മോഡിസര്‍ക്കാരിന് തൊഴിലാളിവിരുദ്ധനയം: ട്രേഡ് യൂണിയനുകള്‍

ന്യൂഡല്‍ഹി > നരേന്ദ്ര മോഡി സര്‍ക്കാര്‍ ഒരു വര്‍ഷമായി പിന്തുടരുന്ന തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ 46-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ട്രേഡ് യൂണിയനുകള്‍ വിമര്‍ശമുയര്‍ത്തി. മിനിമംകൂലി വര്‍ധിപ്പിക്കുക, തൊഴില്‍സംരക്ഷണം ഉറപ്പാക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കുക തുടങ്ങി പ്രധാന ആവശ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചില്ല. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത തൊഴിലുടമാ പ്രതിനിധികളാകട്ടെ തൊഴിലാളികളെ തോന്നുംപടി പിരിച്ചുവിടാനും മറ്റും അധികാരം നല്‍കുന്ന തൊഴില്‍നിയമ പരിഷ്കാരങ്ങളെ പ്രശംസിച്ചു. കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ്ത പ്രധാനമന്ത്രി ട്രേഡ് യൂണിയനുകളെയും തൊഴിലാളികളെയും രണ്ടുതട്ടിലാക്കാനും ശ്രമിച്ചു. വ്യവസായതാല്‍പ്പര്യവും വ്യവസായികളുടെ താല്‍പ്പര്യവും തമ്മില്‍ ഒരു നേര്‍ത്ത വേര്‍തിരിവുള്ളതുപോലെതന്നെ ട്രേഡ് യൂണിയന്‍ താല്‍പ്പര്യങ്ങള്‍ക്കും തൊഴിലാളി താല്‍പ്പര്യങ്ങള്‍ക്കുമിടയിലും വേര്‍തിരിവുണ്ടെന്ന് മോഡി പറഞ്ഞു.
ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സര്‍ക്കാരും ചേര്‍ന്നുള്ള ശ്രമമാണ് ആവശ്യം. തൊഴിലാളികള്‍ സംരംഭകരായി മാറുന്നതിന് വ്യവസായികള്‍ സഹായിക്കണം- മോഡി പറഞ്ഞു. ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സര്‍ക്കാരും ചേര്‍ന്നുള്ള ത്രികക്ഷി ചര്‍ച്ചാ സമ്പ്രദായമാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു. എന്നാല്‍,ത്രികക്ഷി ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍പോലും പൂര്‍ണമായി നിരാകരിക്കുകയാണ് സര്‍ക്കാരുകള്‍. മൂന്ന് തൊഴില്‍ കോണ്‍ഫറന്‍സുകളും അഭിപ്രായസമന്വയത്തിലൂടെ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പായില്ല. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രസംഗങ്ങള്‍ തൊഴിലാളികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. മിനിമംകൂലി അടക്കമുള്ള വിഷയങ്ങളില്‍ അധരവ്യായാമംമാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. സാമ്പത്തികവളര്‍ച്ച തൊഴില്‍സൃഷ്ടിക്ക് വഴിയൊരുക്കുമെന്ന ധനമന്ത്രിയുടെ വാദത്തില്‍ കഴമ്പില്ല. 8.3 ശതമാനം വളര്‍ച്ച കൈവരിച്ച ഘട്ടത്തില്‍പ്പോലും തൊഴില്‍വളര്‍ച്ച 0.7 ശതമാനംമാത്രമായിരുന്നു. നിലവിലെ നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ തടുക്കാന്‍ സാധിക്കുന്നതെല്ലാം ട്രേഡ്യൂണിയനുകള്‍ ചെയ്യും- തപന്‍ സെന്‍ പറഞ്ഞു. സെപ്തംബര്‍ രണ്ടിലെ പണിമുടക്കിലൂടെ സര്‍ക്കാരിന് ശക്തമായ മറുപടി നല്‍കുമെന്ന് മറ്റ് ടിയു നേതാക്കള്‍ വ്യക്തമാക്കി.










0 comments