ad
Deshabhimani

ജനസാഗരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 19, 2015, 11:25 PM | 0 min read

 

ബസവപുന്നയ്യ നഗര്‍ (വിശാഖപട്ടണം) > സാഗരതീരത്ത് ജനസാഗരം തീര്‍ത്ത് തുറമുഖനഗരം പുതുചരിത്രമെഴുതി. മാനവമോചനം സ്വപ്നം കാണുന്ന തൊഴിലാളിവര്‍ഗത്തിന്റെ മഹാപ്രവാഹത്തില്‍ വിശാഖപട്ടണം പുളകമണിഞ്ഞു. പോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന മണ്ണില്‍ ആവേശത്തിന്റെയും ജനമുന്നേറ്റത്തിന്റെയും അലകടല്‍തീര്‍ത്താണ്് സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിന് കൊടിയിറങ്ങിയത്. റാലിയില്‍ ഒഴുകിയെത്തിയത് ലക്ഷത്തോളം സമരഭടന്മാര്‍.

വര്‍ഗീയതയ്ക്കും നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ പടയണിക്കാണ് തെലുങ്കുനാട് സാക്ഷ്യംവഹിച്ചത്. സാമൂഹികമാറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ ചുവപ്പിന്റെ രാഷ്ട്രീയത്തിനുമാത്രമേ കഴിയൂ എന്ന പ്രഖ്യാപനംകൂടിയായി റാലി.കത്തുന്ന വെയിലിനെ അവഗണിച്ച് ഞായറാഴ്ച രാവിലെമുതല്‍തന്നെ വിശാഖപട്ടണത്തേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. എല്ലാ വഴികളും ഒരേദിശയില്‍. സ്ത്രീകള്‍ കൊച്ചുകുട്ടികളുമായി കുടുംബസമേതമാണ് റാലിക്കെത്തിയത്. ഏവരുടെയും കൈയില്‍ ചെങ്കൊടി. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പ്രത്യേക വാഹനങ്ങളിലെത്തി. മൂന്നുമണിക്കാണ് പ്രകടനം തുടങ്ങുമെന്ന് അറിയിച്ചിരുന്നതെങ്കിലും അതിന് എത്രയോ മുന്നേ നഗരം ചുവപ്പില്‍ മുങ്ങി.

പരക്കെ നാശംവിതച്ച ഹുദ്ഹുദ് കൊടുങ്കാറ്റിനും സംസ്ഥാന വിഭജനത്തിനുമൊന്നും സമരാവേശം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ജനതയുടെ ആവേശം കെടുത്താനായില്ല. ആര്‍ടിസി കോംപ്ലക്സ് പരിസരത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. 8000 ചുവപ്പുവളന്റിയര്‍മാരുടെ ചടുലമായ ചുവടുവയ്പില്‍ നഗരവീഥികള്‍ പ്രകമ്പനംകൊണ്ടു. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ചുവന്നവസ്ത്രം ധരിച്ചും ചെങ്കൊടിയേന്തിയും റാലിയില്‍ അണിചേര്‍ന്നു. ആദിവാസി, ദളിത് മേഖലയില്‍നിന്ന് വന്‍ പങ്കാളിത്തമാണ് റാലിയിലുണ്ടായത്. വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി എന്നീ അഞ്ചു ജില്ല കേന്ദ്രീകരിച്ചായിരുന്നു റാലി.

എന്നാല്‍,സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് റാലിയില്‍ പങ്കാളികളാകാന്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തിച്ചേര്‍ന്നു. ആന്ധ്രപ്രദേശിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതിയ തനതായ കലാരൂപങ്ങള്‍ റാലിക്ക് പൊലിമയേകി. ആദിവാസി മേഖലയില്‍നിന്നുള്ള വിവിധ കലാരൂപങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. ദപ്പു ഷോ, നാടോടിനൃത്തങ്ങള്‍, കോലാട്ടം, പുലിവേഷം തുടങ്ങിയ കലാരൂപങ്ങള്‍ ഉത്സവച്ഛായ പകര്‍ന്നു.ബസവപുന്നയ്യ നഗറില്‍ (ആര്‍കെ ബീച്ച്) ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പിബി അംഗം ബി വി രാഘവുലു അധ്യക്ഷനായി. പിബി അംഗം പ്രകാശ് കാരാട്ട്, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ മണിക് സര്‍ക്കാര്‍, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home