സാങ്കേതിക തകരാർ : ചാന്ദ്രയാൻ–2 വിക്ഷേപണം അവസാന നിമിഷം മാറ്റി

തിരുവനന്തപുരം > ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. സാങ്കേതിക തകരാർ മൂലം ചാന്ദ്രയാൻ–-2 വിക്ഷേപണം മാറ്റി വച്ചതായി ഐഎസ‌്ആർഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട‌് അറിയിക്കും.
വിക്ഷേപണ വാഹനമായ ജിഎസ‌്എൽവി മാർക്ക‌്–-3ലെ ഇന്ധന ചോർച്ചയാണ‌് അപ്രതീക്ഷിത മാറ്റത്തിന‌് കാരണമായതെന്നാണ‌് സൂചന. ഏറ്റവും സങ്കീർണമായ ഭാഗത്താണ‌് ചോർച്ചയുണ്ടായതെന്നും പ്രാഥമിക വിവരം. ലിക്വിഡ‌് ഹൈഡ്രജൻ നിറച്ചശേഷം അരമണിക്കൂറിനുള്ളിലാണ‌് തകരാർ കണ്ടെത്തിയത‌്. ചോർച്ച കണ്ടെത്തിയതിനെ തുടർന്ന‌് മിഷൻ ഡയറക്ടർ വിക്ഷേപണം മാറ്റിവക്കാൻ നിർദേശിക്കുകയായിരുന്നു. എല്ലാം സുഗമമായി മുന്നോട്ടു പോകുന്നതിനിടെയുണ്ടായ തടസം ശ്രീഹരിക്കോട്ടയിൽ നിരാശ പടർത്തി. ഞായറാഴ‌്ച രാവിലെ 6.51ന‌് ആരംഭിച്ച 20 മണിക്കൂർ കൗണ്ട‌്ഡൗണാണ‌് വിക്ഷേപണത്തിന‌് ഒരു മണിക്കൂർ മുമ്പ‌് നിർത്തിവച്ചത‌്.
തിങ്കളാഴ‌്ച പുലർച്ചെ 2.51നായിരുന്നു വിക്ഷേപണം നിശ‌്ചയിച്ചിരുന്നത‌്. വിക്ഷേപണത്തിന്റെ പതിനാറാം മിനിട്ടിൽ പേടകത്തെ ജിഎസ‌്എൽവി മാർക്ക‌്–-3 ഭൂമിക്ക‌് മുകളിലുള്ള താൽക്കാലിക ഭ്രമണപഥത്തിൽ എത്തിക്കേണ്ടതായിരുന്നു. സെപ‌്തംബർ 6ന‌് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കാനായിരുന്നു പദ്ധതി. ഇന്ധന ചോർച്ചയാണെങ്കിൽ പരിഹരിക്കാൻ കാലതാമസം എടുക്കുമെന്നാണ‌് സൂചന. ഇത‌് സംബന്ധിച്ച‌് ഐഎസ‌്ആർഒ വിശദമായ പരിശോധന ആരംഭിച്ചു.








0 comments