തൃശൂർ > യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന പണപ്പിരിവിന് ഉപയോഗിക്കുന്നത് നേതാവിന്റെ സ്വകാര്യ അക്കൗണ്ട്. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളന നടത്തിപ്പിന് പണം ഒഴുകിയെത്തുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്ബിന്റെ അക്കൗണ്ടിലേക്ക്.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഈ അക്കൗണ്ടിലേക്ക് പണം എത്തുന്നുണ്ട്. യൂത്ത് കോൺഗ്രസ് സമ്മേളനത്തിന് പണം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന പോസ്റ്ററുകളിൽ നൽകിയിരിക്കുന്ന ഗൂഗിൾ പേ നമ്പറും ജോബിൻ ജേക്കബ്ബിന്റേതാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പേരിൽ തിരുവനന്തപുരം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ അക്കൗണ്ട് ഉള്ളപ്പോഴാണ് സ്വകാര്യ അക്കൗണ്ടിലൂടെയുള്ള പണപ്പിരിവ്. വ്യക്തികളിൽനിന്ന് 100 രൂപ ആവശ്യപ്പെട്ടാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രചാരണം. ആവശ്യപ്പെടുന്നത് 100 രൂപയാണെങ്കിലും അതിലധികം തുക അക്കൗണ്ടിൽ നിക്ഷേപിക്കുന്നുണ്ട്. വിദേശത്തുനിന്നും പണം എത്തുന്നുണ്ട്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് സ്വകാര്യ അക്കൗണ്ടിലേക്ക് സംഭാവനയായി വരുന്നത്. ഇതിനെതിരെ സംസ്ഥാന ഭാരവാഹികളിൽ ഒരുവിഭാഗം നേതാക്കൾ കെപിസിസി നേതൃത്വത്തെ സമീപിച്ചു.
അതേസമയം, ഗൂഗിൾ പേ വഴി സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാൻ സാങ്കേതിക തടസ്സമുണ്ടെന്നും അതുകൊണ്ടാണ് നേതാവിന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം എത്തിക്കുന്നതെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. ബുധനാഴ്‌ചയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം തൃശൂരിൽ തുടങ്ങുന്നത്. വെള്ളിയാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..