ഇതിലും രൂക്ഷമാണ്, 8.7 ശതമാനം.
അവശ്യസാധനങ്ങളുടെയുൾപ്പെടെ വിലക്കയറ്റം രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിലാണ്. ഗാർഹിക പണവിനിയോഗം ജനുവരി–- മാർച്ച് സാമ്പത്തിക പാദത്തിൽ മുൻ പാദത്തെ അപേക്ഷിച്ച് 1.2 ശതമാനം കുറഞ്ഞിട്ടുണ്ട്. സർക്കാർ ചെലവ് 4.9 ശതമാനം കുറഞ്ഞു. സ്വകാര്യമേഖലയിലെ ഇറക്കുമതി–- കയറ്റുമതിയിൽ ഉയർച്ചയുണ്ടെങ്കിലും മാന്ദ്യത്തിൽനിന്ന് രാജ്യത്തെ കരകയറ്റാൻ പര്യാപ്തമല്ലെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തികപാദത്തിൽ സ്ഥിതിഗതികളിൽ ചെറിയ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജർമൻ സെൻട്രൽ ബാങ്കായ ബുണ്ടുസ്‌ബാങ്ക്. ഈ വർഷം ജർമൻ സമ്പദ്‌വ്യവസ്ഥ 0.1 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയും മുന്നറിയിപ്പ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..