കേളി ഇടപെടല്‍ സഹായമായി ; സൗദിയിൽ വിസാ തട്ടിപ്പിനിരയായ മൂന്ന് യുവാക്കള്‍ നാടണഞ്ഞു

റിയാദ്> പതിനാറു മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായിരുന്ന മൂന്ന് യുവാക്കളെ നാട്ടിലെത്തിക്കാന്‍ കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിലൂടെ സാധിച്ചു
അക്കൌണ്ടന്‍റ്, അലൂമിനിയം ഫാബ്രിക്കേറ്റര്‍, കുക്ക് എന്നീ ജോലികള്‍ക്കായാണ് ആലപ്പുഴ അരൂര്‍ സ്വദേശി രാഹുല്‍, കോഴിക്കോട് പൊറ്റമല്‍ സ്വദേശി ജാക്സണ്‍, മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ഷമീം എന്നിവര്‍ റിയാദിലെത്തിയത്. എന്നാൽ സ്ഥാപനം നിലവിലില്ല എന്നും തുടങ്ങാന്‍ പോകുന്നതേ ഉള്ളൂ എന്നും, കൂടാതെ റിക്രൂട്ട് ചെയ്യപ്പെട്ട തൊഴിലിനുള്ള വിസയിലല്ല പകരം കൃഷിപ്പണിക്കുള്ള വിസയാണ് കിട്ടിയതെന്നുമാണ് റിയാദില്‍ എത്തിയപ്പോള്‍ അറിയുന്നത്.
സ്ഥാപനം തുടങ്ങുന്നതുവരെ മറ്റൊരു സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി ചെയ്യുന്നതിന് വേണ്ടി സ്പോണ്‍സര്‍ അവസരം ഒരുക്കിയെങ്കിലും ജോലിക്ക് കൊണ്ടുപോകാന്‍ സ്പോണ്‍സര്‍ വരാതായതിനാല്‍ രണ്ടാഴ്ച മാത്രമേ അവിടെ ജോലി ചെയ്യാന്‍ സാധിച്ചുള്ളൂ. പിന്നീട്, സ്പോണ്‍സര്‍ വല്ലപ്പോഴും വരുമ്പോള്‍ നല്‍കുന്ന തുച്ഛമായ തുക കൊണ്ട് പതിനാലു മാസം തള്ളി നീക്കി. തുടര്‍ന്നാണ് നാടണയാൻ വഴിതേടി കേളി കലാ സാംസ്കാരിക വേദിയെ സമീപിക്കുന്നത്.
കേളി അസീസിയ ഏരിയ ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ അലി പട്ടാമ്പിയുടെ നേതൃത്വത്തില്‍ എംബസ്സിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിസ പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ഥ സ്പോണ്‍സര്‍ അല്‍ ഖസീമില്‍ ആണെന്ന് മനസ്സിലായത്. അല്‍ ഖസീമിലുള്ള സ്പോണ്‍സറുമായി എംബസ്സി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ തൊഴിലാളികളെ തനിക്കറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് എംബസ്സിയുടെ നിര്‍ദ്ദേശപ്രകാരം കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കിഷോര്‍, ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍, അലി പട്ടാമ്പി എന്നിവര്‍ നിരന്തരം സ്പോണ്‍സറുമായി ബന്ധപ്പെട്ടതിന്റെ ഫലമായി, ടിക്കറ്റോ മറ്റ് ആനുകൂല്യങ്ങളോ തന്റെ ബാധ്യത ആകരുതെന്ന ഉറപ്പിന്‍ മേല്‍ സ്പോണ്‍സര്‍ ഫൈനല്‍ എക്സിറ്റ് വിസ അടിച്ചു നല്‍കാന്‍ തയ്യാറായി.
ഫൈനല്‍ എക്സിറ്റ് അടിച്ചു കിട്ടിയിട്ടും, തൊഴില്‍ നല്‍കാമെന്നേറ്റ റിയാദിലെ സ്പോണ്‍സറുടെ കൈയിലുണ്ടായിരുന്ന പാസ്പോര്‍ട്ടുകള്‍ തിരിച്ചുകിട്ടാന്‍ ഒരു മാസത്തോളം വീണ്ടും താമസം നേരിട്ടു. കേളി പ്രവര്‍ത്തകരുടെ നിരന്തരമുള്ള ബന്ധപ്പെടലിനും നിര്‍ബന്ധത്തിനുമൊടുവില്‍ പാസ്സ്പോര്‍ട്ടും വിമാന ടിക്കറ്റിനുള്ള പണവും റിയാദിലെ സ്പോണ്‍സര്‍ എത്തിച്ചതോടെ ഈ യുവാക്കളുടെ പതിനാറു മാസത്തെ ദുരിതത്തിന് അന്ത്യമായി.
ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന കേളി കലാ സാംസ്കാരിക വേദിയുടെ അസീസിയ ഏരിയ കമ്മിറ്റി സെക്രട്ടറി റഫീഖ് ചാലിയം, ട്രഷറര്‍ ഹസ്സന്‍ പുന്നയൂര്‍, കേന്ദ്ര കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, മറ്റു കേളി ജീവകാരുണ്യ പ്രവര്‍ത്തകര്‍, എംബസ്സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം ഇവര്‍ നാട്ടിലേക്ക് തിരിച്ചു.








0 comments